ഈ രണ്ടര വയസുകാരിയുടെ കുടുംബത്തിന് പ്രിയങ്ക ഗാന്ധി ദൈവദൂതനെപ്പോലെ! സഹായം ആവശ്യപ്പെട്ടപ്പോള്‍ തന്നെ സ്വകാര്യ വിമാനം പോലും ഏര്‍പ്പെടുത്തി കരുതല്‍; കയ്യടിച്ച് സോഷ്യല്‍മീഡിയ

തെരഞ്ഞെടുപ്പ് കാലത്ത് വോട്ടിനുവേണ്ടിയുള്ള അഭ്യാസം എന്നൊക്കെ എതിരാളികള്‍ വാദിച്ചാലും ചെയ്യേണ്ടത് ചെയ്തിരിക്കും എന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് എപ്പോഴുമുള്ളത്. പലര്‍ക്കും ഇതിന്റെ ആവശ്യമുണ്ടോയെന്ന് തോന്നിയാലും സഹായം ലഭിക്കുന്ന വ്യക്തിയുടെ കുടുംബത്തിന് അത് വലിയ അനുഗ്രഹമായിട്ടായിരിക്കും അനുഭവപ്പെടുക.

പറഞ്ഞുവരുന്നത് ഒരു കൊച്ചുകുഞ്ഞിന്റെയും കുടുംബത്തിന്റെയും ജീവിതത്തില്‍ പ്രിയങ്ക എന്ന നേതാവിന്റെ ഇടപെടലാണ്. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലെ കമല നെഹ്‌റു ആശുപത്രിയില്‍ അടുത്തിടെ ഒരു രണ്ടര വയസുകാരിയെ പ്രവേശിപ്പിച്ചിരുന്നു. അര്‍ബുദരോഗബാധിതയായിരുന്നു ആ കുഞ്ഞ്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും അതീവ ഗുരുതരാവസ്ഥയില്‍ തന്നെയായിരുന്നു കുഞ്ഞ്.

രക്ഷപെടാനുള്ള സാധ്യത വളരെ വിരളമാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ഇതിനിടെയാണ് പ്രയാഗ്‌രാജില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയായിരുന്ന കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ലയെ ഈ കുഞ്ഞിന്റെ രോഗ വിവരം പ്രവര്‍ത്തകരിലൊരാള്‍ ധരിപ്പിച്ചത്.

ഇതോടെ ഡല്‍ഹിയില്‍ വിദഗ്ധ ചികിത്സ നല്‍കാനുള്ള സഹായം അഭ്യര്‍ഥിച്ച് രാജീവ് ശുക്ല പ്രിയങ്ക ഗാന്ധിയെ സമീപിച്ചു. ആവശ്യത്തോട് വളരെ വേഗമാണ് പ്രിയങ്ക പ്രതികരിച്ചത്. ഡല്‍ഹി എയിംസിലേക്ക് കുഞ്ഞിനെ മാറ്റാനാണ് പ്രിയങ്ക നിര്‍ദേശിച്ചത്. ഇതിനായി സ്വകാര്യ വിമാനവും പ്രിയങ്ക തരപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രചാരണ യാത്രകള്‍ക്കായി ഉപയോഗിച്ചിരുന്ന വിമാനത്തില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് കുഞ്ഞിനെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയത്. കോണ്‍ഗ്രസ് നേതാക്കളായ ഹര്‍ദിക് പട്ടേലും മുഹമ്മദ് അസ്ഹറുദ്ദീനും ഒപ്പമുണ്ടായിരുന്നു.

Related posts