കേന്ദ്രഭരണത്തില്‍ നിന്നും 80 ലോക്‌സഭാ സീറ്റുകളുള്ള യുപിയില്‍ നിന്നുമെല്ലാം ബിജെപിയെ പറപ്പിക്കാന്‍ ലക്ഷ്യമിട്ട്, പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഇപ്പോള്‍ പ്രിയങ്ക വദ്രയ്ക്കു കൂടി കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിരിക്കുകയാണ്. കിഴക്കന്‍ യുപിയുടെ ചുമതലയുള്ള കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായാണ് പ്രിയങ്ക ഗാന്ധി വദ്ര ചുമതലയേറ്റിരിക്കുന്നത്.
ഗാന്ധി കുടുംബത്തിലെ മറ്റൊരംഗത്തിന്റെ കൂടെ സജീവ രാഷ്ട്രീയ പ്രവേശനം വലിയ അത്ഭുതമായി ആര്‍ക്കും തോന്നുന്നില്ലെങ്കിലും നിലവിലെ രാജ്യത്തെ രാഷ്ട്രീയ അവസ്ഥ പ്രിയങ്കയുടെ ഈ വരവിനെ അത്യധികം ആകാംക്ഷയോടെയാണ് നോക്കുന്നത്.
അതിന് തെളിവാകുന്നതാണ് ഒറ്റ ദിവസത്തിനുള്ളില്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞ ആ പേര്. മറ്റൊന്നുമല്ല, പ്രിയങ്ക വദ്ര എന്നതുതന്നെ. പ്രിയങ്കയുടെ പുതിയ ചുമതല സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുണ്ടാവുകയും മാധ്യമങ്ങളിലൂടെ അത് വാര്‍ത്തയാവുകയും ചെയ്തതു മുതല്‍ ഇപ്പോഴും പ്രിയങ്കയുടെ പേര് ഗൂഗിളില്‍ ട്രെന്‍ഡായി തുടരുകയാണ്.
പ്രിയങ്കയുടെ പ്രായം മുതല്‍ ഇപ്പോഴത്തെ ചുമതല വരെ എല്ലാക്കാര്യങ്ങളും ആളുകള്‍ ഇന്റര്‍നെറ്റില്‍ തിരയുന്നുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഇന്ദിര, നേതാ ഇന്ദിര, ഉരുക്കു വനിതയുടെ പകര്‍പ്പ് തുടങ്ങി പല പേരുകളിലാണ് മാധ്യമങ്ങള്‍ അവരെ വിശേഷിപ്പിക്കുന്നതും.
രാജീവ് ഗാന്ധി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട അവരുടെ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസം തുടങ്ങി കുടുംബജീവിതം ഉള്‍പ്പെടെയുള്ള സകല വിഷയങ്ങളും ആളുകള്‍ ഗൂഗിളില്‍ തിരയുന്നുണ്ട്.