സ്ത്രീകളുടെ സമ്പൂര്‍ണ സമുദ്ധാരണമാണ് ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രചാരണ വിഷയങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്. അതിന് ഏറ്റവും വലിയ തെളിവാണ് ഏതെങ്കിലും പ്രസംഗം തുടങ്ങുമ്പോള്‍ സഹോദരന്മാരെ എന്നതിന് പകരം സഹോദരിമാരെ എന്നുള്ള പ്രിയങ്കയുടെ അഭിസംബോധന.
ഇപ്പോഴിതാ വനിതകളോടുള്ള പ്രിയങ്കയുടെ പ്രത്യേക ഇഷ്ടത്തിന് മറ്റൊരു തെളിവുകൂടി ശ്രദ്ധയാകര്‍ഷിക്കുന്നു. തിങ്കളാഴ്ച ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ സിക്രിയില്‍ പ്രചാരണത്തിന് വന്നപ്പോഴും പ്രിയങ്ക ഗാന്ധിക്ക് പാര്‍ട്ടിയില്‍ നിന്നല്ലാത്ത ഒരു പെണ്‍കൂട്ടുണ്ടായിരുന്നു.
പ്രിയങ്കയുടെ ഹെലികോപ്റ്റര്‍ പറത്തിയത് ഒരു വനിതയാണ്. അത് അഭിമാന നിമിഷമായിരുന്നുവെന്ന് യാത്രക്കു ശേഷം പ്രിയങ്ക ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു. ‘എനിക്ക് ഈ ദിവസം വളരെയേറെ അഭിമാനം തോന്നുന്നു. ഒരു വനിതാ പൈലറ്റാണ് എന്റെയൊപ്പം. അതും ചോപ്പറില്‍,’ പ്രിയങ്ക ട്വീറ്റ് ചെയ്തു. വനിതാപൈലറ്റിനൊപ്പമുള്ള ചിത്രവും പ്രിയങ്ക ട്വിറ്ററില്‍ പങ്കുവെച്ചു. സ്ത്രീകളെ പൊതുവേദിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന സമീപനമാണ് ബിജെപി സ്വീകരിക്കുന്നതെന്ന വിമര്‍ശനവും പ്രിയങ്ക പലപ്പോഴും ഉന്നയിക്കാറുണ്ട്.