ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് വൻ സുരക്ഷാ വീഴ്ച. ഡൽഹി ലോധി എസ്റ്റേറ്റിലുളള പ്രിയങ്ക ഗാന്ധിയുടെ വീട്ടിലേക്ക് ഒരു സംഘം സെൽഫിയെടുക്കാൻ കാര്‍ ഓടിച്ച് കയറ്റിയതായാണ് റിപ്പോര്‍ട്ട്. അതീവ സുരക്ഷ മേഖയിലാണ് അന്പരപ്പിക്കുന്ന തരത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടുള്ളത്. എസ്പിജി സംരക്ഷണം പിൻവലിച്ചതിന് തൊട്ടു പിന്നാലെ തന്നെയുണ്ടായ സുരക്ഷാ വീഴ്ച ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.
ഏഴു പേര് അടങ്ങുന്ന സംഘമാണ് പ്രിയങ്ക ഗാന്ധിയുടെ വീട്ടു മുറ്റത്തേക്ക് കാറോടിച്ച് കയറ്റിയത്. കാറിൽ നിന്നിറങ്ങി പൂന്തോട്ടത്തിലേക്ക് ചെന്ന് പ്രിയങ്കയോടൊപ്പം ഒരു ഫോട്ടോ എടുക്കണമെന്നും സംഘം ആവശ്യപ്പെട്ടു. എന്നാല്‍ തന്നെ കാണാന്‍ ആരും അപ്പോയിന്റ്മെന്റ് എടുത്തിട്ടില്ല എന്നുറപ്പുളള പ്രിയങ്ക ഗാന്ധി ഇവരെ വീട്ടില്‍ കണ്ട് അത്ഭുതപ്പെട്ടു.
പ്രിയങ്കയോടൊപ്പം നിന്നു ഫോട്ടോ എടുക്കാൻ വേണ്ടി മാത്രം യുപിയിൽനിന്ന് ഡൽഹി വരെ കാറിലെത്തിയെന്നാണ് ഇവർ പറഞ്ഞത്. അതേസമയം, ഇവര്‍ പ്രിയങ്കയെ കാണാന്‍ എത്തുന്നത് സുരക്ഷാ ഡ്യൂട്ടിയില്‍ ഉളള സിആര്‍പിഎഫ് ഉദ്യോഗസ്ഥരാരും തന്നെ അറിഞ്ഞിരുന്നില്ല. എങ്ങനെയാണ് കാറില്‍ താന്‍ അറിയാതെ സന്ദര്‍ശകര്‍ അകത്തേക്ക് എത്തിയതെന്ന് പ്രിയങ്ക അന്വേഷിക്കുമ്പോഴാണ് സുരക്ഷാ വീഴ്ചയുണ്ടായതായി സിആർപിഎഫ് അറിയുന്നത്.