ചണ്ഡീഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മഹാഭാരതത്തിൽ ദുര്യോധനൻ ധാർഷ്ട്യവും അഹങ്കാരവും കൊണ്ട് തകർന്നതുപോലെ മോദിയും തകർന്നടിയുമെന്നും പ്രിയങ്ക പറഞ്ഞു. ഹരിയാനയിലെ അംബാലയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
രാജ്യത്തിനു വേണ്ടി ജീവൻ വെടിഞ്ഞ തന്റെ പിതാവിനെ മോദി അപമാനിച്ചെന്നും പ്രിയങ്ക പറഞ്ഞു. മറ്റ് വിഷയങ്ങൾ ഇല്ലാതെ വരുന്ന സമയത്ത് തന്റെ കുടുംബത്തെ അപമാനിക്കുക എന്നത് മോദിയുടെയും ബിജെപിയുടെ സ്ഥിരം രീതിയാണ്. എന്നാൽ ഇത് ജനങ്ങൾ പൊറുക്കില്ല- പ്രിയങ്ക വ്യക്തമാക്കി. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവേയാണ് മോദി രാജീവ് ഗാന്ധിയെ വിമർശിച്ചത്.
രാജീവ് അഴിമതിക്കാരനാണെന്നും ബൊഫോഴ്സ് കേസിൽ ആരോപണ വിധേയനായ രീജീവിന്റെ പേരിൽ വോട്ടു തേടാൻ കോൺഗ്രസിന് ധൈര്യമുണ്ടോ എന്നുമായിരുന്നു മോദിയുടെ പരാമർശം.