ഉത്തർപ്രദേശിൽ ഒരു ചലനവും സൃഷ്ടിക്കാൻ എഐസിസി സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് കഴിഞ്ഞില്ല.
യുവാക്കളെയും വനിതാ വോട്ടർമാരെയും കൂട്ടുപിടിച്ച് പുതിയൊരു മാറ്റത്തിനായി പ്രിയങ്ക നടത്തിയ ശ്രമങ്ങൾ വെള്ളത്തിൽ വരച്ച വര പോലെയായി.
ഇതോടെ പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ ഭാവി ചോദ്യ ചിഹ്നമാകുകയാണ്.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് കോണ്‍ഗ്രസിന്റെ എഐസിസി സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത് പ്രിയങ്ക ഗാന്ധി യുപിയിൽ എത്തുന്നത്.
എന്നാൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുപിയിൽ കാര്യമായ ചലനങ്ങളുണ്ടാക്കാൻ പ്രിയങ്കയുടെ സാന്നിധ്യത്തിനു കഴിഞ്ഞില്ല.
ഇപ്പോഴിതാ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രിയങ്കയുടെ സാന്നിധ്യം വോട്ടാക്കി മാറ്റാൻ കഴിയാതെ പോയിരിക്കുന്നു കോണ്‍ഗ്രസിന്.
ഉത്തർപ്രദേശ് രാഷ്ട്രീയത്തിലെ ഹഥ്റസ്, ലഖിംപുർ പോലുള്ള വലിയ വിവാദ സംഭവങ്ങൾ ഹൈജാക്ക് ചെയ്ത് വലിയ മുന്നേറ്റം നടത്താൻ പ്രിയങ്കയ്ക്ക് കഴിഞ്ഞെങ്കിലും ഇതൊന്നും വോട്ടാക്കി മാറ്റാൻ എന്തുകൊണ്ട് കഴിയുന്നില്ല എന്ന ചോദ്യം കോണ്‍ഗ്രസിൽ ഉയരുന്നു.
പാർട്ടിയുടെ അടിത്തറ താഴേത്തട്ടിൽ അത്രയ്ക്കു മോശമാണ് എന്നുവേണം തെരഞ്ഞെടുപ്പ് പരാജയങ്ങളിൽനിന്ന് മനസിലാക്കാൻ.
ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും മോശപ്പെട്ട അവസ്ഥയിൽ ഉത്തർപ്രദേശിൽ കോൺഗ്രസ് എത്തി യിരിക്കുന്നത്.