അഹമ്മദാബാദ്: അധികാരത്തിൽ വന്നാൽ സ്ത്രീകളുടെ കെട്ടുതാലി വരെ പൊട്ടിച്ചെടുക്കുമെന്നും മക്കളുടെ സ്വത്തുക്കൾ ഏറ്റെടുത്ത് മുസ്ലിംകൾക്കു വിതരണം ചെയ്യുമെന്നുമൊക്കെയുള്ള കോൺഗ്രസിനെതിരായ ആരോപണങ്ങളിൽ മോദിക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി.
തന്റെ പിതാവും മുത്തശിയുമടക്കം നിരവധി പ്രധാനമന്ത്രിമാരെ താൻ കണ്ടിട്ടുണ്ടെന്നും എന്നാൽ, ജനങ്ങളോട് ഇതുപോലെ നുണ പറയുന്ന രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയായിരിക്കും മോദിയെന്നും ഗുജറാത്തിലെ വൽസാദിൽ കോൺഗ്രസ് റാലിയിൽ പ്രസംഗിക്കവെ പ്രിയങ്ക ചൂണ്ടിക്കാട്ടി.
“എന്റെ കുടുംബത്തിൽനിന്നുള്ളവരെ മാത്രമല്ല, നിരവധി പ്രധാനമന്ത്രിമാരെ ഞാൻ കണ്ടിട്ടുണ്ട്. ഇന്ദിരാഗാന്ധി അവരിൽ ഒരാളായിരുന്നു. രാജ്യത്തിനുവേണ്ടി അവർ ജീവൻ ത്യജിച്ചു. എന്റെ പിതാവ് രാജീവ്ഗാന്ധിയും പ്രധാനമന്ത്രിയായിരുന്നു. കഷണങ്ങളായാണ് ഞാൻ അദ്ദേഹത്തെ ഏറ്റുവാങ്ങി വീട്ടിലേക്ക് കൊണ്ടുവന്നത്.
അദ്ദേഹവും രാജ്യത്തിനുവേണ്ടിയാണ് ജീവൻ നൽകിയത്. മൻമോഹൻസിംഗ് രാജ്യത്ത് സാന്പത്തികവിപ്ലവം കൊണ്ടുവന്നു. കോൺഗ്രസ് പാർട്ടിയിൽനിന്ന് അല്ലാതെ നോക്കിയാൽ അടൽ ബിഹാരി വാജ്പേയിയും പ്രധാനമന്ത്രിയായിരുന്നു. കുറഞ്ഞപക്ഷം അദ്ദേഹം സംസ്കാരമുള്ള നേതാവായിരുന്നു”. പ്രിയങ്ക പറഞ്ഞു.