സ്വന്തം ലേഖകൻ
തൃശൂർ: നാളെ തൃശൂരിൽ റോഡ് ഷോ നടത്തുന്ന എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ സുരക്ഷയ്ക്കായി ശക്തമായ ക്രമീകരണങ്ങൾ.
കേരള പോലീസിന്റേയും സിഐഎസ്ഫിന്റേയും നേതൃത്വത്തിലാണു സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നത്.
തൃശൂർ തേക്കിൻകാട് മൈതാനിയിൽ വൈകുന്നേരം നാലരയോടെയാണു പ്രിയങ്ക പ്രസംഗിക്കുക.
അതിനും ഒരു മണിക്കൂർമുന്‍പേ സമ്മേളന നഗരിയുടെ മുൻനിരയിലേക്കുള്ള പ്രവേശനം നിർത്തിവയ്ക്കണമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരിക്കുന്നത്.
റോഡ് ഷോയിലും സമ്മേളന നഗരിയിലും പ്രിയങ്ക ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിവരാൻ സാധ്യതയുള്ളതിനാൽ സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രതയിലാണ്.
പ്രചാരണ പര്യടനത്തിനിടെ പ്രിയങ്കയ്ക്ക് അൽപംപോലും വിശ്രമമില്ല. നാളെ രാവിലെ ഒന്‍പതരയോടെ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്കു പ്രത്യേക വിമാനത്തിലാണ് പ്രിയങ്ക വരുന്നത്.
അവിടെനിന്ന് ഹെലികോപ്റ്റർ മാർഗം 10.20 ന് ചാലക്കുടിയിൽ എത്തും. പത്തരയ്ക്കാണു ചാലക്കുടിയിലെ സമ്മേളനം.
അവിടെനിന്ന് കൊടകര ആളൂർ വഴി ഇരിങ്ങാലക്കുടയിൽ എത്തും. 11.50 ന് ഇരിങ്ങാലക്കുടയിലെ സമ്മേളനത്തിൽ പ്രസംഗിക്കും. അവിടെനിന്ന് കയ്പമംഗലം, തൃപ്രയാർ വഴി രണ്ടുമണിയോടെ ചാവക്കാട് എത്തും.
അവിടെ പൊതുസമ്മേളനത്തിനുശേഷം കുന്നംകുളം- വടക്കാഞ്ചേരി റോഡിലൂടെ വിയ്യൂർ വഴി തൃശൂർ നഗരത്തിലെത്തും. വൈകുന്നേരം നാലര മുതൽ ഒരു മണിക്കൂറോളം പ്രിയങ്ക തൃശൂരിലെ സമ്മേളന നഗരിയിലുണ്ടാകും.
5.50 ന് ഹെലികോപ്റ്റർ മാർഗം നെടുന്പാശേരി വിമാനത്താവളത്തിലേക്കു പോകും. ആറരയോടെ പ്രത്യേക വിമാനത്തിൽ ഡൽഹിക്കു തിരിക്കും.