ന്യൂഡൽഹി: ട്വിറ്ററിൽ വരവറിയിച്ച് ഒരു മാസത്തിനുശേഷം ആദ്യ ട്വീറ്റുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തിൽനിന്ന് ചൊവ്വാഴ്ച വൈകിട്ടാണ് പ്രിയങ്ക ആദ്യമായി ട്വീറ്റ് ചെയ്തത്.
സബർമതിയുടെ ലാളിത്യമാർന്ന അന്തസിൽ, സത്യം നിലകൊള്ളുന്നു- പ്രിയങ്ക ട്വീറ്റ് ചെയ്തു. തൊട്ടുപിന്നാലെ അടുത്ത ട്വീറ്റുമെത്തി.”ഞാൻ ഹിംസയ്ക്കെതിരാണ്. അത് ചില നൻമകളുണ്ടാക്കുന്നെന്ന പ്രതീതി സൃഷ്ടിക്കുമെങ്കിലും അവയെല്ലാം താത്കാലികവും അതിന്റെ ദുഷിച്ച വശങ്ങൾ ശാശ്വതവുമാണ്’- മഹാത്മ ഗാന്ധിയുടെ വാക്കുകൾ കടമെടുത്ത് പ്രിയങ്ക എഴുതി.
“I object to violence because when it appears to do good, the good is only temporary; the evil it does is permanent.”
Mahatma Gandhi pic.twitter.com/bxh4cT3Y5O
— Priyanka Gandhi Vadra (@priyankagandhi) March 12, 2019
കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗ്, എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർക്കൊപ്പമാണ് പ്രിയങ്ക സബർമതി ആശ്രമം സന്ദർശിച്ചത്. ഇതിനുശേഷമാണ് അദാലജിൽ പ്രിയങ്ക തന്റെ ആദ്യ തെരഞ്ഞെടുപ്പ് പ്രസംഗം നടത്തിയത്.
ഒൗദ്യോഗിക ചുമതലകൾ ഏറ്റെടുത്ത് ആദ്യമായി ഉത്തർപ്രദേശിൽ എത്തുന്നതിന് തലേദിവസമാണ് പ്രിയങ്ക ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങിയത്. അക്കൗണ്ട് തുറന്ന് ദിവസത്തിനുള്ളിൽ ലക്ഷങ്ങൾ പ്രിയങ്കയെ പിന്തുടർന്നെങ്കിലും ട്വീറ്റുകളൊന്നും ചെയ്തിരുന്നില്ല. ഒരു ട്വീറ്റ് പോലും ചെയ്യുന്നതിനുമുന്പ് പ്രിയങ്കയുടെ അക്കൗണ്ട് ട്വിറ്റർ വെരിഫൈ ചെയ്ത് ബ്ളു ടിക്ക് നൽകി.
2.37 ലക്ഷം പേർ പ്രിയങ്കയെ ട്വിറ്ററിൽ പിന്തുടരുന്നുണ്ടെങ്കിലും, നിലവിൽ ഏഴു പേരെ മാത്രമാണ് പ്രിയങ്ക പിന്തുടരുന്നത്. കോണ്‍ഗ്രസിന്റെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ട്, രാഹുൽ ഗാന്ധി, സച്ചിൻ പൈലറ്റ്, അഹമ്മദ് പട്ടേൽ, ജ്യോതിരാദിത്യ സിന്ധ്യ, രണ്‍ദീപ് സിംഗ് സുജേവാല, അശോക് ഗെഹ്ലോട്ട് എന്നിവരാണ് ആ ഏഴുപേർ.