ലക്നോ: ഉത്തർപ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസിന്റെ ജനറൽ സെക്രട്ടറി എന്ന നിലയിൽ പ്രിയങ്കഗാന്ധി വളരെ പതുക്കെയും എന്നാൽ ശ്രദ്ധാപൂർവവുമായ മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. പെട്ടെന്നൊരു നേട്ടം കൈവരിക്കുക സാധ്യമല്ലാത്തതുകൊണ്ടു തന്നെ അടിത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലാണ് പ്രിയങ്ക ഇപ്പോൾ. ഇതിന്റെ ഭാഗമായി പൂർണമായി ഉത്തർപ്രദേശ് കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ ലക്നോവിൽ വാടകവീട് എടുത്തിരിക്കുകയാണ് പ്രിയങ്ക.
ഡൽഹിയിൽ കുടുംബത്തോടൊപ്പം താമസിക്കുന്നപ്രിയങ്ക പാർട്ടി പ്രവർത്തനത്തിനായ് ലക്നോവിൽ തന്പടിക്കുന്പോൾ അത് പൊരുതാനുറച്ചു തന്നെയാണ്. അടുത്തകാലത്തായി ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ ഏറെ സജീവമായി തന്നെയാണ് ഗാന്ധി കുടുംബത്തിലെ ഈ ഇളമുറക്കാരി ഇടപെടുന്നത്. എല്ലാ വിഷയങ്ങളിലും സജീമായി ഇടപെടുന്നു.
സാധാരണക്കാരുമായി സംവദിക്കാനാണ് പ്രിയങ്ക കൂടുതൽ സമയവും ചെലവഴിക്കുന്നത്. യോഗി ആദിത്യനാഥ് സർക്കാരിൽ നിന്നും ഏതെങ്കിലും തരത്തിൽ പീഡനങ്ങൾ ഏറ്റുവാങ്ങുന്നവരെ വീട്ടിൽ പോയി സന്ദർശിക്കുക, സർക്കാരിന്റെ നയങ്ങളെ ഇഴകീറി വിമർശിക്കുക തുടങ്ങി എല്ലാ രീതിയിലും പാർട്ടിയെ ചലനാത്മകമാക്കാനുള്ള പരിപാടിയിലാണ് പ്രിയങ്ക ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പ്രിയങ്കയ്ക്ക് ഉത്തർപ്രദേശ് കോണ്‍ഗ്രസിൽ ചലനങ്ങളൊന്നുമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്ന വിമർശനം ഉയരുന്പോഴും അത്രത്തോളം പാർട്ടി തകർച്ചയെ നേരിട്ട ഒരു സംസ്ഥാനത്തെ കരപിടിച്ചുയർത്തുക എളുപ്പമല്ലെന്ന് കോണ്‍ഗ്രസ് നേതാക്കൾ തന്നെ സമ്മതിക്കുന്നു. അതിനുള്ള കഠിന പരിശ്രമമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. അതു കുറച്ചൊക്കെ ഫലം കണ്ടു തുടങ്ങി എന്നതിനു തെളിവാണ് കഴിഞ്ഞ ഒക്ടോബറിൽ 11 മണ്ഡലങ്ങളിലേയ്ക്കു നടന്ന ഉപതെരഞ്ഞെടുപ്പ്.
കോണ്‍ഗ്രസിന് സീറ്റൊന്നും നേടാനായില്ലെങ്കിലും 11. 49 ശതമാനം വോട്ട് വിഹിതം നേടി ശ്രദ്ധേയമായി മുന്നേറ്റം കാഴ്ചവയ്ക്കാൻ സാധിച്ചു. ചില മണ്ഡലങ്ങളിൽ 28 ശതമാനം വരെ വോട്ട് നേടാൻ പാർട്ടിക്ക് കഴിഞ്ഞു.
അതേസമയം പ്രിയങ്ക ഗാന്ധി നടത്തുന്ന പ്രവർത്തനങ്ങളെ എല്ലാ രീതിയിലും എതിർക്കുന്നത് ബിജെപി മാത്രമല്ല. മായാവതിയുടെ ബിഎസ്പിയും അഖിലേഷ് യാദവിന്റെ എസ്പിയുമെല്ലാം പ്രിയങ്കയെ യുപിയിൽ പച്ചതൊടീക്കാതിരിക്കാനുള്ള ശ്രമത്തിലാണ്. പ്രിയങ്കയുടെ രാഷ്ട്രീയ വളർച്ച ഇവർകക്കെല്ലാം ഭീഷണിയായതുകൊണ്ടു തന്നെ എല്ലാ അർഥത്തിലും ഇവർ പ്രതിരോധം തീർക്കുന്നു. ഇതിനെ അതിജീവിച്ച് ശ്രദ്ധാപൂർവം മുന്നേറാനുള്ള ശ്രമത്തിലാണ് പാർട്ടിയുടെ ജനറൽസെക്രട്ടറിയിപ്പോൾ.
പ്രതികൂല സാഹചര്യത്തിലും ഒന്‍പതു ശതമാനം വോട്ടുവിഹിതം പാർക്ക് ഇപ്പോൾ യുപിയിലുണ്ട്. അത് വർധിപ്പിച്ച ബിജെപിക്കും എസ്പിക്കും ബിഎസ്പിക്കും വെല്ലുവിളിയുയർത്തുകയെന്ന ദീർഘകാല ലക്ഷ്യമാണ് പ്രിയങ്കയുടെ മുന്നിലുള്ളത്.
പൗരത്വഭേദഗതി ബില്ലിലൂടെ യുപിയിലെ മുസ്ലിംകൾക്കിടയുണ്ടാക്കിയിരിക്കുന്ന വികാരം തങ്ങൾക്കനുകൂലമാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. അതിനായുള്ള തീവ്രശ്രമത്തിലുമാണ് പാർട്ടി. മുസ്ലീം വോട്ടുകളിൽ ഭൂരിപക്ഷവും സമാജ്വാദി പാർട്ടിക്ക് ആയിരിക്കെ അതു കൊണ്ഗ്രസിലേക്ക് തിരികെ കൊണ്ടുവരേണ്ട ചുമതലയും പ്രിയങ്കയ്ക്കു തന്നെ.
പെട്ടെന്നൊരു മാജിക് പ്രിയങ്കയിലൂടെ കോണ്‍ഗ്രസിനു സാധിക്കില്ലെങ്കിലും രണ്ടു വർഷം കഴിഞ്ഞു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ് പ്രിയങ്കയുടെ ലക്ഷ്യം. ഭരണത്തിലെത്താൻ സാധിക്കില്ലെങ്കിലും മഹാരാഷ്ട്രയിലെ പോലെ ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്ന നിർണായക ശക്തിയായി മാറിയാൽ തന്നെ കോണ്‍ഗ്രസിനെ സംബന്ധിച്ച് അതൊരു വലിയ നേട്ടമായിരിക്കും.