ലക്നോ: ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടുത്താനൊരുങ്ങി കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച പ്രിയങ്ക ഗംഗയിലൂടെ ബോട്ട് യാത്ര നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലാണ് യാത്ര അവസാനിക്കുന്നത്.
പ്രയാഗ്രാജ്-മിർസാപുർ ജില്ലകളിലൂടെയാണ് പ്രിയങ്കയുടെ ബോട്ട് യാത്ര. 140 കിലോമീറ്റർ യാത്രയ്ക്കിടെ പ്രിയങ്ക ഗംഗയുടെ തീരങ്ങളിൽ താമസിക്കുന്നവരുമായി കൂടിക്കാഴ്ച നടത്തുകയും ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് പിന്തുണ ആവശ്യപ്പെടുകയും ചെയ്യും. ശനിയാഴ്ച രാത്രി വൈകി ബോട്ട് യാത്രയ്ക്ക് അനുമതി ലഭിച്ചതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. എന്നിരുന്നാലും വെള്ളിയാഴ്ച തന്നെ പാർട്ടി പ്രിയങ്കയുടെ ഷെഡ്യൂൾ പുറത്തുവിട്ടിരുന്നു.
പ്രചാരണം ശക്തമാക്കുന്നതിനു മുന്നോടിയായി പ്രിയങ്ക ഞായറാഴ്ച ലക്നോവിലെത്തും. വൈകിട്ടോടെ പ്രയാഗ്രാജിലേക്കു പോകും. എഐസിസി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള പ്രിയങ്കയുടെ രണ്ടാം സംസ്ഥാന സന്ദർശനമാണിത്. നാലു ദിവസം പ്രിയങ്ക സംസ്ഥാനത്തുണ്ടാകുമെന്നാണു സൂചന.
ഗംഗയുടെ തീരത്ത് താമസിക്കുന്ന ദളിത്, പിന്നാക്ക വിഭാഗങ്ങളെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ബോട്ട് യാത്രയ്ക്കിടെ പ്രിയങ്ക ചില ക്ഷേത്രങ്ങളും ദർഗകളും സന്ദർശിക്കുമെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു. ഗംഗ ശുദ്ധീകരിക്കുമെന്ന ബിജെപി സർക്കാരിന്റെ അവകാശവാദം പൊളിച്ചുകാട്ടലാണ് പ്രിയങ്ക ബോട്ട് യാത്രയിലൂടെ ലക്ഷ്യമിടുന്നത്.
എന്നിരുന്നാലും ഏറ്റവും കൂടുതൽ അംഗങ്ങളെ പാർലമെന്റിലേക്ക് അയയ്ക്കുന്ന യുപിയെ കോണ്‍ഗ്രസ് കൈകാര്യം ചെയ്യുന്നതു സംബന്ധിച്ചു നിരീക്ഷകർ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. കിഴക്കൻ യുപിയുടെ ചുമതല നൽകിയശേഷം ഇത് രണ്ടാം തവണ മാത്രമാണ് പ്രിയങ്ക സംസ്ഥാനത്ത് സന്ദർശനം നടത്തുന്നത്. ഇതാണ് വിമർശനങ്ങൾക്കു കാരണം.
സംസ്ഥാനത്ത് മായാവതി-അഖിലേഷ് യാദവ് കൂട്ടുകെട്ടുമായി സഖ്യത്തിലേർപ്പെടാൻ കോണ്‍ഗ്രസിനു കഴിഞ്ഞില്ല. പ്രധാന മണ്ഡലങ്ങളിൽ കോണ്‍ഗ്രസ് സ്ഥാാർഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ ന്യൂനപക്ഷ, എസ് സി, ഒബിസി വോട്ടുകൾ ഭിന്നിച്ച് ബിജെപിക്ക് അനുകൂലമാകുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.