ന്യൂഡൽഹി: എ ഐസിസി ജനറൽ സെക്രട്ടറിയായി നിയമിതയായ പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ മത്സരക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ പ്രചരണം. ഝാൻസി കി റാണിയെന്നാണ് പോസ്റ്ററുകളിൽ പ്രിയങ്കയെ വിശേഷിപ്പിക്കുന്നത്. 1998 മുതൽ 2017 വരെ ഇപ്പോഴത്തെ യുപി മുഖ്യമന്ത്രി യോഗി ആദിഥ്യനാഥ് മത്സരിച്ച് വിജയിച്ച മണ്ഡലമാണ് ഗോരഖ്പുർ.
നരേന്ദ്രമോദിയുടെ വാരാണസി മണ്ഡലവും യോഗി ആദിത്യനാഥിന്റെ ഗോരഖ്പൂരും ഉൾക്കൊള്ളുന്ന 40 ലോക്സഭാ സീറ്റുകളിൽ അദ്ഭുതം സംഭവിപ്പിക്കാൻ പ്രിയങ്ക ഗാന്ധിക്കു കഴിയുമെന്നാണ് കോൺഗ്രസിന്റെ ഉറച്ച വിശ്വാസം. കിഴക്കൻ ഉത്തർപ്രദേശിലെ മിക്ക ലോക്സഭാ മണ്ഡലങ്ങളും ഇപ്പോൾ ബിജെപിയുടെ കൈകളിലാണ്.
80 സീറ്റിൽ 71 സീറ്റാണ് 2014ൽ മോദിയുടെ പ്രഭാവത്തിൽ ഉത്തർപ്രദേശിൽ ബിജെപിക്ക് നേടാനായത്. പ്രിയങ്കയെ ഗോരഖ്പുരിൽ നിർത്തണമെന്ന് പാർട്ടിയോട് ആവശ്യപ്പെട്ടതായി കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി അൻവർ ഹുസൈൻ മാധ്യമങ്ങളോട് പറഞ്ഞു.
പ്രിയങ്കയ്ക്ക് ബൈപോളാർ ഡിസോർഡർ !
പ്രിയങ്ക ഗാന്ധിയെ അപഹസിച്ചും വ്യാജ ആരോപണങ്ങൾ ഉന്നയിച്ചും കൂടുതൽ ബിജെപി നേതാക്കൾ രംഗത്ത് എത്തി. ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമിയാണ് അവസാനമായി എത്തിയിരിക്കുന്നത്. പ്രിയങ്കയ്ക്ക് ബൈപോളാർ ഡിസോർഡർ എന്ന മാനസികപ്രശ്നമാണെന്നാണ് സ്വാമിയുടെ ആരോപണം. പ്രിയങ്കയ്ക്ക് ഒരു പൊതുജീവിതം നയിക്കാനാകില്ലെന്നും അവർ അക്രമകാരിയാണെന്നും സ്വാമി പറയുന്നു.
പ്രിയങ്ക ആളുകളെ അടിക്കാറുണ്ട്. പൊതുസമൂഹം ഇവരുടെ മനോനിലയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്നും സുബ്രഹ്മണ്യൻ സ്വാമി പറയുന്നു. ബിജെപി നേതാവ് കൈലാഷ് വിജയ് വർഗീയയും പ്രിയങ്കയെ അധിക്ഷേപിച്ചിരുന്നു. കോണ്ഗ്രസിന് ശക്തരായ നേതാക്കൾ ഇല്ലാത്തതുകൊണ്ടാണ് ഇത്തരം ചോക്ലേറ്റ് മുഖങ്ങളെ ഇറക്കുന്നതെന്നായിരുന്നു കൈലാഷിന്റെ വിമർശനം.
പ്രിയങ്കയ്ക്ക് സൗന്ദര്യം മാത്രമാണ് കൈവശമുള്ളതെന്നും അത് വോട്ടായി മാറില്ലെന്നും ബീഹാർ മന്ത്രി വിനോദ് നരേൻ പരിഹസിച്ചിരുന്നു. പ്രിയങ്കയുടെ വ്യക്തിപ്രഭാവം മോദി തരംഗത്തിന് വെല്ലുവിളി ഉയർത്തുമെന്ന ആശങ്ക ബിജെപിക്കുണ്ട്.
യുപിയിൽ ബിജെപി കനത്ത തോൽവി നേടുമെന്ന ഇന്ത്യാ ടുഡേ-കാർവി സർവേയും ബിജെപിയെ ഞെട്ടിച്ചിട്ടുണ്ട്. പ്രിയങ്കയുടെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് ഉത്തർപ്രദേശിൽ മാത്രമല്ല, രാജ്യമെങ്ങും കോൺഗ്രസിന് അനുകൂല തരംഗം ഉണ്ടാക്കുമെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.