ലക്നോ/ന്യൂഡൽഹി: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയെ കരുതൽ തടങ്കലിൽ പാർപ്പിച്ച ഗസ്റ്റ്ഹൗസിലെ വൈദ്യുതിബന്ധം വിഛേദിച്ച് അധികൃതർ. ഇതോടെ പ്രിയങ്ക മുഴുരാത്രി കഴിച്ചുകൂട്ടിയത് കോൺഗ്രസ് പ്രവർത്തകർ നൽകിയ മെഴുകുതിരിവെട്ടത്തിൽ. രാത്രി മൊബൈൽ ഫോൺ ലൈറ്റിന്റെ വെട്ടത്തിൽ പ്രവർത്തകരുമായി സംവദിക്കാനും പ്രിയങ്ക സമയം കണ്ടെത്തി. പ്രവർത്തകർക്കൊപ്പം സെൽഫി എടുക്കാനും അവർ തയാറായി.
പത്തുപേർ വെടിയേറ്റ് മരിച്ച ഉത്തർപ്രദേശിലെ സോൻഭദ്ര സന്ദർശിക്കാനെത്തിയ പ്രിയങ്കയെ പോലീസ് കരുതൽ തടങ്കലിലാക്കുകയായിരുന്നു. സോൻഭ ദ്രയിലേക്കുപോകുമ്പോൾ പോലീസ് തടഞ്ഞതിനെത്തുടർന്ന് വഴിയിൽ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രിയങ്കയെയും നേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്ത് ഗസ്റ്റ്ഹൗസിലേക്കു മാറ്റുകയാണുണ്ടായത്.
വാരാണസി-മിർസാപുർ അതിർത്തിയിൽ വച്ചാണ്, കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയെ പോലീസ് തടഞ്ഞത്. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച അവരെ ചുനാർ ഗസ്റ്റ് ഹൗസിലേക്ക് നീക്കി. സോൻഭദ്രയിലേക്കുള്ള യാത്രാമധ്യേ നരായൺപുരിൽ വച്ച് പ്രി യങ്കയെ തടഞ്ഞെന്ന് ഡിഐജി പിയൂഷ്കുമാർ ശ്രീവാസ്തവ പറഞ്ഞു.
ചുനാർ ഗസ്റ്റ് ഹൗസിലെത്തിയ ജില്ലാ മജിസ്ട്രേറ്റും പോലീസ് മേധാവിയും സോൻഭദ്രയിലേക്ക് പോവരുതെന്ന് പ്രിയങ്കയോട് പറഞ്ഞു. സോൻഭദ്ര ജില്ലയിലെ ഗോരാവാളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരുക്കുകയാണെന്നും അവർ പ്രിയങ്കയെ അറിയിച്ചു.
സംഘർഷത്തിൽപ്പെട്ടവരുടെ കുടംബങ്ങൾ സന്ദർശിക്കണം. എന്തു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തന്നെ തടഞ്ഞത്. തന്റെ മകന്റെ പ്രായമുള്ള കുട്ടി വെടിയേറ്റ് ആശുപത്രിയിൽ കഴിയുന്നുണ്ട് -പ്രിയങ്ക പറഞ്ഞു. പ്രിയങ്കയെ ഉത്തർപ്രദേശ് പോലീസ് അനധികൃതമായി തടഞ്ഞു വച്ചരിക്കുകയാണ് കോൺഗ്രസ് വക്താവ് ര ണദീപ് സുർജേവാലയും ജോതിരാദിത്യ സിന്ധ്യയും പറഞ്ഞു.
സോൻഭദ്രയിലെ ഗോരാവാൽ മേഖലയിൽ ഭൂമിയുടെ ഉടസ്ഥാവകാശവുമായി ബന്ധപ്പെട്ട് ഗ്രാമമുഖ്യന്റെ അനുയായികളും ഗോണ്ട ആദിവാസികളും തമ്മിലുണ്ടായ സംഘർഷത്തിൽ പത്തു പേരാണു മരിച്ചത്. ഗ്രാമമുഖ്യന്റെ അനുയായികൾ നടത്തിയ വെടിവയ്പിലാണ് പത്തു പേർ മരിച്ചത്. പതിനെട്ടു പേർക്കു പരിക്കേറ്റു. സംഭവത്തിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെയും നാല് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. പ്രിയങ്ക ഗാന്ധിയെ പോലീസ് തടഞ്ഞ സംഭവത്തിൽ കോൺഗ്രസ് നേതാവും സഹോദരനുമായ രാഹുൽ ഗാന്ധി പ്രതിഷേധം രേഖപ്പെടുത്തി.
ഉത്തർപ്രദേശ് സർക്കാർ ജനാധിപത്യത്തെ തരിപ്പണമാക്കിയെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പ്രിയങ്ക ഗാന്ധിയെ നാരായൺ പുരിൽവച്ച് കസ്റ്റഡിയിൽ എടുക്കുക മാത്രമാണു ചെയ്തതെന്ന് പോലീസ് അറിയിച്ചു. സോൻഭദ്ര സംഘർഷത്തിൽ ഗ്രാമമുഖ്യൻ യജ്ഞ ദത്ത് അടക്കം 29 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചീഫ് സെക്രട്ടറി (റവന്യു) അധ്യക്ഷനായ സമിതിയോട് പത്തു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മുഖ്യമന്ത്രി നിർദേശിച്ചിരിക്കുന്നത്.