ന്യൂഡൽഹി: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്ക് സിന്ദാബാദ് വിളിച്ച് കോണ്‍ഗ്രസ് നേതാവ്. ഡൽഹിയിൽ സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് സംഭവം. പ്രാദേശിക നേതാവ് സുരേന്ദർകുമാറാണു പ്രിയങ്ക ഗാന്ധിക്കു പകരം പ്രിയങ്ക ചോപ്രയ്ക്കു സിന്ദാബാദ് വിളിച്ചത്.
ഡൽഹി കോണ്‍ഗ്രസ് അധ്യക്ഷൻ സുഭാഷ് ചോപ്രയെ സമീപത്തു നിർത്തി സുരേന്ദർകുമാർ പ്രവർത്തകർക്കായി മൈക്കിലൂടെ മുദ്രാവാക്യം വിളിച്ചുനൽകുകയായിരുന്നു. സോണിയാ ഗാന്ധി സിന്ദാബാദ്, കോണ്‍ഗ്രസ് പാർട്ടി സിന്ദാബാദ്, രാഹുൽ ഗാന്ധി സിന്ദാബാദ്, പ്രിയങ്ക ചോപ്ര സിന്ദാബാദ്.. എന്നാണ് ആവേശം മൂത്ത സുരേന്ദർ കുമാർ വിളിച്ചുനൽകിയത്. തെറ്റി വിളിച്ച മുദ്രാവാക്യം അണികളിൽ പലരും കണ്ണുംപൂട്ടി ഏറ്റുവിളിച്ചു.
സുരേന്ദ്രർ കുമാറിന്റെ മുദ്രാവാക്യം ഏറ്റുവിളിച്ചിരുന്ന സുഭാഷ് ചോപ്ര പ്രിയങ്ക ചോപ്രയ്ക്കു ജയ് വിളിക്കാൻ തുടങ്ങിയെങ്കിലും ഉടൻ തന്നെ അബദ്ധം മനസിലാക്കി. തുടർന്ന് സുരേന്ദർകുമാറിനെ തിരിഞ്ഞുനോക്കി അബദ്ധം ശ്രദ്ധയിൽപ്പെടുത്തി. ഇതോടെ സുരേന്ദർ കുമാർ മാപ്പ് പറയുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രവചരിക്കുന്നുണ്ട്. ട്രോൾ മഴയാണ് കോണ്‍ഗ്രസിന്റെ ഈ സിന്ദാബാദ് വിളിക്ക്.