ചാത്തന്നൂർ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദല്ലാൾ നന്ദകുമാർ നടത്തിയ നീക്കങ്ങളിൽ ദുരൂഹത ഉണ്ടെന്ന് പോലീസ്.
നന്ദകുമാർ തന്നെ നിർബന്ധിച്ച് ഡിഎസ്ജെപിയുടെ സ്ഥാനാർഥിയാക്കുകയായിരുന്നെന്ന ചലച്ചിത്ര-സീരിയൽ താരം പ്രിയങ്ക പോലീസിന് മൊഴി നൽകിയതോടെയാണ് നന്ദകുമാർ കുടുതൽ സംശയ നിഴലിലായത്.
കുരീപ്പള്ളിയിലെ പെട്രോൾ ബോംബാക്രമണക്കേസിലെ പ്രതിയും, ഇഎംസിസി എന്ന അമേരിക്കൻ കമ്പിനിയുടെ ചെയർമാനുമായ ഷിജു വർഗീസിനെക്കുറിച്ചന്വേഷിക്കുന്ന പോലീസ് സിനിമാ താരം പ്രിയങ്കയെ ഇന്നലെ ചോദ്യം ചെയ്തയോടെയാണ് നന്ദകുമാറിനെക്കുറിച്ച് അവർ വ്യക്തമാക്കിത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അരൂർ മണ്ഡലത്തിലെ ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡിഎസ്ജെപി ) യുടെ സ്ഥാനാർഥിയായി പ്രിയങ്ക മത്സരിച്ചിരുന്നു.
പ്രിയങ്കയെ നന്ദകുമാർ നിർബന്ധിച്ച് സ്ഥാനാർഥിയാക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ചെലവ് പൂർണമായും വഹിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
പക്ഷേ ഒന്നര ലക്ഷം രൂപ മാത്രമാണ് പാർട്ടി നൽകിയത്. പ്രചാരണ വിഭാഗത്തിന്റെ ചുമതലയുള്ള ജയകുമാറാണ് തുക നൽകിയത്.
നാല് ലക്ഷത്തോളം ചെലവായി. ഡി എസ് ജെ പി യുമായോ അതിന്റെ നേതാക്കളുമായോ തെരഞ്ഞെടുപ്പിന് മുമ്പ് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല.
തന്റെ വീട്ടിന് സമീപമുള്ള ക്ഷേത്രത്തിലെ ഭാരവാഹിയാണ് നന്ദകുമാർ. ക്ഷേത്രത്തിൽ വച്ചുള്ള പരിചയം മാത്രമാണുള്ളത്.
അദ്ദേഹം നിർബന്ധിക്കുകയും വാഗ്ദാനങ്ങൾ നല്കുകയും ചെയ്തു. ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുമല്ലോ എന്ന വിശ്വാസവുമാണ് സ്ഥാനാർഥിയായതിന് പിന്നിൽ.
ഒരു ഘട്ടത്തിൽ നാമനിർദേശ പത്രിക പിൻവലിക്കാൻ ആലോചിച്ചെങ്കിലും വിശ്വസിച്ചു കൂടെ നിന്ന പ്രവർത്തകരെ ഓർത്ത് മത്സരിക്കുകയായിരുന്നു.
രണ്ടു മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിൽ ഷിജു വർഗീസിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നും അവർ മൊഴി നല്കി.
പാർട്ടി കമ്മിറ്റികളിൽ വച്ച് കണ്ടിട്ടുള്ള പരിചയം മാത്രം. ഒന്നു രണ്ടു തവണ ഫോണിൽ സംസാരിച്ചിട്ടണ്ട്.
പാർട്ടി നേതാക്കളെപ്പോലും പാർട്ടി കമ്മിറ്റികളിൽ വച്ച് കണ്ടിട്ടുള്ള പരിചയം മാത്രമേയുള്ളു. ബോംബേറ് കേസും മറ്റു വിവരങ്ങളും പത്രങ്ങളിലുടെയാണ് അറിഞ്ഞതെന്നും ചലച്ചിത്ര താരം മൊഴി നല്കി.