നിയാസ് മുസ്തഫ
ഉത്തർപ്രദേശിൽ എൻഡിഎ മുന്നണി വിട്ട അപ്നാദളും സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടിയും(എസ്ബിഎസ്പി) കോൺഗ്രസിലേക്ക് അടുക്കുന്നു. സഖ്യം വിട്ടതായി പ്രഖ്യാപിച്ച അപ്നാദളിനേയും എസ്ബിഎസ്പിയേയും എങ്ങനെയും എൻഡിഎ മുന്നണിയിൽ ഉറപ്പിച്ചു നിർത്താനുള്ള ശ്രമം ബിജെപിയും സജീവമാക്കിയിട്ടുണ്ട്. എൻഡിഎ മുന്നണി വിടരുതെന്നും എല്ലാ പ്രശ്നങ്ങളും ചർച്ചയിലൂടെ പരിഹരിക്കാമെന്നും ബിജെപി ഇവരെ അറിയിച്ചിട്ടുണ്ട്.
എൻഡിഎ മുന്നണിക്ക് നേതൃത്വം നൽകുന്ന ബിജെപി ചെറിയ പാർട്ടികളെ തഴയുകയാണെന്നും യാതൊരു പരിഗണനയും നൽകുന്നില്ലെന്നും ആരോപിച്ചാണ് അപ്നാദളും എസ്ബിഎസ്പിയും മുന്നണി വിട്ടത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഹകരിക്കാൻ തയാറാണെന്ന് അപ്നാദൾ ദേശീയ അധ്യക്ഷൻ ആശിഷ് കുമാർ വ്യക്തമാക്കി. സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി) ചീഫ് ഒാം പ്രകാശ് രാജ്ഭറും കോൺഗ്രസിന്റെയോ എസ്പി-ബിഎസ്പി സഖ്യത്തിന്റെയോ ഭാഗമായി മത്സരിക്കാൻ താല്പര്യമുണ്ടെന്ന് അറിയിച്ചു കഴിഞ്ഞു.
സഖ്യം സംബന്ധിച്ച് എഐസിസി ജനറൽ സെക്രട്ടറിയും ഉത്തർപ്രദേശിന്റെ പടിഞ്ഞാറൻ മേഖലയുടെ ചുമതലക്കാരനുമായ ജ്യോതിരാദിത്യ സിന്ധ്യയുമായി അപ്നാദൾ ദേശീയ അധ്യക്ഷൻ ആശിഷ് കുമാർ ആദ്യവട്ട ചർച്ച നടത്തി. ഇതു കൂടാതെ അപ്നാദൾ എംപിയും നേതാവുമായ അനുപ്രിയ പട്ടേൽ ഉത്തർപ്രദേശിന്റെ കിഴക്കൻ മേഖലയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായും ചർച്ച നടത്താനുള്ള ഒരുക്കത്തിലാണ്.
2014ലാണ് അപ്നാദൾ എൻഡിഎയുടെ ഭാഗമായത്. അപ്നാദളിന്റെയും കൂടി പിന്തുണയോടെയാണ് 2014ൽ യുപിയിലെ ആകെയുള്ള 80സീറ്റിൽ 73 സീറ്റിൽ എന്ഡിഎ മുന്നണിക്ക് വിജയിക്കാനായത്. ഇതിൽ 71 സീറ്റ് ബിജെപിയുടേതും രണ്ടു സീറ്റ് അപ്നാദളിന്റേതുമാണ്.
ഉത്തർപ്രദേശിലെ ദളിത് വോട്ടുകളിൽ അപ്നാദളിനു നിർണായക സ്വാധീനമുണ്ട്. അപ്നാദളുമായി കോൺഗ്രസ് സഖ്യത്തിൽ വന്നാൽ ദളിത് വോട്ടുകൾ കോൺഗ്രസിനു ശക്തി പകരും. എസ്പി-ബിഎസ്പി സഖ്യത്തിലെ ബിഎസ്പിയുടെ പ്രധാന വോട്ടുബാങ്കും ദളിതരാണ്. അപ്നാദളിന്റെ പിന്തുണ കോൺഗ്രസിനു ലഭിച്ചാൽ ബിജെപിയെ എതിർക്കുന്ന ദളിത് വോട്ടുകൾ ബിഎസ്പിക്ക് പോകാതെ കോൺഗ്രസിനു ലഭിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
എസ്ബിഎസ് പിയും പിന്നോക്ക വിഭാഗത്തെ പ്രതിനിധീകരിക്കുന്ന പാർട്ടിയാണ്. കോൺഗ്രസുമായോ എസ്പി-ബിഎസ്പി സഖ്യവുമായോ സഹകരിക്കാൻ തയാറാണെന്നാണ് എസ്ബിഎസ്പി നേതാക്കൾ വ്യക്തമാക്കുന്നത്.
കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാരിനു പിന്തുണ കുറഞ്ഞതായും അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തില്ലായെന്നും മനസിലാക്കിയാണ് അപ്നാ ദളിന്റേയും എസ്ബിഎസ്പിയുടേയും മലക്കം മറിച്ചിലെന്നാണ് കോൺഗ്രസ് നേതാക്കൾ കരുതുന്നത്. ഇവരുമായുള്ള സഖ്യം ഏതു രീതിയിൽ പ്രയോജനപ്പെടുത്താമെന്ന ആലോചനയിലാണ് കോൺഗ്രസ്. സഖ്യം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നത് പ്രിയങ്ക ഗാന്ധി ആയിരിക്കും.