കൊച്ചി: രാഹുൽഗാന്ധി വന്നു പോയതിന്റെ ആവേശം ഉൾക്കൊണ്ടു പ്രിയങ്ക ഗാന്ധിയെ കേരളത്തിലെത്തിക്കാൻ അണിയറ നീക്കങ്ങൾ സജീവമായി. ഇതു സംബന്ധിച്ചു ഏ.കെ.ആന്റണിയും കെ.സി.വേണുഗോപാലുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെ നേതാക്കൾ ചർച്ച നടത്തിയതായി അറിയുന്നു.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു പ്രിയങ്ക ഗാന്ധിയെ പ്രധാന പ്രചാരകയായി എത്തിച്ചു രാഹുൽഗാന്ധി പങ്കെടുക്കാത്ത മേഖലയിൽ കൊണ്ടുവരാനുള്ള നീക്കമാണ് നടക്കുന്നത്. ഇതു സംബന്ധിച്ചു ഹൈക്കമാൻഡിനോടു ചർച്ച ചെയ്യാൻ തീരുമാനമായി. നെഹ്റുകുടുംബത്തോടുള്ള കേരളത്തിലെ ജനതയുടെ താൽപര്യത്തെ മുതലാക്കുകയാണ് ലക്ഷ്യം. പ്രിയങ്ക ഗാന്ധിക്കു കേരളത്തിലെ യുഡിഎഫ് അനുഭാവികളിലുള്ള സ്വാധീനവും ഇത്തരമൊരു നീക്കത്തിനു കാരണമാകുന്നു.
തെരഞ്ഞെടുപ്പിന് അങ്കം കുറിക്കുന്നതോടെ രാഹുൽഗാന്ധിയുടെ റോഡ് ഷോ ഉൾപ്പെടെയുള്ള പ്രചാരണപരിപാടികളും ഒരുക്കുന്നുണ്ട്. മലബാർ, മധ്യ കേരളം, തെക്കൻ കേരളം എന്നിവിടങ്ങളിലായി രാഹുലിന്റെ മൂന്നു റോഡ് ഷോ നടത്താനാണ് പദ്ധതി. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ രാഹുൽ ഗാന്ധിയും പ്രിയങ്കയും പ്രചാരണത്തിന് എത്തുന്നതും പ്രവർത്തകരിൽ ആവേശം നിറയ്ക്കും.
ദേശീയ തലത്തിൽ തന്നെ കോണ്ഗ്രസിന്റെ പ്രചാരണ പ്രവർത്തനങ്ങൾ നയിക്കേണ്ടതിനാൽ തന്നെ എല്ലായിടത്തും രാഹുൽ ഗാന്ധിക്കു പ്രചാരണത്തിന് എത്താൻ സാധിക്കില്ല. രാഹുൽ വരാത്ത മേഖലകളിൽ പ്രിയങ്കയെ കൊണ്ടുവരാനാണ് കെപിസിസി ഉദ്ദേശിക്കുന്നുണ്ട്. മലബാർ, മധ്യ കേരളം, തെക്കൻ കേരളം രാഹുൽ ഗാന്ധിയുടെ പ്രചാരണം സംബന്ധിച്ചു പ്രവർത്തക സമിതി അംഗം എകെ ആന്റണി, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവരുമായി മുല്ലപ്പള്ളി ചർച്ച നടത്തി.
മലബാർ, മധ്യ കേരളം, തെക്കൻ കേരളം എന്നിവിടങ്ങളിലായി രാഹുലിന്റെ മൂന്നുറോഡ് ഷോ നടത്തുന്നുണ്ട്. ഇന്ദിരാ ഗാന്ധിയെ അന്നുമിന്നും ആരാധിക്കുന്ന കേരളത്തിലെ വലിയൊരു വിഭാഗം സ്ത്രീകൾക്കും ഇന്ദിരയുടെ രൂപസാദൃശ്യമുള്ള പ്രിയങ്കയുടെ വരവ് ആവേശം പകരുമെന്നും നേതാക്കൾ കരുതുന്നു. വനിതാമതിലും സമത്വവാദവും ഉയർത്തുന്ന സിപിഎമ്മിനുള്ള മറുപടികൂടിയായിരിക്കും പ്രിയങ്ക.
ഇപ്പോൾ വിദേശത്തുള്ള പ്രിയങ്ക മടങ്ങിയെത്തിയാലുടൻ ഇക്കാര്യം പരിഗണിക്കാമെന്നാണ് ദേശീയ നേതൃത്വം നൽകിയ മറുപടി. മലയാളികൾക്കു പ്രിയങ്കയോടുള്ള പ്രിയം തെരഞ്ഞെടുപ്പിൽ പരമാവധി പ്രയോജനപ്പെടുത്തണമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്.
തെരഞ്ഞെടുപ്പ് മുന്നോടിയായി കേരളത്തിൽ കുറച്ച് സ്ഥലങ്ങളിലെങ്കിലും പ്രിയങ്ക പ്രചരണത്തിന് ഇറങ്ങിയാൽ സംസ്ഥാനത്തുടനീളം യുഡിഎഫിന് നേട്ടമുണ്ടാകുമെന്നും നേതൃത്വം പ്രതീക്ഷിക്കുന്നു. നിലവിൽ യുപി കേന്ദ്രീകരിച്ചുള്ള പ്രചരണത്തിന്റെ ചുക്കാൻ പിടിക്കാനാണ് പ്രിയങ്കയ്ക്ക് പാർട്ടി നൽകിയ നിർദ്ദേശം നൽകിയിരിക്കുന്നതെങ്കിലും മറ്റു സംസ്ഥാനങ്ങളിലും പ്രിയങ്കയെ നിയോഗിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്.
നെഹ്രു-ഗാന്ധി നേതൃത്വത്തിന്റെ ജനാധിപത്യ, മതേതര മൂല്യങ്ങളെ എന്നും ഇഷ്ടപ്പെടുന്നവരാണ് മലയാളികളെന്നും പ്രയിങ്കയുടെ വരവ് പാർട്ടിക്ക് കരുത്തേകുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി പറഞ്ഞിരുന്നു.