ലക്നൗ: യുപിയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം കോണ്‍ഗ്രസ് പ്രവർത്തകർ പണിയെടുക്കാത്തതാണ് എന്ന് പ്രിയങ്ക ഗാന്ധി. റായ്ബറേലയിൽ സോണിയ ഗാന്ധിയുടെ വിജയത്തിന് നന്ദി പറയാൻ സംഘടിപ്പിച്ച പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു പ്രിയങ്ക.
“ഇത് പറയേണ്ട എന്ന് കരുതിയതാണ് എങ്കിലും പറയാതിരിക്കാൻ കഴിയില്ല. റായ്ബറേലിയിൽ കോണ്‍ഗ്രസ് നേടിയ വിജയം സോണിയ ഗാന്ധിയുടെ വിജയമാണ്. വോട്ടർമാരുടെ പിന്തുണയാണ് സഹായിച്ചത്. പാർട്ടി പ്രവർത്തകർക്ക് ഇതിൽ വലിയ പങ്കില്ല.
‘ പ്രിയങ്ക ഗാന്ധി തുറന്നടിച്ചു. സോണിയയും പ്രിയങ്കയ്ക്കൊപ്പമുണ്ടായിരുന്നു. തുടർച്ചയായ നാലാം തവണയാണ് റായ്ബറേലിയിൽ നിന്ന് സോണിയ ഗാന്ധി ലോക്സഭയിലെത്തുന്നത്. പ്രവർത്തിക്കാൻ തയാറല്ലാത്തവർ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും കിഴക്കൻ യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി നൽകി. പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്തവർ ആരൊക്കെ എന്ന് നിങ്ങൾക്കറിയാം.
പ്രവർത്തിക്കാത്തവർ ആരൊക്കെ എന്ന് കണ്ടെത്തും- അവർ പറഞ്ഞു.യുപിയിൽ ഒരു സീറ്റിൽ മാത്രമാണ് ഇത്തവണ കോണ്‍ഗ്രസിന് വിജയിക്കാനായത്. 2004 മുതൽ രാഹുൽ ഗാന്ധി വിജയിച്ചിരുന്ന അമേഠിയും ഇത്തവണ കൈവിട്ടു. കഴിഞ്ഞ തവണ നേടിയ 44 സീറ്റുകളെക്കാൾ കേവലം എട്ടു സീറ്റുകൾ മാത്രം നേടാനേ കോണ്‍ഗ്രസിന് ഇത്തവണ കഴിഞ്ഞുള്ളൂ.
കോണ്‍ഗ്രസ് പ്രവർത്തകസമിതിയിൽ മുതിർന്ന നേതാക്കൾക്കെതിരെ രൂക്ഷവിമർശനമാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തിയത്. അശോക് ഗെലോട്ടിനും കമൽനാഥിനും പി ചിദംബരത്തിനുമെല്ലാം മക്കളുടെ കാര്യത്തിൽ മാത്രമേ താത്പര്യമുള്ളൂ എന്നും പാർട്ടിയുടെ കാര്യത്തിൽ താൽപര്യമില്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചപ്പോൾ എന്റെ സഹോദരൻ പാർട്ടിക്ക് വേണ്ടി ഓടി നടന്നപ്പോൾ നിങ്ങളൊക്കെ എന്ത് ചെയ്യുകയായിരുന്നു എന്നാണ് പ്രിയങ്ക യോഗത്തിൽ പൊട്ടിത്തെറിച്ചത്.
മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രിയങ്ക വരണമെന്ന് ആവശ്യം
യുപിയിൽ 2022ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പാർട്ടി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസിനുള്ളിൽ ആവശ്യം. പാർട്ടിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് പ്രിയങ്കയുടെ സാന്നിധ്യത്തിൽ നേതാക്കളും പ്രവർത്തകരും ഈ ആവശ്യം ഉന്നയിച്ചത്.
അവലോകന യോഗത്തിലുയർന്ന ആവശ്യത്തോട് പ്രിയങ്ക പ്രതികരിച്ചില്ലെങ്കിലും അവർ അത് തള്ളിക്കളയില്ലെന്ന പ്രതീക്ഷയിലാണ് നേതാക്കൾ. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥികൾ, ജില്ലാ-സിറ്റി ഘടകങ്ങളുടെ ഭാരവാഹികൾ തുടങ്ങിയവരുമായി പ്രിയങ്ക അടച്ചിട്ട മുറിയിൽ പ്രത്യേകം പ്രത്യേകം ചർച്ച നടത്തി.