ഇനി അഭ്യൂഹങ്ങൾക്ക് അടിസ്ഥാനമില്ല, അതു സംഭവിക്കുകയാണ്, ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയ്ക്ക് വിവാഹം. ലോകത്ത് ഏറെ സ്വാധീനിക്കുന്ന 500പേരുടെ പട്ടികയിൽ ഇടം പിടിച്ചതിനു തൊട്ടുപിന്നാലെ മുൻ ലോകസുന്ദരിയും ബോളിവുഡ് അഭിനേത്രിയും മോഡലുമൊക്കെയായ പ്രിയങ്ക ചോപ്രയുടെ വിവാഹനിശ്ചയം അമേരിക്കൻ പോപ് ഗായകൻ നിക് ജൊനാസുമായി കഴിഞ്ഞുവെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടു മാസത്തെ ഡേറ്റിംഗിനുശേഷമായിരുന്നു ഇരുവരുടെയും നിശ്ചയം.
ഈ മാസത്തിൽത്തന്നെ ജൊനാസ് പ്രിയങ്കയുടെ കഴുത്തിൽ മിന്നു കെട്ടുമെന്നാണ് റിപ്പോർട്ട്. എന്നാൽ, കൃത്യമായ തീയതി എന്നാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. 18ന് പ്രിയങ്കയുടെ പിറന്നാൾ ദിനത്തിൽ ലണ്ടനിൽവച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ന്യൂയോർക്കിലെ പ്രശസ്തമായ ട്രിഫാനി സ്റ്റോറിൽനിന്നാണത്രേ നിശ്ചയത്തിനുള്ള മോതിരം ജൊനാസ് വാങ്ങിയത്. പ്രിയങ്കയേക്കാൾ 11 വയസിന് ഇളയതാണ് നിക് ജെനാസ്.
പ്രിയങ്കയും ജൊനാസും
നിരവധി സെലിബ്രിറ്റികളുമായി ബന്ധപ്പെട്ടുള്ള ഗോസിപ്പുകൾ പ്രിയങ്കയ്ക്കുണ്ടായിട്ടുണ്ട്. എന്നാൽ, ജൊനാസുമായുള്ള ഡേറ്റിംഗും സൗഹൃദവും പ്രിയങ്ക വളരെ ആസ്വദിച്ചിരുന്നു. പ്രശസ്തമായ ഖ്വാന്റിക്കോ സീരിയലാണ് പ്രിയങ്കയെ അമേരിക്കക്കാർക്കു പ്രിയങ്കരിയാക്കിയത്. ഇതോടെ പ്രിയങ്ക അമേരിക്കയിൽ നിത്യ സന്ദർശകയായി.
കഴിഞ്ഞ വർഷം മാർച്ചിൽ മെറ്റ് ഗാല എന്ന പരിപാടിയിൽ ഇരുവരെയും ഒരുമിച്ചു കണ്ടതോടെയാണ് ഇരുവർക്കുമിടയിൽ ‘എന്തോ ഉണ്ടെന്ന’ നിരീക്ഷണവുമായി പപ്പരാസികൾ രംഗത്തെത്തിയത്. അമേരിക്കയിലെ എന്റർടെയ്ൻമെന്റ് വാർത്തകളിൽ ഇതോടെ ഇരുവരുടെയും ബന്ധം ചൂടുള്ള വാർത്തയായി.
എന്നാൽ, ആ ചടങ്ങിൽ തങ്ങൾ ഒരുമിച്ചു പങ്കെടുത്തത് വളരെ യാദൃച്ഛികമായാണെന്ന് പ്രിയങ്ക പറഞ്ഞു. പ്രിയങ്കയെ അറിയാവുന്ന മാധ്യമങ്ങൾ സംഭവം അത്ര നിഷ്കളങ്കമൊന്നുമല്ല എന്നു തന്നെ കണ്ടു. അമേരിക്കയിലെ പ്രശസ് ത ഷോയായ ജിമ്മി കിമ്മെൽ ലൈവിലും ഇരുവരുടെയും ബന്ധത്തെക്കുറിച്ചുള്ള ചോദ്യം പ്രിയങ്കയോടുണ്ടായി. എന്നാൽ, പ്രിയങ്ക ഇതു നിഷേധിക്കുകയാ ണുണ്ടായത്.
കഴിഞ്ഞ ഒക്ടോബറിൽ പ്രശസ്ത നടി സോഫി ടർണർ, ജൊനാസെന്ന സെലിബ്രിറ്റിയുമായി വിവാഹിതയാകാൻ പോകുന്നു എന്ന റിപ്പോർട്ട് വന്നപ്പോൾ പ്രിയങ്കയുടെ പ്രതികരണം ‘യായ് ’എന്നായിരുന്നു. ഇതിനു ഡബ്ല്യു മാഗസിൻ കണ്ടെത്തിയ വ്യാഖ്യാനമായിരുന്നു വിചിത്രം. ഞങ്ങളുടെ ഫാമിലിയിലേക്കു സ്വാഗതം എന്നായിരുന്നു അവർ കണ്ടെത്തിയ അർഥം.
പിന്നീട് പല വേദികളിലും പ്രിയങ്കയും ജൊനാസും നിറസാന്നിധ്യമായി. ഇന്ത്യയിലെ പല ആരാധകരുടെയും നെറ്റി ചുളിയുന്നതും ഇക്കാലയളവിലുണ്ടായി. ഇതിനിടെ, ടൊക്ക മെഡേറ എന്ന സ്ഥലത്ത് ഇര ുവരുമൊന്നിച്ചുള്ള രാത്രി ഭക്ഷണചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ജൊനാസിന്റെ കരംഗ്രഹിച്ച് നൃത്തമാടുന്ന ചിത്രങ്ങളായിരുന്നു അവ.
കുറച്ചുനാളത്തേക്ക് ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ വാർത്തകളൊന്നും വന്നിരുന്നില്ല. എന്നാൽ കഴിഞ്ഞ മാസം പ്രിയങ്കയുടെ ചിരിയെ പ്രകീർത്തിച്ച് ജൊനാസ് രംഗത്തെത്തിയതോടെ പപ്പരാസികൾ വീണ്ടും വല വിരിച്ചു. ഒടുവിലിതാ ഇപ്പോൾ ആ വലയിൽ ഇരുവരും കുടുങ്ങി.
ഇതിനിടെ, കഴിഞ്ഞ മാസമൊടുവിൽ ജൊനാസിന്റെ ക്ഷണം സ്വീകരിച്ച് പ്രിയങ്ക ജൊനാസിന്റെ ബന്ധുവിന്റെ വിവാഹച്ചടങ്ങിനുമെത്തി. പിന്നീട് ഇരുവരും ഒന്നിച്ച് ഇന്ത്യയിലുമെത്തിയിരുന്നു. പ്രിയങ്കയുടെ അമ്മ മധു ചോപ്രയെ ഇരുവരുമൊന്നിച്ചെത്തി കണ്ടു.
ഇൻസ്റ്റഗ്രാമിൽ ഇരുവരും തമ്മിലുള്ള ബന്ധം പരസ്പരം അംഗീകരിക്കുന്ന പോസ്റ്റുകളും ഇട്ടതോടെ സമീപകാലത്തെ ഏറ്റവും വലിയ സെലിബ്രിറ്റി വിവാഹവാർത്തയായി പ്രിയങ്ക- ജൊനാസ് ബന്ധം വളർന്നു. പിന്നീട് ഇരുവരും എപ്പോഴുമൊന്നിച്ചായി. നിരവധി യാത്രകൾ, ചടങ്ങുകൾ അങ്ങനെ ഡേറ്റിംഗിന്റെ മധുരം നുകർന്ന് അവർ പലേടങ്ങളിൽ കറങ്ങി നടന്നു. ഒടുവിലതാ അവർ ഒരുമിച്ചു ജീവിക്കാൻ തീരുമാനമെടുത്തിരിക്കുന്നു.
ലോകസുന്ദരി, സിനിമ
അശോക് ചോപ്രയുടെയും, മധു അഖൗരിയുടെയും മകളായി 1982ൽ ജംഷഡ്പൂരിൽ ജനിച്ച പ്രിയങ്കയ്ക്ക് ഒരു സഹോദരൻ കൂടിയുണ്ട്; സിദ്ധാർഥ്. ഗൊരെത്തിയിലും, അമേരിക്കയിലുള്ള ന്യൂട്ടണ് നോർത്ത് ഹൈസ്കൂളിലും നോർത്ത് ഡെൽറ്റയിലുള്ള നോർത്ത് ഡെൽറ്റ സീനിയർ സെക്കൻഡറി സ്കൂളിലുമായി വിദ്യാഭ്യാസം നേടിയ പ്രിയങ്ക ചോപ്രയുടെ വിളിപ്പേര് മിമി എന്നാണ്.
2000ൽ മിസ് ഇന്ത്യയായ പ്രിയങ്ക അതേവർഷം ലോകസുന്ദരിയുമായി.
പിന്നീട് സിനിമയിലേക്ക്. തുടക്കത്തിൽ പതറിയെങ്കിലും പിന്നീട് മികച്ച അഭിനേത്രി എന്ന പേരെടുത്തു.
പ്രിയങ്ക ചോപ്രയുടെ ആദ്യ സിനിമ തമിഴിലാണ് പുറത്തിറങ്ങിയത്. വിജയ്യിനോടൊപ്പം തമിഴനായിരുന്നു അത്. ആദ്യ ഹിന്ദി ചിത്രം അനിൽ ശർമ സംവിധാനം ചെയത ദി ഹീറോ: വവ് സ്റ്റോറി ഓഫ് എ സ്പൈ (2003) ആണ്. ഇതേ വർഷത്തിൽ തന്നെ പുറത്തിറങ്ങിയ അന്താസ് എന്ന ചിത്രമാണ് പ്രിയങ്ക ചോപ്രയുടെ ആദ്യ വിജയ ചിത്രം.
ഈ സിനിമയിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് പ്രിയങ്ക ചോപ്രക്ക് ലഭിക്കുകയുണ്ടായി. ഐത്രാസ് (2004), മുജ്സെ ശാദി കരോഗെ (2004), ക്രിഷ് (2006), ഡോണ് (2006), ബാജിറാവു മസ്താനി (2015) ബർഫി, മേരി കോം (2014)എന്നിവ പ്രിയങ്കയുടെ വിജയചിത്രങ്ങളിൽ ചിലതാണ്.
2016ൽ പത്മശ്രീ ലഭിച്ച പ്രിയങ്കയ്ക്ക് 2008ൽ ഫാഷൻ എന്ന സിനിമയിലൂടെ ദേശീയ പുരസ്കാരവും ലഭിച്ചു. കമീനെ ഏറെ നിരൂപകപ്രശംസ പിടിച്ചുപറ്റിയ ചിത്രമാണ്. വലിയ രണ്ടു ചിത്രങ്ങളിൽക്കൂടി പ്രിയങ്ക കരാറായിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് സൽമാൻ ഖാനൊപ്പം അഭിനയിക്കുന്ന ദി സ്കൈ ഈ പിങ്കു. കൂടാതെ ഫർഹാൻ അക്തറിന്റെ കൂടെ ഒരു ചിത്രവും പണിപ്പുരയിലാണ്.
പ്രിയമോടെ കോട്ടയം
പ്രിയങ്ക ചോപ്രയും കേരളവും തമ്മിൽ പ്രിയങ്കയ്ക്ക് രക്തബന്ധമുണ്ട്. പ്രിയങ്ക ചോപ്രയുടെ മുത്തശി മലയാളിയാണ്. നല്ല അസ്സൽ കോട്ടയംകാരി. മേരി ജോണ് അഥവാ മധു ജ്യോത്സന അഖൗരിയാണ് പ്രിയങ്കയുടെ മുത്തശി. ഇവർ സ്വാതന്ത്ര്യസമരസേനാനിയും കോണ്ഗ്രസ് നേതാവും ബിഹാർ ലെജിസ്ലേറ്റീവ് കൗണ്സിൽ അംഗവുമായിരുന്നു. വലിയ നടിയായ ശേഷം ഒന്നോ രണ്ടോ തവണ മാത്രമാണ് പ്രിയങ്ക കേരളത്തിലെത്തിയത്.
ടൈം, മാക്സിം, ഡബ്ല്യു, കോസ്മോപൊളിറ്റൻ, വോഗ്, ഇൻസ്റ്റൈൽ തുടങ്ങിയ പ്രമുഖ മാഗസിനുകളുടെ കവർ ഗേളായി പ്രിയങ്ക എത്തിയിട്ടുണ്ട്. ടൈം മാഗസിന്റെ ലോകത്തെ സ്വാധീനിക്കുന്ന 100 പേരിൽ ഒരാളാകാനും 2017ൽ പ്രിയങ്കയ്ക്കായിട്ടുണ്ട്.
ട്വിറ്ററിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ബോളിവുഡ് താരമാണ് പ്രിയങ്ക. ഹോളിവുഡിലെ വലിയ ടെലിവിഷൻ ഷോകളായ ദി എല്ലൻ ഷോ, ദി ലേറ്റ് ഷോ, ദി ടുണൈറ്റ് ഷോ എന്നിവയിലെത്തിയ അപൂർവം ഇന്ത്യൻ സെലിബ്രിറ്റികളിൽ ഒരാളാണ് പ്രിയങ്ക. ഓസ്കർ, കാൻ, ടൈം 100 ഗാല തുടങ്ങിയ നിരവധി ചടങ്ങുകളിലെ റെഡ് കാർപെറ്റ് സാന്നിധ്യമായിരുന്നു പ്രിയങ്ക.