ന്യൂഡൽഹി: ബോളിവുഡ് നടി പ്രിയങ്ക ചോപ്ര പ്രധാന കഥാപാത്രമായെത്തുന്ന ക്വാണ്ടിക്കോ ടെലിവിഷൻ സീരീസിനെതിരേ വ്യാപക വിമർശനം. ജൂണ്‍ ഒന്നിനു സംപ്രേക്ഷണം ചെയ്ത എപ്പിസോഡിൽ ഇന്ത്യക്കാരെ ഭീകരരായി ചിത്രീകരിച്ചു എന്ന് കുറ്റപ്പെടുത്തിയാണ് നടിക്കെതിരേ വിമർശനമുയരുന്നത്.
പാക്കിസ്ഥാനുമേൽ കുറ്റമാരോപിക്കുന്നതിനായി മാൻഹട്ടണിൽ ഇന്ത്യൻ “ദേശീയവാദികൾ’ ബോംബ് വയ്ക്കുന്നതായാണ് എപ്പിസോഡിൽ ചിത്രീകരിച്ചു സംപ്രേക്ഷണം ചെയ്തത്. പ്രിയങ്കയും എപ്പിസോഡിൽ വേഷമിട്ടിരുന്നു. ഇതേതുടർന്ന് സീരീസിൽ അഭിനയിക്കാൻ സമ്മതിച്ചതിന്റെ പേരിൽ നടിക്കെതിരേ സമൂഹമാധ്യമങ്ങളിൽ വിമർശമുയർത്തുകയായിരുന്നു. സീരീസിലെ ചിത്രീകരണം യാഥാർഥ്യത്തിനു നിരക്കുന്നതല്ലെന്നും വിമർശകർ വാദിക്കുന്നു.
ക്വാണ്ടിക്കോ മൂന്നാം സീസണാണ് ഇപ്പോൾ സംപ്രേക്ഷണം ചെയ്യുന്നത്. സീരീസിൽ ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥയായാണ് പ്രിയങ്ക വേഷമിടുന്നത്. സീരീസിന്റെ ആദ്യ രണ്ടു സീസണുകളിലും പ്രിയങ്ക അഭിനയിച്ചിരുന്നു.