ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധിക്കെതിരായി നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിച്ച് ബിജെപി നേതാവ് രമേശ് ബിധുരി. പരാമര്‍ശത്തില്‍ താന്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നും മുന്‍ എംപിയും ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥിയുമായ രമേശ് ബിധുരി പറഞ്ഞു.
ഡല്‍ഹിയിലെ കല്‍ക്കാജി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് രമേശ് ബിധുരി. താന്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കാ ഗാന്ധിയുടെ കവിളുകള്‍പോലെ മിനുസമുള്ളതാക്കുമെന്നായിരുന്നു ബിധുരിയുടെ പരാമര്‍ശം.
ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരേയും ബിധുരി വിവാദ പരാമർശം നടത്തിയിരുന്നു. അതിഷി അച്ഛനെ മാറ്റി എന്നായിരുന്നു ബിധുരിയുടെ പരിഹാസം. ആദ്യം അതിഷി മർലേന എന്നായിരുന്നു പേര്. ഇപ്പോൾ സിംഗ് ആയി മാറി. ആം ആദ്മി പാർട്ടിയുടെ സ്വഭാവം ഇതാണെന്നും ബിധുരി വിമർശിച്ചു.
പാർലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്സൽ ഗുരുവിനായി ദയാ ഹർജി നൽകിയവരാണ് അതിഷിയുടെ മാതാപിതാക്കളെന്നും ബിധുരി കുറ്റപ്പെടുത്തി.
ബിജെപി നേതാക്കൾ എല്ലാ പരിധികളും ലംഘിക്കുകയാണെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജരിവാൾ പറഞ്ഞു. സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവയും പറഞ്ഞു.