കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായാണ് പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേയ്ക്ക് രംഗപ്രവേശം ചെയ്തിരിക്കുന്നത്. പ്രിയങ്കയുടെ വരവിനെ യുപിയിലെ ജനങ്ങള്‍ സ്വാഗതം ചെയ്തു എന്നതിന്റെ തെളിവാണ് വിദേശത്തു നിന്ന് തിരിച്ചെത്തിയശേഷം അവര്‍ നടത്തിയ റോഡ്ഷോയുടെ വിജയത്തില്‍ നിന്ന് മനസിലാക്കേണ്ടത്.
സജീവ രാഷ്ട്രീയത്തിലേയ്ക്കുള്ള ചുവട് വയ്പിന്റെ ഭാഗമായി ഒന്നുകൂടി അവര്‍ ചെയ്തു. ട്വിറ്ററില്‍ അക്കൗണ്ട് തുറന്നു. മിനിറ്റുകള്‍ക്കകം ആളുകളുടെ കുത്തൊഴുക്കാണ് അക്കൗണ്ടിലേയ്ക്കെന്ന് ചൂണ്ടിക്കാട്ടി മാധ്യമങ്ങള്‍ വാര്‍ത്തയും നല്‍കിയിരുന്നു. ഇപ്പോഴിതാ ട്വിറ്ററിലെ പ്രിയങ്കയുടെ ജനപ്രീതി കണ്ട് അഭിനന്ദനവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ രംഗത്തെത്തിയിരിക്കുന്നു.
‘ട്വിറ്ററിന്റെ ചരിത്രത്തില്‍ തന്നെ അക്കൗണ്ട് തുടങ്ങി ഇരുപത്തിന്നാല് മണിക്കൂറുകള്‍ക്കകം രണ്ട് ലക്ഷം ഫോളോവേഴ്സിനെ ലഭിച്ചത് രജിനീകാന്തിന് മാത്രമാണെന്നും പ്രിയങ്ക ഗാന്ധിക്ക് പന്ത്രണ്ട് മണിക്കൂറിനകം ലഭിച്ചത് ഒരു ലക്ഷം ഫോളോവേഴ്സ്’ ആണെന്നും ശശി തരൂര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ രജിനീകാന്തിന് എതിരാളിയാണ് പ്രിയങ്കയെന്നും പുതിയൊരു സൂപ്പര്‍ സ്റ്റാര്‍ ഇവിടെ ജനിച്ചിരിക്കുന്നെന്നുമാണ് തരൂര്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞത്.