ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും വലിയ കരാറിന് കേന്ദ്ര സർക്കാർ അനുമതി നൽകിയതായി സൂചന. 1.4 ലക്ഷം കോടി രൂപയ്ക്ക് 114 യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിലേർപ്പെടാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നീക്കം.
ദേശീയ ദിനപത്രങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പ്രതിരോധ മന്ത്രി നിർമല സീതാരാമൻ അധ്യക്ഷയായ ഡിഫൻസ് അക്വിസിഷൻ കൗണ്‍സിൽ ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. ഈ മാസം ഒടുവിലോ അടുത്ത മാസമാദ്യമോ കരാർ വിശദാംശങ്ങൾ സർക്കാരിന്റെ പരിഗണനയ്ക്കുവരും.
പുതിയ കരാറനുസരിച്ച് 18 യുദ്ധവിമാനങ്ങൾ മാത്രമാണ് ഇന്ത്യ നേരിട്ടുവാങ്ങുക. മൂന്നുമുതൽ അഞ്ചുവരെ വർഷം കൊണ്ട് ഇവ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും. ശേഷിച്ച വിമാനങ്ങൾ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽത്തന്നെ നിർമ്മിക്കും. കരാറിലേർപ്പെടുന്ന രാജ്യവുമായും ഇന്ത്യൻ വിമാന കന്പനിയുമായി ചേർന്നാകും ഈ സാങ്കേതിക വിദ്യ കൈമാറുക.
റഫാൽ യുദ്ധവിമാന ഇടപാടിനെക്കുറിച്ചുള്ള വിവാദം നിലനിൽക്കെയാണ് പുതിയ കരാർ. റഫാൽ യുദ്ധവിമാന ഇടപാടിന്റെ പേരിൽ കോടതിയെ സമീപിക്കുമെന്നു കോണ്‍ഗ്രസ് പറഞ്ഞു. ഇടപാട് സംബന്ധിച്ച സംശയങ്ങൾക്കു നരേന്ദ്ര മോദി സർക്കാർ വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്നു മുതിർന്ന കോണ്‍ഗ്രസ് നേതാവ് കപിൽ സിബൽ പറഞ്ഞു.
വിദേശകാര്യ- പ്രതിരോധ മന്ത്രിമാരുടെ അഭിപ്രായം തേടാതെയാണു കരാർ ഉണ്ടാക്കിയത്. ആവശ്യമായ രേഖകൾ സംഘടിപ്പിച്ചശേഷം കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
രാജ്യത്തിന് 126 യുദ്ധ വിമാനങ്ങൾ ആവശ്യമുള്ളപ്പോൾ എന്തുകൊണ്ട് 36 റഫാൽ ജെറ്റുകൾ മാത്രം വാങ്ങാൻ കേന്ദ്ര സർക്കാർ ഫ്രാൻസിന്റെ ഡാസോ ഏവിയേഷനുമായി കരാറിലേർപ്പെട്ടെന്ന് കോണ്‍ഗ്രസിന്റെ ദേശീയ വക്താവ് പ്രിയങ്ക ചതുർവേദി ചോദിച്ചു.
2019ലും 2022ലുമായി രണ്ട് ഘട്ടങ്ങളിലായാണ് ഡാസോ ഏവിയേഷൻ 36 യുദ്ധ വിമാനങ്ങൾ ഇന്ത്യക്ക് കൈമാറുക. “കോടീശ്വരനായ സുഹൃത്തിനെ സഹായിക്കാൻ സർക്കാർ രാജ്യതാത്പര്യങ്ങൾ ബലികഴിക്കുകയാണ്. അല്ലെങ്കിലെങ്ങനെ 576 കോടി രൂപ വില വരുന്ന വിമാനത്തിന് 1,670 കോടി രൂപയാകും.
70 വർഷമായി സർക്കാർ മേൽനോട്ടത്തിലായിരുന്ന പ്രതിരോധ മേഖലയുടെ നിയന്ത്രണം വെറും 12 ദിവസം മാത്രം പ്രായമുള്ള ഒരു കന്പനിയെ ഏൽപ്പിച്ചതിന് പ്രധാനമന്ത്രി വിശദീകരണം തരണം’- ചതുർവേദി ആവശ്യപ്പെട്ടു.