ലക്നോ: സോൻഭദ്രയിൽ ഭൂമി തർക്കത്തെ തുടർന്നുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തി വന്നിരുന്ന പ്രതിഷേധ സമരം അവസാനിപ്പിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് സമരം അവസാനിപ്പിക്കുന്നതായി പ്രിയങ്ക അറിയിച്ചത്.
കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ഗസ്റ്റ് ഹൗസിലെത്തിയാണ് പ്രിയങ്കയെ കണ്ടത്. ഇവരോട് പ്രിയങ്ക കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു. സോൻഭദ്രിയിലേക്ക് തിരികെ വരുമെന്ന് പറഞ്ഞാണ് പ്രിയങ്ക പ്രതിഷേധം അവസാനിപ്പിച്ചത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാതെ മടങ്ങില്ലെന്ന നിലപാടിൽ പ്രിയങ്ക ഉറച്ചുനിന്നതോടെയാണ് അധികൃതർ വിട്ടുവീഴ്ചയ്ക്കു തയാറായത്.
പത്തുപേർ വെടിയേറ്റ് മരിച്ച സോൻഭദ്ര സന്ദർശിക്കാനെത്തിയ പ്രിയങ്കയെ കഴിഞ്ഞ ദിവസം പോലീസ് കരുതൽ തടങ്കലിലാക്കുകയായിരുന്നു. പോലീസ് തടഞ്ഞതിനേത്തുടർന്ന് മിർസാപുർ ഗസ്റ്റ് ഹൗസിലാണ് വെള്ളിയാഴ്ച രാത്രിയിൽ പ്രിയങ്ക തങ്ങിയത്. ഗസ്റ്റ്ഹൗസിലെ വൈദ്യുതിബന്ധം അധികൃതർ വിഛേദിക്കുകയും ചെയ്തു. ഇതോടെ പ്രിയങ്ക രാത്രിമുഴുവൻ കഴിച്ചുകൂട്ടിയത് കോൺഗ്രസ് പ്രവർത്തകർ നൽകിയ മെഴുകുതിരിവെട്ടത്തിലാണ്.