സെബി മാത്യു
ന്യൂഡൽഹി: സുന്ദരിയാണ് പ്രിയങ്ക പക്ഷേ… എന്ന് എതിരാളികൾ പറഞ്ഞു നിർത്തുന്നിടത്തുനിന്ന് അവരുടെ പ്രതീക്ഷകളെ അട്ടിമറിക്കാമെന്ന വ്യക്തമായ കണക്കു കൂട്ടലിലാണ് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സഹോദരിക്ക് കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയേൽപ്പിച്ചു കൊടുക്കുന്നത്.
പ്രിയങ്കയെ നേതൃനിരയിലെത്തിച്ച് ഉത്തപ്രദേശിന്റെ കടിഞ്ഞാണ്‍ കൈയിൽ കൊടുത്തത് രാഹുൽ ഗാന്ധി ഒറ്റയ്ക്കെടുത്ത തീരുമാനം എന്ന് കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കൾ തന്നെ വ്യക്തമാക്കുന്നുണ്ട്. കേരളത്തിൽ നിന്നുള്ള മുതിർന്ന എഐസിസി നേതാവ് എ.കെ ആന്റണി തന്നെ കഴിഞ്ഞ ദിവസം ഇക്കാര്യം രാഹുൽ ഒറ്റയ്ക്കെടുത്ത തീരുമാനം എന്നു വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ ഉത്തർപ്രദേശിൽ നിന്നു തന്നെ ബിജെപിക്ക് മറ്റൊരു ഞെട്ടൽ കൂടി നൽകാൻ കോണ്‍ഗ്രസ് തന്ത്രം മെനയുന്നതായുള്ള സൂചനകളും ഉണ്ട്. സുൽത്താൻപൂരിലെ ബിജെപി എംപിയും കേന്ദ്രമന്ത്രി മേനക സഞ്ജയ് ഗാന്ധിയുടെ മകനുമായ വരുണ്‍ ഗാന്ധിയെ കോണ്‍ഗ്രസ് സ്വന്തം പാളയത്തിലെത്തിക്കാൻ ശ്രമങ്ങൾ നടത്തുന്നതായാണ് വിവരം. വരുണ്‍ ഗാന്ധിയുമായി പ്രിയങ്കയ്ക്കും രാഹുൽ ഗാന്ധിക്കും അടുത്ത ബന്ധമാണുള്ളത്.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയിൽ നിന്നകന്നു മാറി വരുണ്‍ ഗാന്ധി സ്വതന്ത്രനായി മത്സരിച്ചാൽ ആ സീറ്റിൽ സൗഹൃദ മത്സരത്തിന് കളമൊരുക്കിയാകും കോണ്‍ഗ്രസ് നിർണായക നീക്കം നടത്തുന്നത്. എന്നാൽ, നിലവിൽ അമ്മ മേനക ഗാന്ധി ബിജെപിയിൽ തന്നെ കേന്ദ്രമന്ത്രിയായി തുടരുന്നതാണ് വരുണ്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് പ്രവേശനത്തിന് മുന്നിലുള്ള പ്രധാന തടസം.
വിദ്വേഷ പ്രസംഗങ്ങളിലൂടെ അതിരുവിട്ട വാക്കുകൾ പ്രയോഗിച്ചപ്പോൾ ശകാരവുമായി രാഹുലും മകൾ ആദിയ മരിച്ചപ്പോൾ ആശ്വാസമായി ആദ്യം ഓടിയെത്തി പ്രിയങ്കയും എക്കാലവും വരുണ്‍ ഗാന്ധിയോടുള്ള സഹോദര സ്നേഹം പ്രകടിപ്പിച്ചിട്ടുണ്ട്. തന്റെ പ്രസംഗങ്ങളിൽ രാഹുലിനെയും സോണിയയെയും കടന്നാക്രമണിക്കണമെന്ന ബിജെപി നിർദേശം തള്ളിക്കളഞ്ഞാണ് വരുണ്‍ ഗാന്ധി തിരിച്ച് തന്റെ കുടുംബ സ്നേഹം പ്രകടിപ്പിച്ചിട്ടുള്ളത്.
ഉത്തർപ്രദേശിന്റെ കിഴക്കൻ ചുമതല എന്നതിൽ നിന്ന് പ്രിയങ്ക ഗാന്ധിയെ ഭാവി സംസ്ഥാന മുഖ്യമന്ത്രി എന്ന പദവിയിലേക്ക് വരെ ഇതിനോടം ദീർഘവീക്ഷണമുള്ള രാഷ്ട്രീയ നിരീക്ഷകർ കുടിയിരുത്തിക്കഴിഞ്ഞു. എന്നാൽ, കോണ്‍ഗ്രസിലെ കുടുംബാധിപത്യം എന്ന പതിവ് ആക്ഷേപത്തിനൊപ്പം തന്നെ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാധ്രയുടെ വിവാദ ഭൂമിയിടപാടുകൾ കൂടി ഉന്നയിച്ചാകും ബിജെപി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്.
പ്രിയങ്ക ഗാന്ധിയുടെ വരവോടെ ഉത്തർപ്രദേശിലെ കളി മാറുമെന്നാണ് അമേത്തിയിലെ ഒരു സാധാരണ കർഷകനായ ജയ്പ്രകാശ് കഴിഞ്ഞ ദിവസം അൽജസീറ ലേഖനോട് പ്രതികരിച്ചത്. ജനങ്ങൾ അവരിൽ ഇന്ദിര ഗാന്ധിയെ കാണുന്നത്. രാഹുൽ ഗാന്ധിയേക്കാൾ അവർക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കാൻ കഴിയുമെന്നും അവർ കോണ്‍ഗ്രസിന്റെ തുറുപ്പു ചീട്ടാണെന്നും ഒരു സാധാരണ കർഷകൻ പ്രതികരിക്കുന്പോൾ രാഹുലിന്റെ നീക്കത്തിന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രാധാന്യമേറുകയാണ്.
പ്രിയങ്കയെ രംഗത്തിറക്കി ഉത്തർപ്രദേശിൽ കോണ്‍ഗ്രസ് കണ്ണു വെക്കുന്നത് മുന്നോക്ക സമുദായങ്ങളിലെ വോട്ട് ബാങ്കിനെ തന്നെയാണ്. പ്രിയങ്ക കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുമായി ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടാനെത്തുന്പോൾ ബിഎസ്പി-എസ്പി സഖ്യവുമായി നേരിട്ടുള്ള പോരാട്ടം ഒഴിഞ്ഞെന്നും ത്രികോണ മത്സരത്തിലേക്കു നീങ്ങിയെന്നുമാണ് ബിജെപി നേതൃത്വം വിലയിരുത്തുന്നത്.
എന്നാൽ, വെറും രണ്ടു മാസത്തേക്കല്ല പ്രിയങ്കയെ ഉത്തർപ്രദേശിലേക്കു വിടുന്നതെന്ന രാഹുലിന്റെ വാക്കുകളിലും യുപി പിടിച്ചടക്കും എന്ന മുന്നറിയിപ്പാണുള്ളത്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപി മുദ്രാവാക്യത്തെ പ്രിയങ്കയുടെ വരവോടെ മോദി മുക്ത വാരാണസി, യോഗി മുക്ത ഗോരഖ്പൂർ എന്ന മറുപടി കൊണ്ട് കോണ്‍ഗ്രസ് ഇന്നലെ മുതൽ നേരിട്ടു തുടങ്ങിയിട്ടുണ്ട്.
ഉത്തർപ്രദേശിലെ 80 സീറ്റുകളിൽ 71ഉം നേടിയാണ് ബിജെപി 2014 ലോക്സഭ തെരഞ്ഞെടുപ്പിൽ അധികാരത്തിലേക്കു വന്നത്. യുപിയിലെ ഭൂരിപക്ഷ മുന്നോക്ക സമുദായങ്ങളുടെ വോട്ട് മോദിപ്രഭാവം കാണിച്ചു കൈയിലെടുക്കാനായതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടമായത്. ഇപ്പോൾ തങ്ങളെ പുറത്തു നിർത്തി ബിഎസ്പി-എസ്പി സഖ്യം കൂടി വന്നതോടെ മുന്നോക്ക സമുദായ വോട്ടിൽ കണ്ണ് വെച്ചു തന്നെയാണ് ഇന്ദിരയുടെ മുഖച്ഛായയുള്ള പ്രിയങ്കയെ കോണ്‍ഗ്രസ് കടുത്ത പോരാട്ടത്തിന്റെ കളത്തിലേക്കിറക്കിയിരിക്കുന്നത്.
അതിനിടെ വാരാണസിയിൽ ഈ ദിവസങ്ങളിൽ കാശിയിലെ ജനങ്ങൾ പ്രിയങ്കയെ തങ്ങളുടെ എംപിയാക്കാൻ ആഗ്രഹിക്കുന്നു എന്നെഴുതിയ പോസ്റ്ററുകൾ ഇതിനോടകം തന്നെ വന്നു കഴിഞ്ഞു. അമേത്തിയിൽ നടത്തിയ സന്ദർശനത്തിൽ അടുത്ത തവണ ഉത്തർപ്രദേശിൽ കോണ്‍ഗ്രസ് സർക്കാർ രൂപീകരിക്കും എന്നു രാഹുൽ പറഞ്ഞതിലും വലിയ കണക്കുകൂട്ടലുകളുണ്ട്. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ പ്രിയങ്ക മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളോട് കോണ്‍ഗ്രസ് നിഷേധിക്കുന്ന തരത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് വരുന്നതിന് മുൻപും അയോധ്യ രാഷ്ട്രീയ വിഷയമാകുന്നതിന് മുൻപും കോണ്‍ഗ്രസിനെ കണ്ണടച്ചു പിന്തുണച്ചിരുന്നവരാണ് യുപിയിലെ മുന്നോക്ക സമുദായ വോട്ടു ബാങ്കുകൾ. ആ സാഹചര്യമാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പ്രതീക്ഷയും.
2014ലെ സിഎസ്ഡിഎസ് സർവേ അനുസരിച്ച് യുപിയിലെ 72 ശതമാനം ബ്രാഹ്മണരും 77 ശതമാനം രജപുത്രരും 71 ശതമാനം വൈശ്യ സമൂഹവും ബിജെപിക്കാണ് വോട്ട് ചെയ്തത്. എന്നാൽ, എസ്എസി നിയമത്തിൽ സുപ്രീംകോടതി നടത്തിയ ഭേദഗതിയിൽ ബിജെപി കാര്യമായ ഇടപെടലുകൾ നടത്താത്തിൽ യുപിയിലെ മുന്നോക്ക സമുദായങ്ങൾക്കിടയിൽ ഇപ്പോൾ കടുത്ത അസംതൃപ്തിയുണ്ട്.
അതിന്റെ അടിസ്ഥാനത്തിൽ വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് നൽകാൻ താത്പര്യമില്ലാത്തതും ബിഎസ്പി-എസ്പി സഖ്യത്തിനോട് ആഭിമുഖ്യമില്ലാത്തതുമായ അവരുടെ മുന്നിലേക്ക് മൂന്നാമതൊരു സാധ്യത ആയി വരുന്നത് കോണ്‍ഗ്രസ് ആണ്. ആ നിലയ്ക്ക് മുന്നോക്ക സമുദായ വോട്ടുകൾ തങ്ങളുടെ പെട്ടിയിലാക്കാൻ പ്രിയങ്കയുടെ നേതൃപാടവത്തിലൂടെ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
സോണിയ ഗാന്ധിയുടെ മോശം ആരോഗ്യ നിലയും മുൻപെന്ന പോലെ ഇപ്പോൾ തുടർച്ചയായ യാത്രകൾക്കു കഴിയില്ലെന്നതും പ്രിയങ്കയുടെ വരവ് അനിവാര്യമാക്കി. മാത്രമല്ല സജീവ രാഷ്ട്രീയത്തിന്റെ ഭാഗമല്ലാതിരുന്നിട്ടു കൂടി പ്രിയങ്കയ്ക്ക് കോണ്‍ഗ്രസ് പ്രവർത്തകരുടെ ഇടയിൽ ഉള്ള സ്വീകാര്യതയും ശ്രദ്ധേയമാണ്. പ്രിയങ്ക മുന്നോട്ടു കടന്നു വരണം എന്നത് കഴിഞ്ഞ കുറേ വർഷങ്ങളായി കോണ്‍ഗ്രസിനുള്ളിൽ നിന്നുയരുന്ന ആവശ്യവുമാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങേണ്ടി വന്ന തകർച്ചയുടെ ഞെട്ടലിൽ നിന്നു മുക്തി നേടി മൂന്നു സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിച്ച് കരുത്ത് വീണ്ടെടുക്കുന്ന പുതിയ കോണ്‍ഗ്രസിന്റെ മുൻനിര നേതൃനിരയിലേക്കാണ് ഇപ്പോൾ പ്രിയങ്ക കടന്നു വന്നിരിക്കുന്നത്.
2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ യുപിയിൽ ബിജെപിയുടെ വോട്ട് ശതമാനം 42.6 ശതമാനവും 2017 നിയമസഭ തെരഞ്ഞെടുപ്പിൽ 40 ശതമാനവും ആയിരുന്നു. 2014 തെരഞ്ഞെടുപ്പിൽ ബിഎസ്പി, എസ്പി, കോണ്‍ഗ്രസ് വോട്ട് ശതമാനം ഏകദേശം 50 ശതമാനമായിരുന്നു. അതിൽ തന്നെ കോണ്‍ഗ്രസിന് ഒറ്റയ്ക്കുള്ളത് വെറും 7.5 ശതമാനവും അവിടെ നിന്നാണ് ഇപ്പോൾ ബിഎസ്പി, എസ്പി സഖ്യത്തിന് പുറത്ത് നിന്നു കൊണ്ട് ഒരു വലിയ തിരിച്ച് വരവ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
ബിജെപിയ നേരിടാൻ തങ്ങൾ ഒറ്റക്കെട്ടായി നിൽക്കുന്പോൾ കോണ്‍ഗ്രസിനോടു ദൂരപരിധിയുണ്ടെന്ന് മായാവതി വ്യക്തമാക്കുകയും ചെയ്തിരുന്നു. ആ സാഹചര്യത്തിലാണ് ഉത്തർപ്രദേശിലെ ബഹൻജി മായാവതിയുടെ പ്രഭാവം കൂടി മറികടന്നേക്കാമെന്ന കണക്കു കൂട്ടലിൽ രാഹുൽ സ്വന്തം സഹോദരി പ്രിയങ്കയെ മുൻനിരയിലേക്ക് കൈപിടിച്ചിറക്കിയിരിക്കുന്നത്. ബിജെപിയുടെ മുന്നോക്ക സമുദായ വോട്ടു ബാങ്കിൽ എങ്ങനെ വിള്ളലുണ്ടാക്കുമെന്നതും എസ്പി-ബിസ്പി സഖ്യത്തിന് മീതെ എങ്ങനെ സ്വാധീനം ഉറപ്പിക്കാമെന്നതുമാണ് ഇനി പ്രിയങ്ക ഗാന്ധിയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളികൾ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിക്കു പുറമേ യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ മണ്ഡലമായിരുന്ന ഗോരഖ്പൂരും നിരവധി കേന്ദ്ര മന്ത്രിമാരുടെ തെരഞ്ഞെടുപ്പു മണ്ഡലങ്ങളും പ്രിയങ്ക ഗാന്ധിയുടെ ചുമതലയിലുള്ള കിഴക്കൻ യുപിയിലാണ്. മൂന്നു ദശകങ്ങൾക്കു മുൻപ് കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും വിജയലക്ഷ്മി പണ്ഡിറ്റും മത്സരിച്ചു വിജയിച്ചിട്ടുള്ള ഫൂൽപൂരും കിഴക്കൻ യുപിയിലാണ്.