കൽപ്പറ്റ: തെരഞ്ഞടുപ്പു പ്രചാരണത്തിന്റെ ഭാഗമായി എൽഡിഎഫ് പുൽപ്പള്ളിയിൽ സംഘടിപ്പിച്ച കർഷക പാർലമെന്റിനു ബദലായി യുഡിഎഫ് കർഷക സംഗമം. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തിൽ ഇന്നുച്ചയ്ക്കു ഒന്നരയ്ക്കു പുൽപ്പള്ളി സീതാദേവി ക്ഷേത്രമൈതാനിയിലാണ് കർഷക സംഗമം.
കിസാൻസഭ അഖിലേന്ത്യാധ്യക്ഷൻ അശോക് ധാവ്ലേ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മാധ്യമപ്രവർത്തകൻ പി. സായ്നാഥ് തുടങ്ങിയവരെ പങ്കെടുപ്പിച്ചു നടത്തിയ കർഷക പാർലമെന്റിൽ രാജ്യത്തെ കാർഷിക പ്രതിസന്ധിക്കു മുഖ്യകാരണം മുൻ കോണ്ഗ്രസ് സർക്കാരുകളുടെ തെറ്റായ സാന്പത്തിക നയങ്ങളാണെന്ന വിമർശനം ഉയർന്നിരുന്നു. കർഷക വിരുദ്ധമാണ് കോണ്ഗ്രസിന്റെ നയങ്ങളെന്നും പാർലമെന്റിൽ ആരോപണം ഉയർന്നു. ഇതിനുളള മറുപടി പ്രിയങ്ക ഗാന്ധിയിലൂടെ നൽകുകയാണ് കർഷക സംഗമ ലക്ഷ്യം.
കിസാൻ കോണ്ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് നാനേ പഠോൾ, ദേശീയ കോ ഓർഡിനേറ്ററും സംസ്ഥാന പ്രസിഡന്റുമായ ലാൽ വർഗീസ് കൽപകവാടി, ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ, കിസാൻ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ജോഷി സിറിയക്, സംസ്ഥാന വൈസ് പ്രസിഡന്റ് അൻവർ വർക്കല, സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രസിഡന്റ് കൂർക്കോളി മൊയ്തീൻ തുടങ്ങിയ നേതാക്കളും കർഷക സംഗമത്തിനെത്തും.
മനുഷ്യനിർമിത പ്രളയത്തിന്റെ കെടുതികൾ അനുഭവിക്കുന്ന കർഷകരെ സഹായിക്കാതെ മഹാരാഷ്ട്രയിൽ പോയി കർഷക സമരം നടത്തിയ സിപിഎം മുൻകൈയെടുത്തു സംഘടിപ്പിച്ച കർഷക പാർലമെന്റ് അധാർമികമാണെന്ന അഭിപ്രായത്തിലാണ് യുഡിഎഫ്. കർഷക സംഗമത്തിൽ പതിനായിരത്തിൽപരം ആളുകളുടെ പങ്കാളിത്തം ഉണ്ടാകുമെന്നു കിസാൻ കോണ്ഗ്രസ് ജില്ലാ സെക്രട്ടറി ജോസ് കെ. മാത്യു പറഞ്ഞു.
മാനന്തവാടി വള്ളിയൂർക്കാവ് മൈതാനിയിൽ തെരഞ്ഞെടുപ്പു പ്രചാരണയോഗത്തിൽ പ്രസംഗം, പുൽവാമയിൽ ചാവേർ ആക്രമണത്തിൽ മരിച്ച സിആർപിഎഫ് ഹവിൽദാർ വി.വി. വസന്തകുമാറിന്റെ മുട്ടിൽ തൃക്കപ്പറ്റയിലുള്ള തറവാട് സന്ദർശനം എന്നിവയും വയനാട്ടിൽ പ്രിയങ്കയുടെ പരിപാടികളാണ്. സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ മൂന്നിടങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.