ഇന്ത്യൻ ദേശീയവാദികളെ തീവ്രവാദികളായി ചിത്രീകരിച്ചു വിവാദത്തിലായ ക്വാണ്ടികോ നിർമാതാക്കൾ മാപ്പുപറഞ്ഞു തലയൂരി. ബോളിവുഡ് നടി പ്രിയങ്ക ചോപ്ര പ്രധാന കഥാപാത്രമായെത്തുന്ന അമേരിക്കൻ ടെലിവിഷൻ പരന്പരയായ ക്വാണ്ടികോയുടെ നിർമാതാക്കളായ എബിസി സ്റ്റുഡിയോസ് ആരാധകരോടു പരസ്യമായി മാപ്പുപറഞ്ഞു. പരന്പരയിലെ ഒരു ഭാഗം സങ്കീർണ രാഷ്ട്രീയ വിവാദമാക്കിയതിൽ ഖേദിക്കുന്നതായും ഇത് മുന്നോട്ടുകൊണ്ടുപോകാൻ താത്പര്യപ്പെടുന്നില്ലെന്നും എബിസി സ്റ്റുഡിയോസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ജൂണ്‍ ഒന്നിനു സംപ്രേക്ഷണം ചെയ്ത എപ്പിസോഡിൽ ഇന്ത്യക്കാരെ ഭീകരരായി ചിത്രീകരിച്ചു എന്ന് കുറ്റപ്പെടുത്തിയാണ് പ്രിയങ്ക ചോപ്രയ്ക്കും നിർമാതാക്കൾക്കുമെതിരേ പ്രതിഷേധമുയർന്നത്. ജൂണ്‍ 1-ന് പുറത്തുവന്ന “ദി ബ്ലഡ് ഓഫ് റോമിയോ’ എന്ന എപ്പിസോഡിൽ, പാക്കിസ്ഥാനുമേൽ കുറ്റമാരോപിക്കുന്നതിനായി മാൻഹട്ടണിൽ ഇന്ത്യൻ “ദേശീയവാദികൾ’ ബോംബ് വയ്ക്കുന്നതായാണ് ചിത്രീകരിച്ചു സംപ്രേക്ഷണം ചെയ്തത്. എഫ്ബിഐ ഏജന്റായ അലക്സ് പാരിഷ് എന്ന പ്രിയങ്ക അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രം, അമേരിക്കയിൽ സ്ഫോടനമുണ്ടാക്കി, പാകിസ്ഥാനുമേൽ പഴി ചാരാനുള്ള ഇന്ത്യൻ തീവ്രവാദികളുടെ നീക്കത്തെ സമർഥമായി തടയുന്നതായാണ് കഥ.
ഇതേതുടർന്ന് സീരീസിൽ അഭിനയിക്കാൻ സമ്മതിച്ചതിന്റെ പേരിൽ നടിക്കെതിരേ സമൂഹമാധ്യമങ്ങളിൽ വിമർശമുയർത്തുകയായിരുന്നു. ഇന്ത്യയെ ഒരു തീവ്രവാദരാഷ്ട്രമായി ചിത്രീകരിക്കുന്നത് ഒരു ഇന്ത്യക്കാരിയെന്ന നിലയിൽ പ്രിയങ്ക ചോപ്ര എതിർക്കണമായിരുന്നു എന്നും വിമർശകർ വാദിച്ചു. എന്നാൽ ഈ വിമർശനങ്ങൾ തള്ളിയ നിർമാതാക്കൾ, കഥയിലോ കാസ്റ്റിംഗിലോ പ്രിയങ്കയ്ക്കു യാതൊരു പങ്കുമില്ലെന്നു വിശദീകരിച്ചു.
ക്വാണ്ടികോ മൂന്നാം സീസണാണ് ഇപ്പോൾ സംപ്രേക്ഷണം ചെയ്യുന്നത്. റേറ്റിംഗ് കുറഞ്ഞതിനെ തുടർന്ന് എബിസി പരന്പര ഉപേക്ഷിക്കാൻ തീരുമാനിച്ചിട്ടുള്ളതിനാൽ ഇത് ക്വാണ്ടികോയുടെ അവസാന സീസണാണ്. സീരീസിന്റെ ആദ്യ രണ്ടു സീസണുകളിലും പ്രിയങ്ക അഭിനയിച്ചിരുന്നു.