ലഖ്നൗ: ഉന്നാവോ മാനഭംഗ കേസിൽ സുപ്രീംകോടതിയുടെ ഇടപെടൽ ഉത്തർപ്രദേശിലെ കാട്ടുനീതിക്കുള്ള മറുപടിയാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ക്രമസമാധനാ പാലനത്തിൽ സംസ്ഥാന സർക്കാർ പരാജയമാണെന്നു പറഞ്ഞ പ്രിയങ്ക കുൽദീപ് സിംഗിനെ സംരക്ഷിച്ച ബിജെപി നടപടിയെ വിമർശിക്കുകയും ചെയ്തു. അതേസമയം അപകടവുമായി ബന്ധപ്പെട്ട് മുൻ ജിജെപി എംഎൽഎ കുൽദീപ് സിംഗിനെ ഇന്ന് സിബിഐ ചോദ്യം ചെയ്തേക്കും.
വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉന്നാവോ പെണ്‍കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് പെണ്‍കുട്ടി ചികിൽസയിൽ കഴിയുന്ന കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഡോക്ടർമാർ. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പെണ്‍കുട്ടിയുടെയും അഭിഭാഷകന്റെയും ആരോഗ്യനിലയിൽ മാറ്റമുണ്ടെന്ന് ട്രോമാ കെയർ മേധാവി ഡോ.വി സന്ദീപ് തിവാരി ദേശീയമാധ്യമങ്ങളോട് പറഞ്ഞു. പെണ്‍കുട്ടിയുടെ തലയ്ക്ക് സിടി സ്കാനിൽ കാര്യമായ ക്ഷതം കണ്ടെത്താനായില്ല.
എങ്കിലും വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവൻ നിലനിർത്തുന്നത്. വിദഗ്ധഡോക്ടർമാരുടെ പ്രത്യേകസംഘമാണ് പെണ്‍കുട്ടിയുടെ ചികിൽസ ഏകോപിപ്പിക്കുന്നത്. പെണ്‍കുട്ടിയെ ഉത്തർപ്രദേശിന് പുറത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. ഇതുസംബന്ധിച്ച് പുതിയ നിർദേശങ്ങളൊന്നും തങ്ങൾക്ക് ലഭിച്ചിട്ടില്ല.
പെണ്‍കുട്ടിക്ക് ലഖ്ൗവിൽതന്നെ വിദഗ്ധചികിൽസ നൽകാനാവുമെന്നും സന്ദീപ് തിവാരി വ്യക്തമാക്കി. പരീക്ഷണാടിസ്ഥാനത്തിൽ അഭിഭാഷകന്റെ വെന്റിലേറ്റർ ഒരുതവണ മാറ്റിനോക്കിയിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സാധാരണനിലയിലേക്ക് എത്തിയിട്ടുണ്ട്. ഇപ്പോൾ വീണ്ടും വെന്റിലേറ്റർ സൗകര്യമേർപ്പെടുത്തിയിട്ടുണ്ടെന്നും തിവാരി കൂട്ടിച്ചേർത്തു. അതേസമയം, പെണ്‍കുട്ടിയെ വിദഗ്ധചികിൽസയ്ക്കായി ഡൽഹിയിലേക്ക് മാറ്റുന്നതിനെ കുടുംബാംഗങ്ങൾ എതിർത്തെന്നാണ് സൂചന. പെൺകുട്ടിയുടെ സുരക്ഷ സിആർപിഎഫ് ഏറ്റെടുത്തു.