കോഴിക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രിയങ്ക ഗാന്ധി എത്തുന്നതോടെഎല്ലാ കണ്ണുകളും കെ.മുരളീധരനിലേക്ക്. രാജ്യം ശ്രദ്ധിക്കുന്ന മല്‍സരത്തിന്റെ പ്രചാരണത്തിന്റെ കടിഞ്ഞാണ്‍ കെ. മുരളീധരനു നല്‍കണമെന്ന ആവശ്യമാണ് പാര്‍ട്ടിയില്‍ ഉയരുന്നത്.
തൃശൂരിലെ തോല്‍വിയോടെ പാര്‍ട്ടിയോട് ഇടഞ്ഞ് സജീവ രാഷ്ട്രീയത്തില്‍നിന്നു വിട്ടുനില്‍ക്കുന്നതായി അറിയിച്ച മുരളീധരനെ വീണ്ടും സജീവമാക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം സഹായകരമാകുമെന്നാണ് പാര്‍ട്ടി കണക്ക് കൂട്ടുന്നത്.
ഗാന്ധികുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് മുരളീധരന്. ആ കുടുംബത്തിലെ ഇളം തലമുറക്കാരി വയനാട്ടില്‍ എത്തുമ്പോള്‍ അവര്‍ക്കായി പ്രചാരണത്തിനു സജീവമായി ഇറങ്ങാതിരിക്കാന്‍ മുരളീധരനു കഴിയില്ലെന്ന് പാര്‍ട്ടി നേതൃത്വം കരുതുന്നു.
പ്രിയങ്ക മത്സരിക്കുന്നില്ലെങ്കില്‍ വയനാട്ടില്‍ കെ. മുരളീധരനെ മത്സരിപ്പിക്കാന്‍ കേരളനേതൃത്വം സന്നദ്ധമായിരുന്നു. എന്നാല്‍ മുരളീധരന് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള താത്പര്യമാണ് അറിയിച്ചത്. ഇതോടെ ആ സാധ്യതയും അടഞ്ഞു.
കോണ്‍ഗ്രസിന് ആവേശം പകര്‍ന്ന് പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ പ്രചാരണം കൊഴുപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. ഇതിനുള്ള സ്റ്റാര്‍ പ്രചാരകനായി മുരളീധരന് തന്നെ എത്തണമെന്നാണ് പാര്‍ട്ടിയിലെ പൊതു വികാരം. മുരളീധരനും ഇക്കാര്യത്തില്‍ അനുകൂലനിലപാടാണെന്നാണ് അറിയുന്നത്.
തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥി ജയിക്കുകയും ഇടതു സ്ഥാനാര്‍ഥിക്കു പിന്നില്‍ മൂന്നാം സ്ഥാനത്താകുകയും ചെയ്തതോടെയാണ് മുരളീധരന് പൊട്ടിത്തെറിച്ചത്. തോല്‍വിയേക്കാള്‍ തോറ്റ രീതിയാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. വടകരയില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചിരുന്ന അദ്ദേഹത്തെ ഹെക്കമാന്‍ഡ് ഉള്‍പ്പെടെ ഇടപെട്ടാണ് തൃശൂരില്‍ സ്ഥാനാര്‍ഥിയാക്കിയത്. വടകരയില്‍ പകരം സ്ഥാനാര്‍ഥിയായ ഷാഫി പറമ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ കെ. മുരളീധരന് തൃശൂരില്‍ കനത്ത പരാജയമാണ് നേരിട്ടത്.
വലിയ രീതിയിലുള്ള വോട്ട് ചോര്‍ച്ച ഉണ്ടായെന്നും കോണ്‍ഗ്രസ് പ്രാദേശികനേതാക്കള്‍ തന്നെ പാലം വലിക്കുകയായിരുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ പരാതി. തോല്‍വിക്ക് ശേഷം അദ്ദേഹവുമായി കോഴിക്കോട്ടെ വസതിയില്‍ വച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ഉള്‍പ്പെടെ ചര്‍ച്ച നടത്തിയിരുന്നു. ‘നയിക്കാന്‍ നായകന് വരട്ടെ’ എന്ന പേരില്‍ മുരളീധരനെ അനുകൂലിച്ച് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ഇതിനിടയിലാണ് വയനാട്ടിലേക്ക് പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ രംഗപ്രവേശം.