കോഴിക്കോട്: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കുന്നതിനു കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും സഹോദരനും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയും ഇന്ന് വയനാട്ടില്‍ എത്തും.
വൈകിട്ട് ബത്തേരിയില്‍ എത്തുന്ന ഇവര്‍ വയനാട്ടില്‍ താമസിക്കും.
നാളെയാണ് പത്രിക സമര്‍പ്പിക്കുക. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയും നാളെ രാവിലെ വയനാട്ടില്‍ എത്തിച്ചേരും. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി (തെലുങ്കാന), സിദ്ധരാമയ്യ (കര്‍ണാടക), എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി, കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തുടങ്ങിയ നേതാക്കളും പത്രിക സമര്‍പ്പിക്കുന്നതിനു വയനാട്ടില്‍ എത്തുന്നുണ്ട്.
കരുത്തു തെളിയിക്കാന്‍ റോഡ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ പതിനൊന്നിന് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് റോഡ് ഷോ ആരംഭിക്കും. 12 മണിക്കാണ് പത്രികാ സമര്‍പ്പണം. നാളെത്തന്നെ പ്രിയങ്ക തിരിച്ചുപോകും. പിന്നീട് പത്തു ദിവസം വയനാട്ടില്‍ വോട്ട് അഭ്യര്‍ഥിക്കാന്‍ എത്തും. കേരളത്തില്‍ വോട്ട് അഭ്യര്‍ഥിക്കുന്നതിനു രാഹുല്‍ ഗാന്ധിയുടെ കുടുംബം ഒന്നിച്ചെത്തുന്നത് ഇതാദ്യമാണെന്ന പ്രത്യേകതയുണ്ട്.
പ്രിയങ്കയുടെയും സോണിയയുടെയും വയനാട് സന്ദര്‍ശനം വന്‍ സംഭവമാക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്. കന്നിയങ്കത്തില്‍ നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കുന്നതിനു മുന്‍പ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി അനുഗ്രഹം തേടി. ഡല്‍ഹിയില്‍ ഖാര്‍ഗെയുടെ ഔദ്യോഗിക വസതിയിലെത്തിയ പ്രിയങ്കയെ ഖാര്‍ഗെ അശീര്‍വദിക്കുകയും വിജയാശംസകള്‍ നേരുകയും ചെയ്തു.
വയനാട്ടില്‍ അഞ്ചു ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം ലക്ഷ്യമിട്ടാണ് യുഡിഎഫിന്റെ പ്രവര്‍ത്തനം. സത്യന് മൊകേരിയാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി. നവ്യാ ഹരിദാസ് ബിജെപി സ്ഥാനാര്‍ഥിയും.