കല്‍പ്പറ്റ: വയനാടിനെ കൈവിടില്ല, ഏത് പ്രശ്നത്തിലും സന്തോഷത്തിലും വയനാടിനൊപ്പമുണ്ടാകും. ജില്ലയെ നയിക്കാന്‍ അവസരം നല്കിയാല് അത് ആദരമായി കാണുമെന്ന് കോൺഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധി.
വയനാട്ടിലെ റോഡ് ഷോയ്ക്കുശേഷം കല്‍പ്പറ്റയിലെ പൊതുപരിപാടിയിൽ വോട്ടര്‍മാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രിയങ്ക. 17-ാം വയസിലാണ് പിതാവിന് വേണ്ടി ആദ്യമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഇന്നിപ്പോള്‍ 35 വര്‍ഷത്തോളമായി അച്ഛനുവേണ്ടിയും അമ്മയ്ക്കും വേണ്ടിയും സഹോദരങ്ങള്‍ക്ക് വേണ്ടിയും മറ്റു നേതാക്കള്‍ക്ക് വേണ്ടിയും പ്രചാരണം നടത്തി. പക്ഷേ ആദ്യമായാണ് തനിക്ക് വേണ്ടി ഒരു തെരഞ്ഞടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതെന്നും അത് വ്യത്യസ്തവമായ അനുഭവമാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തവും പ്രിയങ്ക പ്രസംഗത്തില്‍ അനുസ്മരിച്ചു. ചൂരല്‍മലയിലെ ദുരന്തകാഴ്ചകളും കരളുറപ്പും തന്റെ ഉള്ളില്‍ തൊട്ടു. എല്ലാം നഷ്ടപ്പെട്ട മനുഷ്യരെയാണ് താന്‍ അവിടെ കണ്ടത്.
താൻ കണ്ട ഓരോരുത്തരും പരസ്പരം സഹായിച്ചുകൊണ്ട് പ്രവര്‍ത്തിക്കുകയായിരുന്നു. വയനാട്ടുകാരുടെ ഈ ധൈര്യം തന്നെ ആഴത്തിൽ സ്പര്‍ശിച്ചു. വയനാടിന്റെ ഭാഗമാകുന്നത് വലിയ സൗഭാഗ്യവും ആദരവും അഭിമാനവുമായി കാണുന്നു.
തനിക്കിത് പുതിയ യാത്രയാണ്. ഇവിടെ കാണുന്ന ആള്‍ക്കൂട്ടം നമ്മുക്കിടയിലെ വിശ്വാസത്തിന്റെ പ്രതീകമാണ്. തന്നെ അംഗീകരിച്ചതിന് ഹൃദയത്തിന്റെ ആഴത്തില്‍നിന്ന് നന്ദി പറയുന്നെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.