കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് പൂരത്തിനു പിന്നാലെ മറ്റൊരു രാഷ്ട്രീയോത്സവത്തിനു വഴിയൊരുക്കി വയനാട്ടിലേക്ക് പ്രിയങ്ക ഗാന്ധിയുടെ മാസ് എന്‍ട്രി. സഹോദരൻ രാഹുൽ ഗാന്ധി ഒഴിയുന്ന വയനാട്ടിൽ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാൻ കോൺഗ്രസിന്റെ ഉന്നതതല നേതൃയോഗം തീരുമാനിച്ചു. ഇതാദ്യമായാണ് പ്രിയങ്ക ഗാന്ധി ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
രാഹുൽ ഗാന്ധി വയനാട് പാർലമെന്റ് അംഗത്വം രാജിവച്ച് റായ്ബറേലി മണ്ഡലം നിലനിർത്തുമെന്നും ഉപതെരഞ്ഞെടുപ്പിൽ സഹോദരി പ്രിയങ്ക മത്സരിക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി മത്സരിച്ച റായ്ബറേലിയിലും വയനാട്ടിലും വിജയിച്ചതോടെയാണ് ഒരു സീറ്റ് ഒഴിയാൻ തീരുമാനിച്ചത്.
വയനാട് രാഹുൽ ഒഴിയുന്നതിന്റെ വിഷമത്തിലായിരുന്ന കോൺഗ്രസ് പ്രവർത്തകർ പ്രിയങ്കയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തോടെ ആവേശഭരിതരാണ്. കേരളത്തിലെ കോണ്‍ഗ്രസിന്റെ എറ്റവും സുരക്ഷിതമണ്ഡലമായ വയനാട്ടില്‍ പ്രിയങ്ക ഗാന്ധി പോരിനിറങ്ങുന്നതോടെ അത് കേരളത്തില്‍ ഭരണം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന യുഡിഎഫിനും ശക്തി പകരും. അതോടൊപ്പം വയനാട്ടില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സംസ്ഥാന കോൺഗ്രസിൽ ഉയര്‍ന്നേക്കാമായിരുന്ന പ്രശ്നങ്ങളും ഒഴിവായി.
തൃശൂരില്‍ തോറ്റ കെ. മുരളീധരനെ വയനാട്ടില്‍ മല്‍സരിപ്പിക്കണമെന്ന നിർദേശം ഉയർന്നിരുന്നെങ്കിലും മുരളി താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. അദ്ദേഹം ഡല്‍ഹിയിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഇതിനുശേഷമാണ് പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചത്.
രാഹുലിന് പകരം പ്രിയങ്ക എത്തുമ്പോൾ ഭൂരിപക്ഷം എത്ര ഉയരുമെന്നതുതന്നെയാണ് പ്രധാന ചര്‍ച്ച. രാഹുല്‍ ഗാന്ധി മാറിയാലും വിഐപി മണ്ഡലമെന്ന വയനാടിന്റെ മേല്‍വിലാസം തുടരും. വയനാട്ടില്‍ ആദ്യം രാഹുല്‍ ജയിച്ചപ്പോള്‍ 4,31000 ൽ അധികം വോട്ടിന്റെ റിക്കാർഡ് ഭൂരിപക്ഷമുണ്ടായിരുന്നു. രണ്ടാം തവണ 3.64 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷവും നേടാനായി. രാഹുലിന്റെ പ്രചാരണത്തിനായി വയനാട്ടില്‍ പ്രിയങ്ക ഒറ്റയ്ക്ക് എത്തിയപ്പോള്‍ ഒഴുകിയെത്തിയ ആള്ക്കൂട്ടംതന്നെയാണ് ഭൂരിപക്ഷം ഉയര്‍ത്തുമെന്ന ആത്മവിശ്വാസം യുഡിഎഫിന് നല്‍കുന്നത്.
രാഹുല്‍ ഒഴിഞ്ഞാല്‍ പ്രിയങ്ക വരണമെന്നാണ് ലീഗ് നേതൃത്വം ഉള്‍പ്പെടെ എഐസിസിയോട് ആവശ്യപ്പെട്ടത്. ഇന്ത്യാ മുന്നണിയെ സംബന്ധിച്ച് രാഹുലിന് പുറമേ പ്രിയങ്കയും രാഷ്ട്രീയത്തില്‍ സജീവമാകുന്നുവെന്നത് വലിയ നേട്ടംതന്നെയാണ്. ഇന്ദിരാ ഗാന്ധിയും പിന്നീട് സോണിയാ ഗാന്ധിയും വിജയിച്ച റായ്ബറേലി മണ്ഡലത്തിൽ ഇത്തവണ രാഹുൽ 3.9 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് രാഹുൽ നേടിയത്. ബിജെപി സ്ഥാനാർഥി ദിനേശ് പ്രതാപ് സിംഗിനെയാണ് പരാജയപ്പെടുത്തിയത്.