കോഴിക്കോട്: രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തിലെ പാര്‍ലമെന്റ് അംഗത്വം രാജിവയ്ക്കുന്ന മുറയ്ക്ക് സഹോദരി പ്രിയങ്കാഗാന്ധി മത്സരത്തിനെത്താന്‍ സാധ്യത ഏറുന്നു. ഇന്നലെ ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരുക്കിയ വിരുന്നില്‍ സംസാരിക്കവെ രാഹുല്‍ നല്കുന്ന സൂചന പ്രിയങ്കയിലേക്കാണ്.
പ്രിയങ്കയ്ക്ക് എല്ലാവിധ പിന്തുണയും കെപിസിസി വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രിയങ്ക വന്നാല്‍ രാഹുലിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ കഴിയുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. വയനാട്ടിലും യുപിയിലെ റായ്ബറേലിയിലുമാണ് രാഹുല്‍ഗാന്ധി വിജയിച്ചത്.
ഉത്തരേന്ത്യയില്‍ പാര്‍ട്ടിയെ വളര്‍ത്താന്‍ രാഹുലിന്റെ റായ്ബറേലിയിലെ എംപിസ്ഥാനം ഗുണം ചെയ്യുമെന്നാണ് എഐസിസിയുടെ വിലയിരുത്തല്‍. ദേശീയ രാഷ്ട്രീയത്തിന്റെ പ്രധാന്യം കണക്കിലെടുത്ത് രാഹുല്‍ റായ്ബറേയിലില് വേണമെന്നും പാര്‍ട്ടി കരുതുന്നു.
എന്നാല്‍ ഏതു മണ്ഡലം ഒഴിയണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസും രാഹുലും തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ താന്‍ തികഞ്ഞ ആശയക്കുഴപ്പത്തിലാണെന്ന് കഴിഞ്ഞ ദിവസം വയനാട് മണ്ഡലത്തില്‍ സന്ദശര്നം നടത്തിയ രാഹുല്‍ പ്രതികരിച്ചിരുന്നു. വയനാട് തന്റെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച പ്രദേശമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
യുഡിഎഫിന്റെ ഉറച്ച സീറ്റായ വയനാട്ടില്‍ പ്രിയങ്കയെ വലിയ വെല്ലുവിളികള്‍ ഇല്ലാതെ ജയിപ്പിക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് കരുതുന്നുണ്ട്. പ്രത്യേകിച്ച് ബിജെപിക്ക് കനത്ത ഭീഷണി ഉയര്‍ത്തി ഇന്ത്യാസഖ്യം തെരഞ്ഞെടുപ്പില്‍ വന്‍ വിജയം കൈവരിച്ച സാഹചര്യത്തില്‍.
സംസ്ഥാന സര്‍ക്കാറിനെതിരായ വികാരവും ഇന്ത്യാസഖ്യത്തില്‍ ജനങ്ങളുടെ പ്രതീക്ഷയും പ്രിയങ്കയ്ക്ക് അനുകൂല സാഹചര്യമൊരുക്കുമെന്നാണ് വിലയിരുത്തല്‍. വയനാട് നിലനിര്‍ത്താന്‍ രാഹുല്‍ തീരുമാനിച്ചാല്‍ റായ്ബറേലി ദേശീയ ശ്രദ്ധ നേടുന്ന കനത്ത മത്സരത്തിലേക്കു നീങ്ങും.