ന്യൂഡൽഹി: ഉത്തർപ്രദേശിൽ സന്ദർശനം നടത്തവേ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പോലീസ് കൈയേറ്റം ചെയ്തതായി പരാതി. പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ചതിന് അറസ്റ്റിലായ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ എസ്.ആർ. ദാരാപുരിയുടെ വീട് സന്ദർശിക്കാൻ പോകവേ പോലീസ് തന്നെ കഴുത്തിനു കുത്തിപ്പിടിച്ച് തള്ളിയിട്ടുവെന്നു പ്രിയങ്ക പറഞ്ഞു.
“എന്നെ തടയാൻ പോലീസിനെ അവകാശമില്ല. എന്നെ അറസ്റ്റ് ചെയ്യണമെന്നുണ്ടെങ്കിൽ ആകാമായിരുന്നു. ഞങ്ങൾ വാഹനത്തിൽ പോകവേ ഒരു പോലീസ് വാഹനം വന്നു. പോകാൻ പറ്റില്ലെന്നു ഞങ്ങളോടു പറഞ്ഞു. ഞാൻ വാഹനത്തിൽനിന്നിറങ്ങി നടക്കവേ പോലീസ് സംഘം എന്നെ വളഞ്ഞു. ഒരു വനിതാ പോലീസ് എന്റെ കഴുത്തിനു കുത്തിപ്പിപ്പിടിച്ചു. മറ്റൊരാൾ എന്നെ തള്ളി വീഴിച്ചു”-ദാരാപുരിയുടെ വീട് സന്ദർശിച്ചശേഷം പ്രിയങ്ക മാധ്യമപ്രവർത്തകരോടു പറഞ്ഞു.
അതേസമയം, പ്രിയങ്കയുടെ ആരോപണങ്ങൾ തെറ്റാണെന്നു യുപി പോലീസ് പറഞ്ഞു. പോലീസുകാർ തടഞ്ഞതിനെത്തുടർന്ന് കാറിൽനിന്നിറങ്ങിയ പ്രിയങ്ക ഒരു കോൺഗ്രസ് പ്രവർത്തകന്റെ ഇരുചക്രവാഹനത്തിന്റെ പിന്നിലിരുന്നാണു ദാരാപുരിയുടെ വീട്ടിലെത്തിയത്. എഴുപത്തിയാറുകാരനും കാൻസർ രോഗിയുമായ ദാരാപുരിയെ കലാപക്കുറ്റം ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പൗരത്വ നിയമത്തിനെതിരേ പ്രതിഷേധിച്ചതിനു പോലീസ് അറസ്റ്റ് ചെയ്ത കോണ്ഗ്രസ് പ്രവർത്തകയും ആക്ടിവിസ്റ്റുമായ സദഫ് ജഫാറിന്റെ ബന്ധുക്കളെയും പ്രിയങ്ക സന്ദർശിച്ചു. ഈ ആഴ്ച ആദ്യം ലക്നോ കോടതി സദാഫിന്റെ ജാമ്യം നിഷേധിച്ചിരുന്നു.