മലയാളം ഉൾപ്പെടെ തെന്നിന്ത്യൻ സിനിമകളിൽ ഒരുകാലത്തു നിറസാന്നിധ്യമായിരുന്നു പ്രിയ രാമൻ. സിനിമയിൽ സജീവമല്ലെങ്കിലും പ്രിയ ഇപ്പോഴും തിരക്കിലാണ്. സീരിയൽ അഭിനയത്തിനൊപ്പം ബിസിനസിലും സജീവമാണ് നടി.എന്നാൽ സിനിമയിൽ അഭിനയിക്കാത്തത് എന്തെന്ന ചോദ്യം പലരും ഉന്നയിക്കാറുണ്ടെന്നും ഇതിന് കാരണമുണ്ടെന്നുമാണ് നടി പറയുന്നത്.ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.
സിനിമ പുരുഷ കേന്ദ്രീകൃതമല്ലേ, അതുപോലെ ടെലിവിഷൻ പരന്പരകൾ സ്ത്രീകളുടേതാണ്. ടാർഗറ്റ് ഓഡിയൻസും അവരാണ്. അവരിൽ നിന്നൊരാൾ കഥാപാത്രമായി വരുന്പോൾ പെട്ടെന്ന് കണക്റ്റ് ചെയ്യാൻ പറ്റുന്നു. മാത്രമല്ല, സിനിമയുടെ സമയം പലപ്പോഴും എനിക്ക് അനുകൂലമായി വരണമെന്നില്ല.
അങ്ങനെ നോക്കിയപ്പോൾ ടെലിവിഷനിലേക്ക് ചുവടുമാറ്റുന്നതാണ് നല്ലതെന്ന് തോന്നി. സീരിയലിലേക്ക് കളം മാറ്റി ചവിട്ടിയപ്പോൾ ഇനി സിനിമ ചെയ്യില്ലേ എന്ന് എന്നോട് പലരും ചോദിച്ചിരുന്നു. സിനിമയെ സംബന്ധിച്ച് വിവാഹ ശേഷം നായികമാരെ അകറ്റി നിർത്തുന്ന പതിവാണുള്ളത്. കുടുംബത്തോടൊപ്പം കഴിയുന്നതിനിടയിൽ ഗ്ലാമറസ് റോൾ ചെയ്യാൻ പലരും തയാറാവില്ല. അങ്ങനെ വരുന്പോൾ പലരും നായികമാരെ ഒരുപരിധിവരെ ഒഴിവാക്കും. അല്ലെങ്കിൽ അപ്രസക്തമായ കഥാപാത്രങ്ങൾ നൽകി അവരെ ഒതുക്കും.
എന്നെ സംബന്ധിച്ചിടത്തോളം അഭിനയിച്ച കാലത്ത് ഒരുപിടി നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് നൽകി. ഇപ്പോഴും എന്റെ സിനിമകൾ പ്രേക്ഷകരുടെ മനസിൽ മായാതെയുണ്ട്. അപ്രധാനമായ വേഷങ്ങൾ ചെയ്ത് എന്റെ വില കളയേണ്ടതില്ലല്ലോ. പ്രണയവും വിവാഹമോചനവുമൊക്കെയായി ഒരു കാലത്ത് ഞാൻ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു.
രഞ്ജിത്തുമായുള്ള വിവാഹശേഷമാണ് ഞാൻ സിനിമയിൽ നിന്ന് ഇടവേളയെടുത്തത്. അഭിപ്രായവ്യത്യാസങ്ങൾ വിവാഹജീവിതത്തിന്റെ താളം തെറ്റിച്ചപ്പോഴാണ് വിവാഹമോചനം നേടിയത്. രണ്ട് മക്കളാണ് ഞങ്ങൾക്ക്. രണ്ടുപേരും എനിക്കൊപ്പമാണ്. ഞാൻ സന്തോഷവതിയാണ്- പ്രിയ രാമൻ പറയുന്നു.