ഒരു കണ്ണിറുക്കൽ കൊണ്ട് ജീവിതം മാറി മറിഞ്ഞ താരസുന്ദരിയാണ് പ്രിയ വാര്യർ. ഒമർ ലുലുവിന്റെ ഒരു അഡാർ ലവ് എന്ന സിനിമയും ചിത്രത്തിലെ മാണിക്യ മലർ എന്ന് തുടങ്ങുന്ന ഗാനത്തിലെ കണ്ണിറുക്കുന്ന രംഗമാണ് പ്രിയ ഒരു രാത്രി കൊണ്ട് ഇന്ത്യയാകെ സെൻസേഷനായി മാറാൻ കാരണമായത്. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ പ്രിയയെ തേടി മികച്ച അവസരങ്ങൾ എത്തുകയായിരുന്നു.
സോഷ്യൽമീഡിയയിലും പ്രിയയ്ക്ക് ആരാധകർ വർധിച്ചു. പല വലിയ ബ്രാൻഡുകളുടെയും മുഖമായും പ്രിയ ദിവസങ്ങൾക്കുള്ളിൽ മാറി. ഹ്രസ്വ ചിത്രങ്ങളും മ്യൂസിക്ക് വീഡിയോകളിലും നായികയായി അഭിനയിച്ചിരുന്ന പ്രിയയെ തേടി അടാർ ലൗവിനുശേഷം ബോളിവുഡ് സിനിമകൾ വരെ വന്നു. ആറു വർഷമായി മലയാള സിനിമയുടെ ഭാഗമാണെങ്കിലും താരത്തിന് ഇവിടെ അവസരങ്ങൾ കുറവാണ്.
ഇതുവരെ വെറും മൂന്ന് മലയാള സിനിമകളിൽ മാത്രമാണ് പ്രിയ നായികയായി അഭിനയിച്ചത്. തമിഴിലും തെലുങ്കിലുമാണ് താരമിപ്പോൾ സജീവം. പക്ഷെ അഭിനയത്തിൽ തന്നെ തുടരാൻ താൽപര്യപ്പെടുന്ന പ്രിയ മലയാളത്തിൽ നിന്നും നല്ല അവസരങ്ങൾ തന്നെ തേടി എത്തുന്നതിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. പക്ഷെ മുൻധാരണകൾ കാരണം മലയാളത്തിൽ ആരും തന്നെ വച്ച് റിസ്ക്കെടുക്കാൻ തയ്യാറാകുന്നില്ലെന്ന് പറയുന്നു പ്രിയ വാര്യർ. ഒരഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
മലയാളത്തിൽ നിന്നും മനഃപൂർവം ഇടവേളകൾ എടുക്കുന്നതല്ല. കാരണം അറിയില്ല. മലയാളത്തില്‍ നിന്നു വിളി വരുന്നുണ്ട്. നല്ല കഥാപാത്രങ്ങള്‍ കൂടുതലും വരുന്നത് അന്യഭാഷയില്‍ നിന്നാണ്. എന്റെ കഴിവെന്തെന്ന് മനസിലാക്കാന്‍ ആരും ശ്രമിച്ചില്ല. അല്ലെങ്കില്‍ ഒരു സംവിധായകന് എന്നെ വച്ച് റിസ്കെടുക്കാന്‍ ഇതുവരെ തയാറായിട്ടില്ല. ഒരു ലുക്ക് ടെസ്റ്റിനെങ്കിലും വിളിച്ചാലല്ലേ എനിക്ക് എന്ത് ചെയ്യാനാകുമെന്ന് മനസിലാക്കാനെങ്കിലും പറ്റു. ആ റിസ്ക് എടുക്കാനുള്ള ബുദ്ധിമുട്ടായിരിക്കാം എനിക്ക് മലയാളത്തില്‍ അവസരം കിട്ടാത്തതിന് കാരണം. നല്ല കഥയാണെങ്കില്‍ ചെറിയ റോളാണെങ്കിലും ചെയ്യും.
അഭിനയിക്കാനിഷ്ടം മലയാളം സിനിമയിലാണ്. ഏറ്റവും നല്ല കഥകളും ഇവിടെയാണ്. മലയാളത്തില്‍ അഭിനയിച്ച് കഴിവ് തെളിയിക്കുക എന്നതാണ് ലക്ഷ്യം. പരമാവധി സംവിധായകരുടെ അടുത്ത് ഞാന്‍ അവസരം ചോദിച്ചിട്ടുണ്ട്. എല്ലാവര്ക്കും അറിയാവുന്ന പരിചിതമായ ഒരു പേര് എനിക്കുണ്ടെന്നത് വലിയ കാര്യമാണ്. നിരവധി ഓഡിഷനുകള്‍ക്ക് പോകാറുണ്ട്.
ആഷിഖ് അബു, അമല്‍ നീരദ് തുടങ്ങിയവരോടെല്ലാം ഞാന്‍ ചാന്‍സ് ചോദിച്ചിട്ടുണ്ട്. സോഷ്യല്‍മീഡിയയിലെ നെഗറ്റീവ് കമന്റുകള്‍ അവസരങ്ങളെ ഇല്ലാതാക്കിയിട്ടുണ്ട്. എന്നെക്കുറിച്ച് ചില മുന്‍വിധികള്‍ ഉടലെടുക്കാന്‍ സോഷ്യല്‍മീഡിയ കാരണമായി. ജാഡയാണെന്നും മറ്റുമുള്ള തെറ്റിദ്ധാരണകള്‍. ഈ നടിയെ പ്രേക്ഷകര്‍ സ്വീകരിക്കില്ലെന്ന് സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും തോന്നിയിരിക്കാം.
കുറച്ച് കഴിഞ്ഞാല്‍ ഈ സൈബര്‍ ആക്രമണവും ഡിഗ്രേഡിങ്ങും നമുക്ക് ഒരു പ്രശ്നമല്ലാതാകും. പക്ഷെ ആ ഒരു തലത്തിലേക്ക് എത്തുന്നത് വരെയുള്ള മാനസികമായ ബുദ്ധിമുട്ട് വലുതാണ്. എന്തായാലും ഞാന്‍ ഞാനായിട്ട് തന്നെ നില്ക്കും. കൃത്രിമമായ വ്യക്തിത്വം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കാറില്ല. അങ്ങനെ ചെയ്താല്‍ അത് എന്നെങ്കിലും പൊളിഞ്ഞ് വീഴുമെന്നുറപ്പാണെന്നും പ്രിയ വാര്യർ പറയുന്നു.