പ്രിസ്മയാണല്ലോ ഇപ്പോള്‍ താരം. അതുകൊണ്ട് തന്നെ അതൊന്നു പരീക്ഷിക്കുകയെന്നത് ഏവരുടെയും കൗതുകമാണ്. പ്രിസ്മ ചിത്രം പ്രൊഫൈല്‍ ഫോട്ടോ ആക്കിയ പ്രതിപക്ഷ നേതാവ് പക്ഷേ പുലിവാലു പിടിക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത.
ഞായറാഴ്ച്ച രാത്രിയാണ് പ്രൊഫൈല്‍ ചിത്രം പ്രിസ്മയിലേക്ക് ചെന്നിത്തല മാറ്റുന്നത്. തൊട്ടുപിന്നാലെ ഒരു പണിയുമില്ലാത്ത സോഷ്യല്‍ മീഡിയ ബുദ്ധിജീവി വിമര്‍ശകര്‍ പ്രതികരണങ്ങളുമായെത്തി. ഒരു കമന്റ് ഇങ്ങനെ- പ്രിയ രമേഷ്, എല്ലാ ബഹുമാനങ്ങളും നല്കി പറയട്ടെ, താങ്കളൊരു പൊതുപ്രവര്‍ത്തകനാണ്. കോളജ്കുമാരനല്ല. പ്രതിപക്ഷനേതാവെന്നനിലയില്‍ നിരവധി കാര്യങ്ങള്‍ താങ്കള്‍ക്ക് ചെയ്യാനുണ്ട്. നിരവധി പേരാണ് ഈ കമന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്.
ചെന്നിത്തല ചെയ്തത് വെറുമൊരു തമാശയായി കണ്ടാല്‍ മതിയെന്നായിരുന്നു മറ്റു ചിലരുടെ അഭിപ്രായം. രാഷ്ട്രീയക്കാര്‍ക്ക് പ്രിസ്മയിലേക്ക് ഫോട്ടോ മാറ്റുന്നതിന് ഈ രാജ്യത്ത് വിലക്കൊന്നുമില്ലെന്നും പ്രതിപക്ഷനേതാവിന്റെ രക്ഷയ്ക്കെത്തിയവര്‍ പറയുന്നു. എന്തായാലും വിമര്‍ശനം അതിരുവിട്ടപ്പോള്‍ പ്രിസ്മയെ ഒഴിവാക്കി രമേശ് ചെന്നിത്തല തലയൂരി.