കീടങ്ങളും പ്രാണികളും കുറയുന്നതിനു കാരണം രാത്രിയിലെ കൃത്രിമ പ്രകാശം. കീടങ്ങളുടെ സംഖ്യയിൽ വലിയ കുറവ് കാണുന്നതായി ശാസ്ത്രജ്ഞർ കുറേക്കാലമായി പറഞ്ഞിരുന്നു.
രാത്രിയിൽ തെളിയുന്ന ബൾബുകളും മറ്റും പ്രാണികളെ ആകർഷിച്ച് മരണത്തിലേക്കു നയിക്കുന്നു. കീടങ്ങളെയും പ്രാണികളെയും തിന്നുന്ന എലികൾക്കും തവളകൾക്കും അവയെ കാണിച്ചുകൊടുക്കാൻ വൈദ്യുത ദീപങ്ങൾ സഹായിക്കുന്നു.
മിന്നാമിനുങ്ങുകൾ പോലുള്ളവയ്ക്ക് ഇണയിൽനിന്നുള്ള വെളിച്ചം കാണാതാക്കുകയും ചെയ്യുന്നുണ്ട് കൃത്രിമ പ്രകാശം. നക്ഷത്രങ്ങളുടെ പ്രകാശം നോക്കി സഞ്ചരിക്കുന്ന ചാണകവണ്ടുകൾപോലുളളവയ്ക്ക് വൈദ്യുത ദീപങ്ങൾ വലിയ തടസമാണ്. ബൾബുകളുടെ പ്രകാശപ്പൊലിമയിൽ നക്ഷത്രങ്ങൾ കാണാനാവാതെപോകും.
വിവിധ രാജ്യങ്ങളിലായി നടന്ന 150 പഠനങ്ങളിലെ കണ്ടെത്തലുകളാണ് ഇത്. പ്രാണികളിൽ പകുതിയിലേറെ രാത്രിയിൽ സഞ്ചരിക്കുന്നവയാണ്. കൃത്രിമ പ്രകാശം അവയുടെ ജീവിത ക്രമം തടസപ്പെടുത്തുന്നു; പഠനത്തിൽ പറയുന്നു.
പ്രകാശമലിനീകരണം തടയാനും പ്രതിരോധിക്കാനും എളുപ്പമാണെന്നു ശാസ്ത്രജ്ഞർ പറഞ്ഞു. ആവശ്യമില്ലാത്ത വിളക്കുകൾ അണച്ചാൽ മതി.
സെന്റ് ലൂയിയിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ ബിഹേവിയറൽ ഇക്കോളജിസ്റ്റ് ആയ ബ്രെറ്റ് സെയ്മൂറാണു പഠനത്തിന്റെ മുഖ്യരചയിതാവ്.