ബാര്‍ക്ക് റാങ്കിംഗില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുമ്പോഴും അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. ചാനലില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരുടെ ഒഴുക്ക് തുടരുകയാണ്. സീനിയര്‍ കറസ്‌പോണ്ടന്റ് ശ്വേത കോത്താരിയാണ് രാജിവച്ചത്. കോണ്‍ഗ്രസ് എം.പി ശശി തരൂരൂമായി ബന്ധമുണ്ടെന്ന് ആരോപിച്ചുള്ള മാനസിക പീഡനത്തില്‍ മനംമടുത്താണ് താന്‍ രാജിവയ്ക്കുന്നതെന്ന് ശ്വേത കോത്താരി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ശ്വേത, ശശി തരൂരിന് വേണ്ടി രഹസ്യങ്ങള്‍ ചോര്‍ത്തുന്ന ചാരയാണെന്നാണ് റിപ്പബ്ലിക് ടി.വി അധികൃതരുടെ ആരോപണം.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 30 മുതലാണ് പ്രശ്നങ്ങള്‍ തുടങ്ങിയതെന്ന് ശ്വേത വെളിപ്പെടുത്തി. സംഭവത്തെക്കുറിച്ച് ശ്വേത പറയുന്നതിങ്ങനെ, ഓഗസ്റ്റ് 30ന് റിപ്പോര്‍ട്ടിംഗ് മാനേജര്‍ എന്നെ വിളിപ്പിച്ചു (അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല) ശ്വേതയെ തരൂര്‍ അയച്ചതാണെന്ന് അര്‍ണാബ് സംശയിക്കുന്നു. അതിന് കാരണം മറ്റൊന്നുമല്ല തരൂര്‍ ശ്വേതയെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നുണ്ട്. ചേഞ്ച്.ഓര്‍ഗില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തരൂരിനെ ഒരു വിഷയത്തില്‍ പിന്തുണച്ചതും സംശയമായി ഉന്നയിച്ചു.