ഹൈറേഞ്ചില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും പിന്നാലെ ഭൂമി ഇടിഞ്ഞു താഴുന്നു. വീടുകള്‍ ഭൂമിയിലേക്കു താഴുന്നു. ഭൂമി വീണ്ടുകീറുന്നു. മലകളും റോഡുകളും പിളര്‍ന്നുമാറുന്ന പ്രതിഭാസം ഹൈറേഞ്ചില്‍ വ്യാപകമായി. കട്ടപ്പന, നെടുങ്കണ്ടം, അടിമാലി, ചെറുതോണി, വാത്തിക്കുടി, കഞ്ഞിക്കുഴി തുടങ്ങിയ മേഖലകളിലാണ് ഈ പ്രതിഭാസം കാണുന്നത്.
കട്ടപ്പന പിഎംജിഎസ് റോഡിന്റെ ഭാഗത്ത് കമ്പനിപ്പടിയില്‍ 50 മീറ്ററോളം റോഡ് രണ്ടായി പിളര്‍ന്നു. പല വിള്ളലുകള്‍ക്കും രണ്ടടിയോളം അകല്‍ച്ചയുണ്ട്. അടയാള കല്ലില്‍ 250 മീറ്ററോളം നീളത്തിലാണു റോഡ് വിണ്ടു കീറിയത്. സേനാപതി പഞ്ചായത്തിലെ വിവിധ മേഖലകളില്‍ വിണ്ടുകീറുന്നത് വ്യാപകമാണ്. ഇതുമൂലം പല വീടുകളും അപകടാവസ്ഥയിലാണ്.
കഞ്ഞിക്കുഴി പഞ്ചായത്തില്‍ വെണ്മണി-കള്ളിപ്പാറയില്‍ ആറ് ഏക്കര്‍ സ്ഥലം 12 അടിയോളം താഴ്ചയിലേക്ക് ഇടിഞ്ഞിറങ്ങി. വീടുകള്‍ ഉള്‍പ്പെടെയാണ് താഴ്ന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കീരിത്തോട് ഭാഗത്ത് നിരപ്പുള്ളതും ചെരിവുള്ളതുമായ ഭാഗത്തും ഭൂമി വിണ്ടുകീറിയും ഇടിഞ്ഞുതാഴ്ന്നും നാശം വിതയ്ക്കുന്നുണ്ട്. വാത്തിക്കുടി പഞ്ചായത്തില്‍ രാജപുരത്ത് പലവീടുകളും മണ്ണിടിഞ്ഞു താഴ്ന്നു. നെടുങ്കണ്ടം മാവടിയില്‍ ഒരുപ്രദേശം അപ്പാടെ ഇടിഞ്ഞിറങ്ങി.
മാവടി അപ്പച്ചന്റെ രണ്ടുനില കെട്ടിടത്തിന്റെ ഒരു നില പൂര്‍ണമായും ഭൂമിക്കടിയിലാണ്. വെണ്മണിയില് കുടക്കച്ചിറ അപ്പച്ചന്റെ മൂന്നരഏക്കര്‍ പുരയിടവും വീടും, സഹോദരന് കുടക്കച്ചിറ മാത്യുവിന്റെ ഒന്നരഏക്കര്‍ സ്ഥലവും വീടും അയല്‍വാസിയായ അടപ്പൂര് സണ്ണിയുടെ ഒന്നരഏക്കര്‍ സ്ഥലവും വീടും ഇടിഞ്ഞു താഴ്ന്നുപോയി. മരങ്ങള്‍ മറിഞ്ഞുവീണും വീടുകള്‍ തെന്നിനിരങ്ങിമാറിയുമാണ് ഭൂമിയിലേക്ക് താഴുന്നത്. പുരയിടത്തിന് സമീപത്തായി ഒഴുകുന്ന തോട് ഗതിമാറി ഒഴുകുന്നു.
പന്നിയാര്‍കൂട്ടി ഗ്രാമം തന്നെ മണ്ണിടിച്ചിലില്‍ ഇല്ലാതായി. 60 അടി ഉയരത്തില്‍ നിന്ന് മണ്ണിടിഞ്ഞ് വീണു പന്നിയാര്‍കൂട്ടിയിലെ കടകള്‍ മുഴുവനായും പൊന്മുടി ഡാമിന്റെ താഴ്വശത്തുള്ള പന്നിയാര്‍ പുഴയില്‍ പതിച്ചതിനെ തുടര്‍ന്ന് വെള്ളം മറുകരയിലേക്ക് ഒഴുകി അവിടെയുള്ള കെട്ടിടങ്ങളും നശിച്ചു. രാജാക്കാട്- പൂപ്പാറ റോഡില്‍ എന്‍ആര്‍ സിറ്റി വളവിന് സമീപം റോഡിന്റെ ഫില്ലിംഗ് സൈഡ് ഇടിഞ്ഞ് വീണ് 50 മീറ്ററോളം റോഡ് ഒലിച്ചുപോയി കാല്‍നട പോലും സാധിക്കാത്ത വിധം ഗതാഗതം തടസപ്പെട്ടു. ഇവിടെ രണ്ടു സ്ഥലങ്ങളിലും ഗതാഗതം പുനഃസ്ഥാപിക്കാന്‍ മാസങ്ങള്‍ വേണ്ടിവരും:
തോട്ടംമേഖല നിശ്ചലം
ഇടുക്കിയില്‍ തേയില, ഏലം തോട്ടം മേഖലകള്‍ നിശ്ചലാവസ്ഥയിലാണ്. ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകളിലായി ഒന്നര ലക്ഷത്തോളം തൊഴിലാളികള്‍ ഈ മേഖലയില്‍ ജോലിയെടുക്കുന്നു. കനത്ത മഴയും പ്രളയവും മണ്ണിടിച്ചിലും ഈ മേഖലയെ നിശ്ചലമാക്കി. പ്രധാന എസ്റ്റേറ്റുകളായ ടാറ്റ, ഹാരിസണ്‍ മലയാളം ഉള്‍പ്പെടെ തൊഴില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ദുരിതം നേരിട്ടത് ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ തൊഴിലാളികളാണ്.