ചലച്ചിത്ര നിര്‍മാണ മേഖലയില്‍ തുടക്കക്കാരനായ തന്നെ സംവിധായകന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് വഞ്ചിച്ചുവെന്ന പരാതിയുമായി ‘ലോലന്‍സ്’സിനിമയുടെ നിര്‍മാതാവ് രംഗത്ത്. കരുപറമ്പന്‍ ഫിലിംസ് ഉടമയും കഥാകൃത്തുമായ സുനീര്‍ കരുപറമ്പനാണ് സിനിമയുടെ പേരില്‍ സംവിധായകന്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയതായും അപമാനിച്ചതുമായ പരാതി ഉന്നയിച്ചത്. സിനിമ പൂര്‍ത്തിയാക്കി തിയറ്റര്‍ എത്തിക്കുന്നതിനു 47 ലക്ഷം രൂപ മാത്രം മതിയെന്ന് എഗ്രിമെന്റ് മുഖാന്തരം ഉറപ്പു നല്‍കിയ സംവിധായകന്‍ സലീംബാവ പിന്നീട് കരാറുകള്‍ ലംഘിക്കുകയും പറഞ്ഞതിലും 50 ലക്ഷത്തോളം രൂപ അധികം ചെലവാക്കുകയുമായിരുന്നു.
ചിത്രത്തിനു പണം നല്‍കിയില്ലെന്നു കാണിച്ച് തനിക്കെതിരെ സംവിധായകന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ പരാതി നല്‍കി. പിന്നീട് വിശദീകരണത്തിനായി വിളിപ്പിച്ചപ്പോള്‍ തന്റെ നിരപരാധിത്വം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് സംവിധായകന്‍ തനിക്കു വരുത്തിവച്ച നഷ്ടത്തെ കുറിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ തയാറായില്ലെന്നും സുനീര്‍ ആരോപിച്ചു.
ആദ്യം നിശ്ചയിച്ച നായിക ഷൂട്ടിംഗ് ദിനം തിരിച്ചു പോയതും മറ്റൊരു നായിക കൊണ്ടു വന്നതും സംവിധായകനോ മറ്റുള്ളവരോ അറിയിച്ചിരുന്നില്ല. ആവശ്യപ്പെട്ട പണം നല്‍കാന്‍ പറ്റാത്ത സാഹചര്യത്തില്‍ മോശമായ പെരുമാറ്റമാണ് തനിക്കു നേരേയുണ്ടായത്.
ഫെബ്രുവരി 19-ന് ചിത്രം റിലീസ് തീരുമാനിച്ച ഘട്ടത്തില്‍ മലബാര്‍ മേഖലയിലെ ഡിസ്ട്രിബ്യൂഷന്‍ സംവിധായകനെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് എത്തുകയായിരുന്നു. അല്ലെങ്കില്‍ നഷ്ടപരിഹാരം 40,0000 രൂപ ആവശ്യപ്പെടുകയും ചെയ്തു. അല്ലാത്ത പക്ഷം സിനിമ പുറത്തിറക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണി ഭയന്ന് 20,000 രൂപ സംവിധായകനു നല്‍കിയതായും നിര്‍മാതാവ് ആരോപിച്ചു.
തിയറ്റര്‍ ലഭിക്കാത്തതിന്റെ പേരില്‍ വീണ്ടും റിലീസിംഗ് മാറ്റിവയ്ക്കുകയും നഷ്ടമുണ്ടാവുകയും ചെയ്തു. ഒടുവില്‍ മാര്‍ച്ച് 23-ന് പ്രദര്‍ശനമാരംഭിച്ച ചിത്രം സാമ്പത്തികമായി പരാജയപ്പെടുകയായിരുന്നു. ഏറെ കാലത്തെ സ്വപ്നമായി താന്‍ മനസില്‍ കണ്ട കഥയാണ് ലോലന്‍സ് ചിത്രത്തിലൂടെ പറയാന്‍ തയാറെടുത്തത്.
പേരു മാത്രം നിലനിര്‍ത്തി കഥയാകെ സംവിധായകന്‍ മാറ്റിയെഴുതുകയായിരുന്നു. പ്രവാസ ജീവിതത്തിലൂടെ സിനിമയ്ക്കായി താന്‍ സ്വരൂപിച്ച സമ്പാദ്യമാണ് ഇല്ലാതാക്കിയത്. സംവിധായകനുള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനമെന്നും സുനീര്‍ കരുപറമ്പന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.