നല്ല കാലത്ത് എല്ലാവരും കൂടെയുണ്ടാവും എന്നാല്‍ കഷ്ടകാലം വരുമ്പോള്‍ സ്വന്തം നിഴലുപോലും കൂടെക്കാണില്ല എന്ന് പറയാറുണ്ട്. ഈയൊരവസ്ഥ അനുഭവിക്കാത്തവരും കുറവായിരിക്കും. അതുപോലെതന്നെ ഈയൊരവസ്ഥ കൂടുതല്‍ അനുഭവിച്ചിട്ടുള്ളവരാവും സിനിമാ മേഖലയിലുള്ളവര്‍. സമാനമായ അനുഭവം ഉണ്ടായ ഒരാളുടെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മമ്മൂട്ടി ലോഹിതദാസ് കൂട്ടുകെട്ടിലെ ഹിറ്റ് ചിത്രമായിരുന്ന തനിയാവര്‍ത്തനം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നന്ദകുമാര്‍ ഇന്ന് ജീവിക്കാനായി ആലപ്പുഴയില്‍ ദോശമാവ് വില്‍ക്കുകയാണെന്നുള്ളതാണത്. നൂറുദിവസം നിറഞ്ഞോടിയ ഒരു ചലച്ചിത്രത്തിന്റെ നിര്‍മാതാവാണ് നന്ദകുമാര്‍. സിനിമയെടുത്ത കാലത്ത് വിതരണക്കാരുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജീവിതത്തില്‍ നിര്‍മ്മാണവും വിതരണവും ഒറ്റയ്ക്ക് നടത്തുകയാണ്. നന്ദകുമാര്‍ പറയുന്നു.
2007 ല്‍ നിര്‍മിച്ച അടിവാരമെന്ന സിനിമയോടെയാണ് നന്ദകുമാറിന്റെ അടിത്തറയിളകിയത്. അതോടു കൂടി ജീവിക്കാനായി ദോശമാവ് കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. ദേവി ഫുഡ് പ്രൊഡക്ട്സ് ആണ് ഇദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ കമ്പനി. തനിയാവര്‍ത്തനം, മുദ്ര, സൂര്യമാനസം, അടിവാരം ഒടുവില്‍ കരീബിയന്‍സ്. അങ്ങനെ ആറുസിനിമകള്‍ നിര്‍മിച്ചു. ആറാമത്തേതാണ് തന്നെ ചതിച്ചതെന്നാണ് നന്ദകുമാര്‍ പറയുന്നത്.