പത്തനംതിട്ട: ഹിസ്റ്ററി ഓഫ് ജോയ് എന്ന ചലച്ചിത്രം ആമസോണിലേക്ക് നൽകിയതുമായി ബന്ധപ്പെട്ട് സംവിധായകൻ വിനയനെതിരെ ആരോപണവുമായി നിർമാതാവ് കലഞ്ഞൂർ ശശികുമാർ.
ശിവപാർവതി ഫിലിംസിന്റെ ബാനറിൽ നിർമിച്ച ചിത്രം തന്റെ അനുവാദമില്ലാതെയാണ് ആമസോണിലേക്കു നൽകിയതെന്നും താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നും ശശികുമാർ പറഞ്ഞു.
ചിത്രത്തിൽ വിനയന്റെ മകൻ വിഷ്ണു വിനയ് ആയിരുന്നു നായകൻ.
ജയസൂര്യയെ കൂടി ചിത്രത്തിൽ അഭിനയിപ്പിക്കുമെന്ന് വിനയൻ വാഗ്ദാനം ചെയ്തിരുന്നു.
എന്നാൽ താനുണ്ടാകില്ലെന്ന് ജയസൂര്യ നേരത്തെ അറിയിച്ചിരുന്നതായി പറയുന്നു. സംവിധായകൻ ഇതു മറച്ചുവച്ചതായും ശശികുമാർ പറഞ്ഞു.
ഗൾഫിലായിരുന്ന തന്റെ സന്പാദ്യം മുഴുവനും സിനിമാ മേഖലയ്ക്കായി ചെലവഴിച്ച് ഇപ്പോൾ കടക്കാരനായി മാറിയിരിക്കുകയാണ്. ആദ്യ സിനിമ വൈറ്റ് ബോയ്സ് ഉദ്ദേശിച്ചത്ര വിജയം കണ്ടില്ല. വീടും സ്ഥലവും ജപ്തിഭീഷണിയിലാണെന്നും ശശികുമാർ പറഞ്ഞു.