കൊച്ചി:ദിലീപ് അഴിക്കുള്ളില് കിടക്കുന്നത് ചെയ്യാത്ത കുറ്റത്തിനെന്ന് നിര്മാതാവ് സുരേഷ് കുമാര്. ദിലീപിനെ ജയിലില് ചെന്നു കണ്ട സുരേഷ് പറയുന്നത് താരം തീര്ത്തും നിരപരാധിയാണെന്നാണ്. ആ കുടുംബത്തെ കുറിച്ച് പ്രചരിക്കുന്നതെല്ലാം കള്ളമാണെന്ന് സുരേഷ് പറയുന്നു. ‘എനിക്കിപ്പോഴും മനസിലാകുന്നില്ല ഒരു വ്യക്തിയെ ഇത്രമേല് ആക്രമിച്ചിട്ട് ചാനലുകാര്ക്കും യുട്യൂബില് വിഡിയോ ഇടുന്നവര്ക്കും എന്തു നേട്ടമാണ് ഉണ്ടാകുകയെന്ന്. ഇങ്ങനെയുള്ള കപടപ്രചരണങ്ങള് അവര് പൈസ ഉണ്ടാക്കാനുള്ള മോശം വഴികള് മാത്രമാണ്. അത്തരം കാര്യങ്ങള് ഒരു വ്യക്തിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും മാനസികമായി തകര്ക്കുമെന്ന് അവര് ചിന്തിക്കുന്നില്ല.’സുരേഷ് കുമാര് പറഞ്ഞു.
‘ദിലീപിന്റെ കുടുംബത്തൊക്കെ കുറിച്ചൊക്കെ എന്തൊക്കെയാണ് പ്രചരിക്കുന്നത്. അവരെല്ലാം നിസംഗരാണ്. എന്തു ചെയ്യണമെന്നൊന്നും അറിയാത്ത അവസ്ഥ. ദിലീപിന്റെ അനിയന് ഭീഷണിയുടെ സ്വരത്തില് സംസാരിച്ചു, കാവ്യ ഗര്ഭിണിയാണ്, മീനാക്ഷി സ്കൂളില് പോകുന്നില്ല എന്നൊക്കെയുള്ള എല്ലാ പ്രചരണങ്ങളും നുണകളാണ്. കാവ്യയുമായും സംസാരിച്ചു. എന്തു ചെയ്യണമെന്ന് ആ കുട്ടിക്ക് അറിയില്ല. അവരുടെയൊക്കെ ജീവിതത്തില് ഇങ്ങനെയൊരു സംഭവം ആദ്യമാണ്. കാവ്യയുടെ അമ്മ വെറും സാധാരണക്കാരിയായ അമ്മയാണ്. മകള് സിനിമയില് അഭിനയിച്ചു താരമായി എന്നു കരുതി എന്തൊക്കെയാണ് അവര് കേള്ക്കേണ്ടത്-സുരേഷ് കുമാര് ചോദിക്കുന്നു.
മീനാക്ഷി സ്കൂളില് പോകുന്നുണ്ട്. ആ സ്കൂള് അധികൃതരും കൂട്ടുകാരും വലിയ പിന്തുണയാണു നല്കുന്നത്. ആ കുട്ടിക്ക് എന്തെങ്കിലും തരത്തിലുള്ള ശല്യമുണ്ടാകുന്നുണ്ടെങ്കില് തീര്ച്ചയായും തടയിടണം എന്നാണ് അവരുടെ നിര്ദ്ദേശം. ദിലീപിന്റെ അമ്മയുടെ കാര്യം വലിയ കഷ്ടമാണ് കരയാനേ അവര്ക്കു നേരമുള്ളൂ. എന്നെക്കണ്ടപ്പോള് കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. ദിലീപ് ഇന്നു വരും നാളെ വരും എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു നിര്ത്തിയിരിക്കുകയാണവരെ. ദിലീപിന്റെ അനിയന് ദിലീപിനേക്കാള് സ്വാതികനാണ്. ഭീഷണിപ്പെടുത്താന് പോയിട്ട് അയാള്ക്ക് നന്നായി സംസാരിക്കാന് തന്നെയറിയില്ല. എന്തെങ്കിലും പറഞ്ഞു പോയിട്ടുണ്ടെങ്കില് തന്നെ അന്നേരത്തെ അവസ്ഥയില് പറഞ്ഞതാണ്. എല്ലാവരും നിര്ത്തട്ടെ എന്നിട്ടു ഞങ്ങള് സത്യം പറയാം എന്നേ ഉദ്ദേശിച്ചു കാണുകയുള്ളൂ-സുരേഷ് കുമാര് പറയുന്നു.
കൊടും ക്രിമിനലായ പള്സര് സുനിയുടെ വാക്കു കേട്ട് ഒരാളെ അറസ്റ്റു ചെയ്യാമോയെന്നും സുരേഷ് കുമാര് ചോദിക്കുന്നു. തെളിവിനായി പൊലീസ് ഇപ്പോള് അലഞ്ഞു നടക്കുകയല്ലേ? അയാളുടെ വാക്കു കേട്ടല്ലേ ദിലീപിനെ അറസ്റ്റ് ചെയ്തത്? ഈ സംഭവത്തില് ദിലീപ് തെറ്റുകാരനല്ലെന്നു തനിക്കു പൂര്ണവിശ്വാസമുണ്ടെന്നും ഒരു പ്രമുഖ ഓണ്ലൈനു നല്കിയ പ്രത്യേക അഭിമുഖത്തില് സുരേഷ്കുമാര് വ്യക്തമാക്കി. ചെയ്യാത്ത കുറ്റത്തിനാണ് ദിലീപ് ജയിലില് കിടക്കുന്നത്. ഞാന് 100 ശതമാനവും അങ്ങനെയാണ് വിശ്വസിക്കുന്നത്. അയാള്ക്കിത് ചെയ്യാന് കഴിയില്ല. ചെയ്യുകയുമില്ല. ഞാന് നിര്മ്മിച്ച ചിത്രത്തിലൂടെയാണ് ദിലീപ് സിനിമയിലെത്തുന്നത്. അന്ന് 1000 രൂപയായിരുന്നു പ്രതിഫലം. അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം തുടങ്ങിയ ദിലീപ് പിന്നീടാണ് അഭിനേതാവായതും ഈ നിലയിലെത്തിയതും. അന്നുമുതല് ഇന്നോളം എന്തു വിശേഷപ്പെട്ട കാര്യമുണ്ടെങ്കിലും എന്നോട് പങ്കുവയ്ക്കുന്നയാളാണ് അദ്ദേഹം. ഞാനുമായി അത്രയ്ക്ക് അടുപ്പമുണ്ട്. ദിലീപ് തനിക്ക് അനിയനെ പോലെയാണെന്നും സുരേഷ്കുമാര് പറഞ്ഞു.
കേസില് മുഖ്യപ്രതിയായ സുനി 2011ല് തന്റെ കുടുംബത്തിലെ ഒരു വ്യക്തിയോട് അപമര്യാദയായി പെരുമാറിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകാനും ഉപദ്രവിക്കാനും മനസ്സുള്ളയാളാണ് അയാളെന്ന് ബോധ്യമാണ്. പ്രത്യേകിച്ച് ക്വട്ടേഷനൊന്നും കൂടാതെ സ്വയം ചെയ്തതാണത്. 2014ല് സുനിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. അന്ന് പൊലീസിന്റെ മൂക്കിന്തുമ്പത്ത് അയാളുണ്ടായിരുന്നു.എന്റെ കുടുംബത്തിലെ അംഗത്തിനെതിരെ നടന്ന അതിക്രമത്തില് ഞാനും ജോണി സാഗരികയും എന്റെ അസോസിയേഷനിലെ ആള്ക്കാരും ചേര്ന്നാണ് ഇതേ സുനിക്കെതിരെ പരാതി നല്കിയത്. ആ പരാതി പോലും ഇന്ന് കാണാനില്ല. പൊലീസ് അന്ന് കര്ശന നടപടി സ്വീകരിച്ചിരുന്നെങ്കില് ഇന്ന് അവന് ഇങ്ങനെ ചെയ്യുമോ? പൊലീസിന്റെ വീഴ്ചയല്ലേ ഇത്. സ്വയം ചെയ്ത കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം മറ്റാരുടെയെങ്കിലും തലയില് കെട്ടിവയ്ക്കാനാണ് സുനിയുടെ ശ്രമമെന്നും സുരേഷ്കുമാര് പറയുന്നു. ദിലീപിനെ ഇല്ലാതാക്കാന് ആരൊക്കെയോ ശ്രമിക്കുന്നുണ്ടെന്നും ഡി സിനിമാസ് പൂട്ടിയതിനു പിന്നില് ആരുടെ താല്പര്യമാണെന്ന് അന്വേഷിക്കണമെന്നും സുരേഷ്കുമാര് ഇന്നലെ പറഞ്ഞിരുന്നു. ഇതിനിടയില് സുരേഷ് കുമാറിനെ വിമര്ശിച്ചു കൊണ്ട് പലരും കമന്റിടുന്നുണ്ട്.