നടന്‍ ഷെയ്ന്‍ നിഗത്തിനെ മലയാള സിനിമയില്‍ നിന്ന് വിലക്കി നിര്‍മാതാക്കളുടെ സംഘടന. ഷെയ്ന്‍ നിഗം അഭിനയിച്ചുകൊണ്ടിരുന്ന രണ്ട് സിനിമകളും ഉപേക്ഷിച്ചതായും ഇവര്‍ അറിയിച്ചു. വെയില്‍, കുര്‍ബാനി എന്നീ സിനിമകളാണ് ഉപേക്ഷിച്ചത്. ഈ സിനിമകള്‍ക്ക് ഉണ്ടായ നഷ്ടം നികത്തും വരെ ഷെയ്‌നെ മറ്റു സിനിമകളില്‍ സഹകരിപ്പിക്കില്ലെന്നും അവര്‍ അറിയിച്ചു. ഉപേക്ഷിച്ച ചിത്രങ്ങളുടെ നിര്‍മാണത്തിന് ഇതുവരെ ചിലവായ ഏഴു കോടി രൂപ ഷെയ്ന്‍ നിഗത്തില്‍ നിന്ന് ഈടാക്കുമെന്നും ഈ പണം നല്‍കാതെ ഷെയ്‌നെ മലയാള സിനിമയില്‍ അഭിനയിപ്പിക്കില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കി
മലയാള സിനിമയിലെ യുവതാരങ്ങളില്‍ പുതുതലമുറയിലെ ചിലര്‍ കഞ്ചാവ് ഉപയോഗിക്കുന്നുവെന്നും നിര്‍മാതാക്കളുടെ സംഘടന ആരോപിച്ചു.
ഇതിനിടെ ഷെയ്ന്‍ നിഗം നായകനായി അഭിനയിക്കുന്ന ഉല്ലാസം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഉന്നയിച്ച ആരോപണം ഷെയ്ന്‍ തള്ളി. ഉല്ലാസം സിനിമയ്ക്ക് 45 ലക്ഷം രൂപയായിരുന്നു ആദ്യം പറഞ്ഞതെന്നും പണം മുന്‍കൂര്‍ തരാതിരുന്നിട്ടും താന്‍ സിനിമയില്‍ അഭിനയിക്കുകയായിരുന്നുവെന്നും ഷെയ്ന്‍ പറഞ്ഞു.
മറ്റൊരു സംവിധായകനുമായി ഒപ്പിട്ട 25 ലക്ഷത്തിന്റെ കരാര്‍ കാണിച്ചു. ഇത് ഉപയോഗിച്ചാണ് തനിക്കെതിരെ ഇപ്പോഴത്തെ ആരോപണമെന്നും ഷെയ്ന്‍ നിഗം വ്യക്തമാക്കി.ഉല്ലാസം സിനിമയ്ക്ക് ഷെയ്ന്‍ കൂടുതല്‍ പ്രതിഫലം ചോദിച്ചെന്നാണ് പരാതി. സിനിമയുടെ ഡബ്ബിംഗ് സമയത്ത് 20 ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടതായാണ് നിര്‍മാതാവിന്റെ ആരോപണം. ഷെയ്ന്‍ നിഗത്തെ അഭിനയിപ്പിക്കേണ്ടെന്ന തീരുമാനം അമ്മ സംഘടനയെ അറിയിച്ചിട്ടുണ്ടെന്ന് നിര്‍മാതാക്കളുടെ അസോസിയേഷന്‍ വ്യക്തമാക്കി. ഷൂട്ടിംഗ് സെറ്റുകളില്‍ ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്തണമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.