ദിലീപിന് ഉടനൊന്നും ജാമ്യം ലഭിക്കില്ലെന്ന് വ്യക്തമായതോടെ മലയാള സിനിമാ ലോകം മുമ്പൊന്നുമില്ലാത്ത പ്രതിസന്ധിയില്‍. ദിലീപിന്റെ പുറത്തിറങ്ങാനിരുന്ന സിനിമയായ രാമലീലയുടെ നിര്‍മാതാവ് ടോമിച്ചന് മുളകുപാടം വെട്ടിലാവുകയും ചെയ്തു. 25 കോടി മുടക്കി നിര്‍മിച്ച പടത്തിന്റെ റീലീസ് ദിലീപിന്റെ ജാമ്യം പോലെ നീളുകയാണ്. അഥവാ റിലീസ് ചെയ്താല്‍ തന്നെ ദിലീപിന്റെ മോശം പ്രതിച്ഛായ സിനിമയെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. കാശ് ആറ്റില്‍ ഒഴുക്കിക്കളഞ്ഞ അവസ്ഥയിലാണ് ടോമിച്ചന് ഇപ്പോള്‍. പകുതി പൂര്‍ത്തിയായ കമ്മാരസംഭവത്തിന്റെ കാര്യവും ഏകദേശം ഗോവിന്ദയായി. ഗോകുലം ഗോപാലനാണ് ഇതിന്റെ നിര്‍മാതാവ്. പ്രഫസര്‍ ഡിങ്കനും മുടങ്ങും. ഇതോടെ മലയാള സിനിമ വമ്പന്‍ പ്രതിസന്ധിയിലേക്ക് പോവുകയാണ്. ഇന്നലത്തെ കോടതി വിധിയോടെ ദിലീപിനെ പരസ്യമായി പിന്തുണയ്ക്കാന്‍ ആര്‍ക്കും പറ്റാത്ത സ്ഥിതിയും വന്നു.
ഓരോ ദിവസം പിന്നിടുമ്പോഴും സംഭവത്തില്‍ കൂടുതല്‍ ഉന്നതരുടെ പങ്കിലേക്കാണ് കാര്യങ്ങള്‍ വിരല്‍ചൂണ്ടുന്നത്. കൊച്ചി കേന്ദ്രീകരിച്ചുള്ള നിര്‍മ്മാതാവും നടിയും ഗായികയും ആണ് സംശയ നിഴലിലുള്ളത്. കാവ്യാമാധവനേയും അമ്മയേയും വീണ്ടും ചോദ്യം ചെയ്യുമെന്ന ആശങ്കയും സജീവമായിട്ടുണ്ട്്. മലയാള സിനിമയുടെ ചരിത്രത്തിലേ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയാണ് സംജാതമായിരിക്കുന്നത്. തീയറ്ററുകളില്‍ എത്തുന്ന ആളുകളുടെ എണ്ണത്തില്‍ വന്‍തോതിലുള്ള കുറവാണുണ്ടായിരിക്കുന്നത്. മികച്ച അഭിപ്രായം നേടിയിട്ടും ദൃക്സാക്ഷിയും തൊണ്ടുമുതലും പോലും വമ്പന്‍ കളക്ഷന്‍ നേടിയില്ല. പുലിമുരുകന്റെ ത്രിഡിയും വേണ്ടത്ര ശ്രദ്ധിക്കാതെ പോയി.ഇതിനിടെയാണ് ഗായികയും നടിയും സംശയ നിഴലിലാകുന്നത്.
സിനിമയെ മാത്രമല്ല ടിവിഷോകളെയും ആരോപണങ്ങള്‍ ബാധിക്കുന്നുണ്ട്. താരങ്ങളെ അവതാരകരാക്കിയ പല ചാനലുകള്‍ക്കും പണികിട്ടുമെന്നാണ് പുറത്തുവരുന്ന പുതിയ വാര്‍ത്തകള്‍. തീയറ്ററുകളില്‍ തിരക്കു കുറഞ്ഞത് മൊത്തത്തില്‍ വലിയ ആശങ്കയാണ് പടര്‍ത്തുന്നത്. ദിലീപിന്റെ രാമലീലയ്ക്കു പുറമേ മോഹന്‍ലാലിന്റെ വില്ലനുള്പ്പെടെയുള്ള ചിത്രങ്ങളും എന്ന് റിലീസ് ചെയ്യുമെന്ന് ഉറപ്പില്ല. പ്രതിസന്ധി മറികടന്ന ശേഷം ഇറക്കാമെന്നാണ് ധാരണ. പല ഓണക്കാല റിലീസുകള്‍ക്കും ഇത് തിരിച്ചടിയാകും.താരങ്ങളുടെ പരസ്യങ്ങള്‍ വമ്പന്‍ ബ്രാന്‍ഡുകളും ഒഴിവാക്കുന്നു.
രാമലീല റിലീസ് തൊട്ടുമുമ്പായിരുന്നു ദിലീപ് അറസ്റ്റിലാകുന്നത്. ഇതോടെ റിലീസ് നീട്ടിവച്ചു. ദിലീപിന് അനുകൂല സഹതാപ തരംഗ ഉണ്ടാക്കാനായി ചില പൊടിക്കൈകളുമായി ടീസര്‍ പുറത്തിറങ്ങി. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റമൊന്നും ചെയ്തില്ലെന്ന് പറഞ്ഞു വയ്ക്കുന്നതായിരുന്നു ടീസര്‍. എന്നാല്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ തള്ളി. ഇപ്പോള്‍ പടമിറക്കിയാല്‍ എട്ടുനിലയില്‍ പൊട്ടുമെന്നുറപ്പ്. പുലിമുരുകനിലൂടെ കിട്ടിയത് രാമലീലയിലൂടെ പോകുമെന്ന യാഥാര്‍ഥ്യമാണ് ടോമിച്ചനെ തുറിച്ചു നോക്കുന്നത്.
ഗോകുലം ഗോപാലന്റെ അവസ്ഥയും സമാനമാണ്. പകുതി ചിത്രീകരിച്ച കമ്മാരസംഭവം പെട്ടിയിലാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. പ്രൊഫസര്‍ ഡിങ്കന്റെ കാര്യവും ഒരു വഴിയ്ക്കായി. ഈ മൂന്നു ചിത്രങ്ങളുടെയും സംവിധായകരുടെ കന്നിച്ചിത്രങ്ങളാണ് ഓരോന്നുമെന്നതും ദുരന്തമാവുന്നു. ഇതില്‍ ഏറ്റവും വലിയ പ്രതിസന്ധി കമ്മാര സംഭവത്തിനാണ്. ദിലീപില്ലാതെ ഈ ചിത്രം ഒരിക്കലും പൂര്‍ത്തിയാക്കാന്‍ കഴിയില്ല. ദിലീപും മുരളീഗോപിയും മുഖ്യവേഷത്തിലെത്തുന്ന കുമാരസംഭവം ഏതാണ്ട് ചിത്രീകരണം പൂര്‍ത്തിയാവുകയും ചെയ്തു. മുരളീ ഗോപി തന്നെ രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ തമിഴ്നടന്‍ സിദ്ധാര്‍ത്ഥും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഐ വി ശശി, ലാല്‍ജോസ്, ശ്യാമപ്രസാദ്, രഞ്ജിത്ത് തുടങ്ങിയ സംവിധായകരോടൊപ്പം അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച് രതീഷ് അമ്പാട്ടാണ് സംവിധായകന്.
എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവം എല്ലാം തകിടം മറിച്ചു. ഇത് പൂര്‍ത്തിയാകുമോ എന്ന് പോലും ആര്‍ക്കും ഉറപ്പില്ലാത്ത അവസ്ഥയിലാണ് ഇപ്പോള്‍. വലിയ പ്രതിസന്ധി ഘട്ടത്തിലാണ് ഗോകുലം ഗോപാലനും. ജനപ്രിയ നായകന്റെ ഇമേജില്‍ കുടുംബ പ്രധാന്യമുള്ള കഥയാണ് പറയുന്നത്. ഇത് തനിക്ക് ആശ്വാസമാകുമെന്നാണ് ഗോകുലം കരുതിയത്. വമ്പന്‍ സ്റ്റാര്‍ കാസ്റ്റിലുള്ള ചിത്രം ഇപ്പോള്‍ മുടുങ്ങുന്നത് ഗോകുലത്തിന് ഇരുട്ടടിയാണ്. ദിലീപ് അഴിക്കുള്ളിലായതോടെ ഈ സിനിമയുടെ ഭാവി പൂര്‍ണ്ണമായും അടഞ്ഞു. പ്രൊഫസര്‍ ഡിങ്കന്റെ ഒരാഴ്ചത്തെ ഷൂട്ടിംഗിനായി ചിലവിട്ടത് 50 ലക്ഷം രൂപയാണ്. ഇപ്പോഴത്തെ സ്ഥിതിയില്‍ ഈ സിനിമ അകാലചരമമടയാനാണ് സാധ്യത. ഈ സിനിമ ഉപേക്ഷിക്കുന്നതിനെ കുറിച്ചു പോലും നിര്‍മ്മാതാവ് ചിന്തിക്കുന്നുണ്ട്. ഇനി ചിത്രവുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന ഉപദേശമാണ് പലരും നിര്‍മ്മാതാവിന് നല്‍കുന്നത്. മറ്റൊരു നടനെ നായകനാക്കി ഉടനെ ചിത്രം ചെയ്യുന്നതും മോശം ചര്‍ച്ചകളിലേക്ക് കാര്യങ്ങളെത്തിക്കും. അതുകൊണ്ട് തന്നെ പ്രൊഫസര്‍ ഡിങ്കനെന്ന സിനിമയുടെ കഥ ഏകദേശം കഴിഞ്ഞ മട്ടാണ്.