കൊച്ചി: മലയാളത്തിലെ മുൻനിര നിർമാതാക്കളുടെ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് തുടങ്ങി. ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ ഓഫീസുകളിലാണ് പരിശോധന പുരോഗമിക്കുന്നത്. മൂവരുടെയും നിർമാണ കമ്പനി ഓഫീസുകളിൽ മാത്രമാണ് നിലവിൽ റെയ്ഡ് നടക്കുന്നത്.
കൊച്ചി ആദായ നികുതി വകുപ്പിലെ ടിഡിഎസ് വിഭാഗമാണ് റെയ്ഡ് നടത്തുന്നത്. ഒടിടി പ്ലാറ്റ്ഫോമുകളുമായുള്ള ഇടപാടുകളുടെ വിശദാംശങ്ങൾ ഉൾപ്പടെ ആദായ നികുതി വകുപ്പ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
തീയറ്റർ അടഞ്ഞുകിടന്ന കോവിഡ് കാലത്ത് മുൻനിര നിർമാതാക്കളുടെ ചിത്രങ്ങളും ഒടിടി പ്ലാറ്റ്ഫോമുകൾ വഴിയാണ് കച്ചവടം നടത്തിയിരുന്നത്. ഈ ഇടപാടുകൾ നിയമാനുസൃതമായിരുന്നോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നതെന്നാണ് വിവരം.