തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐക്കാർക്കു കോപ്പിയടിക്കാനായി മെയിൻ ബ്ലോക്കിനു പിന്നിലെ ഗാലറിയിൽ പ്രത്യേക സംവിധാനമൊരുക്കുമായിരുന്നെന്ന് 2001-2002 കാലയളവിൽ അവിടെ പ്രിൻസിപ്പലായിരുന്ന പ്രഫ. എസ്. വർഗീസ്. ഇടത് അധ്യാപക സംഘടനയാണ് അതിന് എല്ലാ ഒത്താശയും ചെയ്തുകൊടുത്തിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പ്രഫ. എസ്. വർഗീസിന്റെ ഓർമകളിലൂടെ:
പ്രിൻസിപ്പലും അധ്യാപകരും എസ്എഫ്ഐക്കാരുടെ ആജ്ഞാനുവർത്തികളായിരുന്ന ഒരു കാലത്താണ് ഞാൻ 2001 ൽ അവിടെ പ്രിൻസിപ്പലായി ചാർജെടുത്തത്. അവർക്കെതിരേ പ്രവർത്തിച്ചാൽ അവരുടെ കണ്ണിലെ കരടാകുമെന്ന് ഉറപ്പായിരുന്നു. എങ്കിലും കോളജിന്റെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചു മാത്രമാണു പ്രവർത്തിച്ചത്.
കോളജിലെ എസ്എഫ്ഐയുടെ സംഘടനാ സംവിധാനം എന്തു മോശം പ്രവർത്തനങ്ങളും നടത്താൻ പ്രാപ്തമായിരുന്നു. അതിനുവേണ്ട രാഷ്ട്രീയ പിന്തുണയും അവർക്കു ലഭിക്കുന്നു. യുജിസി നൽകിയ ഫണ്ട് ഉപയോഗിച്ചു നിർമിച്ച കെട്ടിടത്തിലാണ് എസ്എഫ്ഐയുടെ യൂണിയൻ ഓഫീസ് പ്രവർത്തിക്കുന്നത്. ക്ലാസ് സമയത്തും ഈ ഓഫീസ് സജീവം.
ഒരിക്കൽ ക്ലാസ് സമയത്തുള്ള യൂണിയൻ ഓഫീസിന്റെ പ്രവർത്തനം തടഞ്ഞു. ക്ലാസ് സമയത്ത് ഓഫീസ് പൂട്ടിക്കൊണ്ടായിരുന്നു തുടക്കം. ക്ലാസ് കഴിഞ്ഞു തുറന്നുകൊടുക്കും. വലിയ ഭീഷണിയാണ് എസ്എഫ്ഐയിൽ നിന്ന് ഉണ്ടായത്. പിന്നീട് വൈകുന്നേരം ഏഴുവരെ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി നൽകി. എന്നാൽ, അവർ സമ്മതിച്ചില്ല. ഈ മുറികളിൽ രാത്രിയും പതിനഞ്ചോളം പേർ സ്ഥിരതാമസമുണ്ടായിരുന്നുവെന്നു പരിശോധനയിൽ കണ്ടെത്തിയിരുന്നു.
വിദ്യാർഥികളിൽനിന്നു പണവും മദ്യവും വാങ്ങി നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു സഹായിക്കുന്ന അധ്യാപകർ പോലും യൂണിവേഴ്സിറ്റി കോളജിലുണ്ടായിരുന്നു. കോളജിൽ നടക്കുന്ന കൂട്ടകോപ്പിയടി ആർക്കും പുതുമയുള്ള കാര്യമല്ല. കോളജിലെ അധ്യാപകർ മാത്രമല്ല അനധ്യാപകരും ഇതിനു പിന്തുണ നൽകുന്നു. യൂണിവേഴ്സിറ്റിയുടെ പ്രധാന പരീക്ഷകൾക്കു ബെഞ്ചിൽ നമ്പരിടുന്ന പ്യൂണ് മുതൽ ഇൻവിജിലേറ്റർമാർ വരെയുള്ളവർ ഇവരുടെ കളിപ്പാവകളാണ്.
എസ്എഫ്ഐക്കാർക്കു കോപ്പിയടിക്കാനായി മെയിൻ ബ്ലോക്കിനു പിന്നിലെ ഗാലറിയിലാണു പ്രത്യേക സംവിധാനമൊരുക്കുന്നത്. ഇവിടെ നിയോഗിക്കപ്പെടുന്ന ഇൻവിജിലേറ്റർമാർ നിർവഹിക്കുന്നതു യൂണിവേഴ്സിറ്റി ഏല്പിക്കുന്ന ജോലിയല്ല, മറിച്ച് എസ്എഫ്ഐ ഏല്പിക്കുന്ന ജോലിയാണ്. പാഠപുസ്തകങ്ങളും ഗൈഡുകളും ഉപയോഗിച്ചു കോപ്പിയടിക്കുക മാത്രമല്ല ഇവർ ചെയ്യുന്നത്. എഴുതി തയാറാക്കിയ ഉത്തരക്കടലാസുകൾ ചോദ്യനമ്പർ ഇട്ട് പ്രധാന ഷീറ്റിനൊപ്പം ചേർക്കുകയും ചെയ്യും.
ഇടത് അധ്യാപക സംഘടനയാണ് ഇവർക്ക് എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുന്നത്. എന്തു കാണിച്ചാലും അവർ തടയില്ല. എസ്എഫ്ഐക്കാരായ വിദ്യാർഥികൾക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനുള്ള തന്റേടം പ്രിൻസിപ്പൽമാർ കാണിക്കാറുമില്ല. പേടിച്ചിട്ടാണ്.
ഒരിക്കൽ കോളജിൽ യൂണിവേഴ്സിറ്റി പരീക്ഷ നടക്കുന്നതിനിടെ യൂണിവേഴ്സിറ്റിയുടെ എക്സ്റ്റേണൽ സ്ക്വാഡ് പരിശോധനയ്ക്കെത്തി. നിരവധി വിദ്യാർഥികളുടെ കോപ്പിയടി പിടികൂടി. രേഖകളുമായി പുറത്തേക്കുപോയ അധ്യാപകരെ കോളജ് ഗേറ്റിൽ എസ്എഫ്ഐക്കാർ തടഞ്ഞു. അന്ന് ക്രൂരമായാണ് ആ അധ്യാപകരെ മർദിച്ചത്.
കോളജിലെ നല്ലൊരു വിഭാഗം അഡ്മിഷനും എസ്എഫ്ഐയുടെ ഓഫീസിലാണു നടന്നിരുന്നത്. ഇതിനായി കുട്ടികളെയും മാതാപിതാക്കളെയും ആദ്യം എത്തിക്കുന്നതു യൂണിയൻ ഓഫീസിലാണ്. പ്രിൻസിപ്പലിന്റെ ഓഫീസിനു മുന്നിലും മേശയിട്ട് എസ്എഫ്ഐ പ്രവർത്തകർ ഇരിക്കും. അഡ്മിഷനൊപ്പം യൂണിയൻ ഫണ്ടിലേക്കുള്ള പണപ്പിരിവും നടത്തും. ഇതിനെ ഞാൻ എതിർത്തു. അപ്പോഴാണ് കോളജ് പ്രവേശനത്തിൽ ക്രമക്കേട് നടത്തിയെന്ന ആരോപണവുമായി എനിക്കെതിരേ അവർ രംഗത്തുവന്നത്.
ഞാൻ പ്രിൻസിപ്പലായി വന്ന കാലത്ത് യൂണിവേഴ്സിറ്റി കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പിനു നോമിനേഷൻ കൊടുക്കാൻ പോലും സാധാരണ വിദ്യാർഥികൾക്കു ഭയമായിരുന്നു. എന്നാൽ, ഞാൻ ഒരു വിട്ടുവീഴ്ചയ്ക്കും തയാറായില്ല. ആ വർഷം സാധാരണ രീതിയിൽ തെരഞ്ഞെടുപ്പു നടന്നു. എസ്എഫ്ഐക്കൊപ്പം കെഎസ്യുവും മത്സരിച്ചു. ഇലക്ഷൻ ദിവസം കോളജിലേക്കു വന്ന എന്റെ കാർ എസ്എഫ്ഐക്കാർ തടഞ്ഞു. പിന്നീട് കാർ ജൂബിലി ആശുപത്രിയുടെ മുന്നിലിട്ടിട്ടു നടന്നാണ് കോളജിലേക്കു പോയത്.
എസ്എഫ്ഐക്കാർ തീർത്ത ബാരിക്കേടുകൾക്കിടയിലൂടെയാണ് അന്നു കോളജിൽ പ്രവേശിച്ചത്. എസ്എഫ്ഐക്ക് വോട്ടു ചെയ്യുമെന്നുറപ്പുള്ളവരെ മാത്രമായിരുന്നു അന്ന് അവർ അകത്തേക്കു കടത്തിവിട്ടത്. 3500 ഓളം പേർ പഠിക്കുന്ന കോളജിൽ അന്ന് വോട്ടു ചെയ്തത് ആയിരത്തിൽ താഴെ വിദ്യർഥികൾ മാത്രം. അന്നും വിജയം എസ്എഫ്ഐക്കു തന്നെ.
ഒരു ദിവസം പോലും ക്ലാസിൽ കയറാത്ത കുട്ടികൾക്കു മുഴുവൻ ഹാജരും ഇതിനുള്ള ഇന്റേണൽ മാർക്കും ലഭിക്കും. സ്പോർട്സിൽ ഒന്നും അറിയാത്തവർക്കും സ്പോർട്സ് ക്വോട്ടയിൽ സർട്ടിഫിക്കറ്റും അതിനുള്ള വെയിറ്റേജും കിട്ടും. എല്ലാം നടക്കുന്നതു യൂണിവേഴ്സിറ്റി കോളജിൽ മാത്രം: പ്രഫ. വർഗീസ് പറഞ്ഞുനിർത്തി.
തയാറാക്കിയത്:റിച്ചാർഡ് ജോസഫ്