തൃശൂർ: കാർഷിക സർവകലാശാലയുടെ ചാലക്കുടി അഗ്രോ ണോമിക് ഗവേഷണ കേന്ദ്രം മേധാവി പ്രഫസർ ഇ. ശ്രീനിവാസൻ മാനഭംഗ കേസിൽ ജയിലിലായി അഞ്ചു ദിവസം പിന്നിട്ടിട്ടും കാർഷിക വാഴ്സിറ്റി പകരം മേധാവിയെ നിയമിച്ചില്ലെന്നും ശ്രീനിവാസനെതിരെ നടപടി എടുക്കുന്നില്ലെന്നും ആക്ഷേപം. മേധാവിയില്ലാതെ ചാലക്കുടി ഗവേഷണ കേന്ദ്രത്തിലെ ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റിയ അവസ്ഥയിലാണ്.
ഒക്ടോബറിൽ നൽകേണ്ട ശന്പളം മുടങ്ങാനും സാധ്യയുണ്ടെന്നു പറയുന്നു. സർവകലാശാലയുടെ വകുപ്പ് 19 പ്രകാരം ക്രിമിനൽ കുറ്റത്തിനു 48 മണിക്കൂറിൽ അധികം വാഴ്സിറ്റി ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ കഴിഞ്ഞാൽ അയാളെ സസ്പെൻഡ് ചെയ്തിരിക്കണം. എന്നാൽ മാധ്യമങ്ങൾ രേഖാമൂലം വാർത്ത നൽകി നാലു ദിവസം കഴിഞ്ഞിട്ടും സർവകലാശാല അറിഞ്ഞമട്ടു കാണിക്കുന്നില്ല.
വാഴ്സിറ്റി ഗവേഷണ വിഭാഗം ഡയറക്ടറുടെ ഭരണനിയന്ത്രണത്തിലാണു ചാലക്കുടി ഗവേഷണ കേന്ദ്രം. പത്രവാർത്ത വന്നിട്ടും ഇതേക്കുറിച്ചു അന്വേഷിക്കാനോ റിപ്പോർട്ടു നൽകാനോ ഗവേഷണ വിഭാഗം മേധാവി ഇതുവരെ തയാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്. അതേസമയം ചാലക്കുടി പോലീസ് ശനിയാഴ്ച എഫ്ഐആർന്റെ പകർപ്പ് രജിസ്ട്രാർക്ക് തപാലിൽ അയച്ചിട്ടുണ്ട്. ചാലക്കുടി ഗവേഷണ കേന്ദ്രത്തിൽ ഇതിന്റെ പകർപ്പു നൽകിയതു വെള്ളാനിക്കരയിൽ ശനിയാഴ്ച എത്തിച്ചിട്ടുണ്ട്.
ഓടിക്കൊണ്ടിരുന്ന ബസിൽ ശ്രീനിവാസൻ പെണ്കുട്ടിയെ അപമാനിച്ചു എന്നാണു കേസ്. നേരത്തെ താൽകാലിക ജോലിയിലുണ്ടായിരുന്ന ജീവനക്കാരിയെ പീഡിപ്പിച്ചതിനും 2011 ൽ ശ്രീനിവാസനെ സസ്പെൻഡ് ചെയ്തിരുന്നു. അന്നും സർവകലാശാലയിലെ ഉദ്യോഗസ്ഥ പ്രമുഖരുടെ സഹായത്തോടെ ആറു മാസം തികയുംമുൻപ് 2011 ജൂലൈ നാലിനു ശ്രീനിവാസൻ തിരികെ ജോലിയിൽ കയറുകയാ യിരുന്നു.
ഇത്ര വലിയ കുറ്റം ചെയ്തിട്ടും അന്നു പോലീസിൽ പരാതി കൈമാറാൻ സർവകലാശാല തയാറായില്ല. എല്ലാ പൂർവ ചരിത്രവും അറിഞ്ഞു കൊണ്ടു തന്നെയാണ് 2016 ഡിസംബറിൽ രാഷ്ട്രീയ നിർദേശത്തെ തുടർന്നു ശ്രീനിവാസനെ പ്രമുഖ ഗവേഷണ കേന്ദ്രമായ ചാലക്കുടി അഗ്രോണോമിക് റിസർച്ച് സ്റ്റേഷന്റെ മേധാവിയായി സർവകലാശാല നിയമിച്ചത്.