കണ്ണൂർ: പ്രഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത സവാദ് കണ്ണൂരിലേക്കെത്തിയത് വിവിധ സംസ്ഥാനങ്ങളിൽ കറങ്ങിത്തിരിഞ്ഞ് ബംഗളൂരിലെത്തിയശേഷം. നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് എന്ന സംഘടനാംഗമായ സവാദിന് ഇത്രയും കാലം ഒളിച്ചു കഴിയാൻ എവിടെ നിന്നൊക്കെ സഹായം ലഭിച്ചിട്ടുണ്ടെന്ന കാര്യം എൻഐഎ അന്വേഷിച്ചുവരികയാണ്.
സഹായം നൽകിയവരും കുടുങ്ങുമെന്നാണ് വിവരം. പോപ്പുലർ ഫ്രണ്ട് നേതാക്കളായിരുന്നവരും ഇന്ത്യയിലും വിദേശത്തുമുള്ള പോപ്പുലർ ഫ്രണ്ട് അനുയായികളും അന്വേഷണ പരിധിയിലുണ്ട്. കേരള പോലീസും ഇക്കാര്യങ്ങളിൽ അന്വേഷണം ആരംഭിച്ചു.
കൈവെട്ടു കേസിലെ പ്രതി വർഷങ്ങളായി കേരളത്തിൽ ഒളിവിൽ കഴിഞ്ഞുവന്നത് കണ്ടെത്താനായില്ലെന്നത് കേരള പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയായാണ് വിലയിരുത്തുന്നത്.
കൈവെട്ടിയ സംഭവത്തിനുശേഷം വെട്ടാനുപയോഗിച്ച ആയുധവുമായി ഒളിവിൽ പോയ സവാദിനെക്കുറിച്ച് വ്യാപക അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. മറ്റൊരു പ്രതിയായ നാസറിനൊപ്പമായിരുന്നു ഒളിവിൽ പോയത്.
കൂട്ടുപ്രതി പിന്നീട് പോലീസിൽ കീഴടങ്ങിയെങ്കിലും സവാദിനെക്കുറിച്ച് ഇയാളിൽനിന്നു കൂടുതൽ വിവരങ്ങളൊന്നും കിട്ടിയിരുന്നില്ല.ഇതിനിടെ പ്രതി അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും കടന്നതായി വിവരമുണ്ടായിരുന്നു.
നേപ്പാളിലും ഒളിവിൽ കഴിഞ്ഞതായും പറയുന്നു. വ്യാജ പാസ്പോർട്ട് ഉപയോഗിച്ചോ അല്ലെങ്കിൽ അതിർത്തി സംരക്ഷണസേനയുടെ കണ്ണുവെട്ടിച്ചോ ആയിരിക്കാം ഇയാൾ രാജ്യം വിട്ടതും തിരിച്ചെത്തിയതുമെന്നാണ് കരുതുന്നത്. അതേസമയം ഇയാളുടെ വിദേശവാസം കേസന്വേഷണം വഴിതിരിച്ചുവിടാനുള്ള ആസൂത്രിതമായ വ്യാജപ്രചാരണമായിരുന്നോ എന്നും സംശയമുണ്ട്.
ബംഗളൂരുവിൽനിന്നാണ് ഇയാൾ കാസർഗോഡ് എത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. കാസർഗോട്ട് ഷാനവാസ് എന്ന പേരിലായിരുന്നു കഴിഞ്ഞത്. കാസർഗോഡ് സ്വദേശിനിയെ വിവാഹം കഴിക്കുന്പോൾ മഹല്ല് കമ്മിറ്റിയിൽ ഷാനവാസ് എന്നാണ് പേര് പറഞ്ഞത്.
സാധാരണഗതിയിൽ മുസ്ലിം വിവാഹത്തിൽ വരന്റെ മഹല്ല് കമ്മിറ്റിയിൽനിന്നുള്ള കത്ത് വധുവിന്റെ മഹല്ല് കമ്മിറ്റിയിൽ ഹാജരാക്കേണ്ടതുണ്ട്. സവാദിന്റെ കാര്യത്തിൽ ഇത്തരത്തിൽ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടോ എന്നതും പരിശോധിച്ചു വരികയാണ്.
കാസർഗോഡ് നിന്നു കണ്ണൂർ ജില്ലയിലെ വളപട്ടണത്തും പിന്നീട് മട്ടന്നൂരിനടുത്ത വിളക്കോടും താമസിച്ചശേഷമാണ് ബേരത്തെ വാടകവീട്ടിലെത്തുന്നത്. വാടകവീടുകൾ എടുത്ത് നൽകാൻ ആരൊക്കെ സഹായിച്ചിട്ടുണ്ടെന്നതും പരിശോധിച്ചുവരികയാണ്.
മട്ടന്നൂരിലും വിളക്കോടും താമസിച്ചു വരുന്പോൾ ഷാജഹാൻ എന്ന പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. വാടകയ്ക്ക് താമസിച്ചിടങ്ങളിലെല്ലാം ഭാര്യയുടെ പേരിലാണ് വീടുകൾ എടുത്തിരുന്നത്.
തന്റെ പേരിൽ വാടക വീടെടുക്കുന്പോൾ തിരിച്ചറിയിൽ കാർഡുൾപ്പെടെയുള്ള നൽകേണ്ടി വരുമെന്നതിനാൽ ഇതൊഴിവാക്കാനാണ് ഭാര്യയുടെ പേരിൽ വാടക കരാറുണ്ടാക്കിയെന്നാണ് പോലീസ് വിലയിരുത്തുന്നത്.
ഇയാൾ പരസ്യമായി ഫോണുപയോഗിക്കാറില്ലെങ്കിലും പണിസ്ഥലങ്ങളിൽ ഇയാൾക്ക് ഫോൺ വരുന്നതായി കൂടെ ജോലി ചെയ്തിരുന്നവർ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ആരുടെ പേരിലുള്ള സിം ആണ് ഇയാൾ ഉപയോഗിച്ചതെന്നും പരിശോധിച്ചു വരികയാണ്.
മൂത്തകുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ഷാജഹാൻ എന്നാണ് രേഖപ്പെടുത്തിയത്. രണ്ടാമത്തെ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിൽ സവാദ് എന്നുമാണ് രേഖപ്പെടുത്തിയത്. ഇതാണ് അന്വേഷണത്തിന് തുന്പായി മാറിയത്.